പ്രിയപ്പെട്ട മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (MAGH) അംഗങ്ങള്‍ക്ക്:
2014-ലെ ഇലക്‌ഷനോടനുബന്ധിച്ച് നമ്മുടെ അസ്സോസിയേഷന് അഭിമുഖീകരിക്കേണ്ടിവന്ന തിക്താനുഭവങ്ങള്‍ നിങ്ങളേവര്‍ക്കും അറിവുള്ളതാണെന്ന് വിശ്വസിക്കുന്നു. അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നകലുഷിതമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ കുത്സിതശ്രമങ്ങളും നുണപ്രചരണങ്ങളും നടത്തുകയും ചെയ്തത് സത്യമാണ്. പക്ഷെ, അവയൊന്നും മറുപടി അര്‍ഹിക്കുന്നവയല്ല എന്നതുകൊണ്ടും, അത്തരം നുണപ്രചാരണങ്ങള്‍ക്ക് മറുപടി കൊടുത്ത് സാമൂഹ്യരംഗം മലീമസപ്പെടുത്തുവാന്‍ മുതിരേണ്ടെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എങ്കിലും, ഈ സംഘടനയുടെ വളര്‍ച്ചയിലും കെട്ടുറപ്പിലും ആത്മാര്‍ത്ഥതയോടെ എന്നെന്നും നിലകൊണ്ടിട്ടുള്ള അംഗങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ട കടമ ഞങ്ങള്‍ക്കുണ്ട് എന്ന വിശ്വാസത്തിലാണ് ഈ കുറിപ്പ്.
ഇലക്‌ഷന്‍ കമ്മിറ്റി
ഈ അസ്സോസിയേഷന്‍ രൂപീകരിച്ചതുമുതല്‍ 2012 വരെ അനുവര്‍ത്തിച്ചുപോന്നിരുന്ന അതേ നടപടിക്രമങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും ചെയ്തത്. അപ്രകാരം ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടുകയും ഇലക്‌ഷന്‍ കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഈയവസരത്തില്‍ ഇപ്പോള്‍ അസ്സോസിയേഷനെതിരെ കോടതിയില്‍ കേസ് കൊടുത്തവരില്‍ മുഖ്യനായ ഒരു വ്യക്തി അസ്സോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പല പ്രാവശ്യം വിളിച്ച് അദ്ദേഹത്തെ ഇലക്‌ഷന്‍ കമ്മീഷണറാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ ചെയ്യാത്ത പക്ഷം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്ന ചില സ്ഥാനാര്‍ത്ഥികള്‍ക്ക് "പണി കൊടുക്കും" എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനയ്ക്കനുസൃതമായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് അഭികാമ്യമല്ല എന്ന ചിന്ത കൊണ്ടാണ് മുന്‍പ് രണ്ടുപ്രാവശ്യം അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പ് സ്തുത്യര്‍ഹമായ രീതിയില്‍ നടത്തിയ അനില്‍ ആറന്മുള, ബാബു ജോസഫ്, ജയിംസ് ചാക്കോ എന്നിവരെ ആ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ചുമതലപ്പെടുത്തിയത്. 2013 മുതല്‍ പ്രാബല്യത്തില്‍ വന്ന ഭരണഘടനയനുസരിച്ച് ഇവരുടെ നിയമനം പൊതുയോഗത്തില്‍ ഭൂരിപക്ഷം അംഗീകരിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍
2013-ല്‍ അധികാരമേല്‍ക്കുമ്പോള്‍ നമ്മുടെ ചിരകാല സ്വപ്നമായ 'കേരളാ ഹൗസി'ന്റെ മോര്‍ട്ട്ഗേജ് അടച്ചുതീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ബോര്‍ഡ് അംഗങ്ങളുടെ അശ്രാന്തപരിശ്രമ ഫലമായി സ്വരൂപിച്ച പണംകൊണ്ട് ആ ആഗ്രഹം സാധിപ്പിക്കുകയും ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായ 'കേരളാ ഹൗസ്' അവര്‍ക്ക് സ്വന്തമാകുകയും ചെയ്തു. 'മാഗിന്റെ' വളര്‍ച്ചയില്‍ ആത്മാര്‍ത്ഥതയോടെ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഹൂസ്റ്റണ്‍ നിവാസികളായ നിങ്ങളോരോരുത്തര്‍ക്കും, വരുംതലമുറകള്‍ക്കും അഭിമാനത്തോടെ പറയാവുന്ന ഈ ചരിത്രനേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ഒരു നിസ്സാര കാര്യമായി മലയാളികള്‍ കാണുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
ഇന്ന് ആരോപണം ഉന്നയിക്കുകയും, കേസ് കൊടുക്കുകയും ചെയ്തവരില്‍ തയ്യില്‍ തോമസും, പൊന്നു പിള്ളയുമൊഴികെ മറ്റാര്‍ക്കും ഈ അസ്സോസിയേഷന്റെ അനന്യസാധാരണമായ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ഭ്രംശമോ സമയ നഷ്ടമോ ഉണ്ടായിട്ടില്ല എന്നുള്ളത് സത്യമാണ്. അങ്ങനെയുള്ള വ്യക്തികള്‍ക്ക് ആക്ഷേപങ്ങളുന്നയിക്കാന്‍ യാതൊരു മടിയുമുണ്ടായിരിക്കുകയില്ല എന്നത് സ്വാഭാവികം മാത്രം.
'കേരളാ ഹൗസ്' കൂടുതല്‍ മലയാളികളിലേക്കെത്തിക്കുകയും,ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ കാര്‍ണിവല്‍ ധാരാളം പേരെ ആകര്‍ഷിക്കുകയും, ജാതിമതഭേദമന്യേ നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തു. കാര്‍ണിവലില്‍ വ്യത്യസ്ഥമായ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുമ്പോള്‍ അതിനെ അധിക്ഷേപിച്ചവരോട് പ്രബുദ്ധരായ മലയാളികളും കലാകാരന്മാരും മറുപടി പറയട്ടെ. കാര്‍ണിവലിനെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനെന്ന് സ്വയം അഭിമാനിക്കുകയും ഇപ്പോള്‍ അസ്സോസിയേഷനെതിരെ കേസ് കൊടുത്തവരില്‍പെട്ട വ്യക്തിയുമായ എ.സി. ജോര്‍ജ് എഴുതിയ ലേഖനം മാത്രം മതിയാകും കാര്‍ണിവലിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍.
വോട്ടേഴ്സ് ലിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുത്തില്ല എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യാതെ വോട്ടേഴ്സ് ലിസ്റ്റ് കൊടുക്കാന്‍ കഴിയില്ല എന്ന് അസ്സോസിയേഷന്‍ തീരുമാനിച്ചതാണ്. എന്നാല്‍, ഇലക്‌ഷന്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചയുടനെ വോട്ടേഴ്സ് ലിസ്റ്റ് എല്ലാവര്‍ക്കും നല്‍കുന്നതാണെന്ന് അറിയിച്ചിരുന്നു. അസ്സോസിയേഷനെതിരായി കേസ് കൊടുത്ത എ.സി. ജോര്‍ജ്ജ് വോട്ടേഴ്സ് ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തു. വോട്ടേഴ്സ് ലിസ്റ്റ് കിട്ടിയില്ല എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. മറ്റുള്ളവരാകട്ടേ അഭ്യര്‍ത്ഥന നിരാകരിക്കുകയും വോട്ടേഴ്സ് ലിസ്റ്റ് കൈപ്പറ്റാന്‍ വിസമ്മതിക്കുകയും ചെയ്തു.
അസ്സോസിയേഷന്റെ കണക്കുകള്‍
ഭരണഘടനാ ഭേദഗതി അവതരിപ്പിക്കുവാന്‍ കൂടിയ കഴിഞ്ഞ പൊതുയോഗത്തില്‍ അന്നുവരെയുള്ള കണക്കിന്റെ കരടുരൂപമാണ് ട്രഷറര്‍ അവതരിപ്പിച്ചത്. പൂര്‍ണ്ണമായി ഓഡിറ്റ് ചെയ്ത കണക്കുകള്‍ അതുപോലെയുള്ള ഒരു യോഗത്തില്‍ അവതരിപ്പിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നതല്ല എന്ന സാമാന്യബോധം എല്ലാവര്‍ക്കുമുണ്ടാകും എന്നാണ് ഞങ്ങളുടെ വിശ്വാസം. അന്ന് ട്രഷറര്‍ അവതരിപ്പിച്ച കണക്കുകളുടെ വിശദാംശങ്ങള്‍ എല്ലാവരും അംഗീകരിച്ചതുമാണ്.
വികസന പ്രവര്‍ത്തനങ്ങള്‍
വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമായത് നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയുക്തമാകും വിധം അസ്സോസിയേഷന്റെ ആസ്ഥാനമായ കേരള ഹൗസ് പുനരുദ്ധരിച്ചതാണ്. ഗ്യാരേജ് വൃത്തിയാക്കി മോടിപിടിപ്പിച്ച് ഒരു ഇന്‍ഡോര്‍ കോര്‍ട്ട് രീതിയിലാക്കി. ദിവസേന രാവിലേയും വൈകീട്ടും അംഗങ്ങള്‍ വിവിധതരം സ്പോര്‍ട്സിനായി അതുപയോഗിക്കുന്നു.
അസ്സോസിയേഷന്‍ ആരംഭിച്ച മലയാളം ക്ലാസ് ഭംഗിയായി നടക്കുന്നു. ഏകദേശം 52 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ക്ലാസ് അഭംഗുരം തുടരുന്നു. ക്ലാസിന്റെ ആവശ്യത്തിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഹാള്‍ നിര്‍മ്മിച്ചു. 6000 ഡോളറില്‍ താഴെ മാത്രമാണ് അസ്സോസിയേഷന്‍ ഫണ്ടില്‍ നിന്ന് അതിനായി ചിലവായത്.
കേരളാ ഹൗസിനു ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിയിച്ച് അവിടെ അംഗങ്ങളുടെ സഹകരണത്തോടെ കൃഷിയിറക്കുക വഴി പരിസരം വൃത്തിയാകുക മാത്രമല്ല, ഏതു സമയത്തും ഭയരഹിതരായി കടന്നുവരാനും സഹായകമാകുകയും ചെയ്തു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് കൃതാര്‍ത്ഥതയുണ്ട്. തന്നെയുമല്ല, അംഗങ്ങള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനും ഞങ്ങള്‍ക്ക് സാധിച്ചത് നേട്ടം തന്നെയാണെന്ന് വിശ്വസിക്കുന്നു.
ഒരു സംഘടനയുടെ വളര്‍ച്ചയുടെ നെടുംതൂണുകളായി നിലകൊള്ളേണ്ടത് അതിന്റെ പ്രവര്‍ത്തകരാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ വളര്‍ന്നതും അങ്ങനെയുള്ള പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം ഒന്നുകൊണ്ടു മാത്രമാണ്. ഈ സംഘടനയെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി സുമനസ്സുകള്‍ ഇന്ന് ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുണ്ട്. അങ്ങനെ വളര്‍ന്നു വന്ന ഈ സംഘടനയുടെ കെട്ടുറപ്പും കൂട്ടായ്മയും ഇല്ലായ്മ ചെയ്യാനും, സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് സംഘടനയെ വിഭിന്ന ദിശയിലേക്ക് നയിക്കാനും ഒരു ന്യൂനപക്ഷം പ്രവര്‍ത്തിച്ചതിന്‍റെ തിക്തഫലമാണ് ഇലക്‌ഷന്‍ നടക്കേണ്ട ദിവസത്തിനു തലേന്ന് രാത്രി ഏഴു മണിക്ക് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചത്. ഈ പ്രവര്‍ത്തികൊണ്ട് സമാധാനകാംക്ഷികളായ അംഗങ്ങള്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.
അതിലേറെ രസകരം, ഇലക്‌ഷന്‍ കമ്മീഷനെ അംഗീകരിച്ച് നോമിനേഷന്‍ സമര്‍പ്പിക്കുകയും, കമ്മീഷന്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്തതിനു ശേഷമാണ് ഇക്കൂട്ടര്‍ കോടതിയില്‍ പോയതെന്നാണ് ! ഇലക്‌ഷനില്‍ ക്രമക്കേടുണ്ടെന്നു കണ്ടതിനെത്തുടര്‍ന്ന് ഇലക്‌ഷന്‍ തടഞ്ഞു എന്ന വ്യാജപ്രചരണം കോടതിയലക്ഷ്യമാണെന്ന് ഞങ്ങള്‍ കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ തെളിവുകളും രേഖാമൂലം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുമുണ്ട്. 'സത്യമേവ ജയതേ' എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് കോടതിയെ പൂര്‍ണ്ണ വിശ്വാസമുണ്ട്. സത്യമേ ജയിക്കൂ.
ഇത്രയും പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിട്ടും ക്രിസ്മസ്-പുതുവത്സരാഘോഷം പൂര്‍വ്വാധികം ഭംഗിയാക്കാനും അംഗങ്ങള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. അതോടൊപ്പം, ഞങ്ങളോടൊപ്പം നിന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ നിങ്ങളെ ഓരോരുത്തരേയും നന്ദിയോടെ സ്മരിക്കുന്നു. ഇലക്‌ഷനോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളും അതുമൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും പ്രസിഡന്റ് എന്ന നിലയില്‍ ക്ഷമാപണം ചെയ്യാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
സഹൃദയരായ ഒട്ടേറെ പ്രഗത്ഭരാല്‍ വളര്‍ത്തി വലുതാക്കിയ ഈ അസ്സോസിയേഷന് ഇപ്പോള്‍ കടബാദ്ധ്യത ഒന്നുംതന്നെയില്ല. സംഘടനയുടെ അധികാരസ്ഥാനങ്ങളിലേക്ക് കുറുക്കുവഴിയിലൂടെ ഓടിക്കയറാനുള്ള ശ്രമം വിഫലമായപ്പോള്‍ സംഘടനയെത്തന്നെ കോടതിയിലേക്ക് വലിച്ചിഴച്ച ന്യൂനപക്ഷത്തിന്റെ ഉദ്ദേശ്യശുദ്ധിയെ നിങ്ങള്‍ തന്നെ വിലയിരുത്തുക.
ബാങ്ക് ലോണ്‍ ബാദ്ധ്യതയുണ്ടായിരുന്ന മുന്‍ വര്‍ഷങ്ങളില്‍ ഇവരില്‍ പലരും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയോ ബാദ്ധ്യതകളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ അസ്സോസിയേഷനേയും അതിന്റെ സ്ഥാവരജംഗമ സ്വത്തുക്കളേയും പരിരക്ഷിക്കുക എന്ന കടമകൂടി നമുക്കുണ്ട്. അതിനായി ഒന്നുമില്ലായ്മയില്‍ നിന്ന് ഈ സംഘടനയെ വളര്‍ത്തി വലുതാക്കാന്‍ കഴിഞ്ഞ 26 വര്‍ഷക്കാലം അക്ഷീണം പ്രയത്നിച്ച ഇതിന്റെ മുന്‍കാല പ്രവര്‍ത്തകരോട് ഞങ്ങള്‍ ധാര്‍മ്മികമായി കടമപ്പെട്ടിരിക്കുകയാണ്. ആ കര്‍ത്തവ്യം നിറവേറ്റാന്‍ നിങ്ങളോരോരുത്തരുടേയും സഹകരണമാണ് ഞങ്ങള്‍ക്ക് വേണ്ടത്. പൂര്‍വ്വികരാല്‍ പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനം ചില കുബുദ്ധികളുടെ കുത്സിതശ്രമത്തിലൂടെ തകരുവാന്‍ നാം അനുവദിക്കണമോ?
വിധേയപൂര്‍വ്വം,
കെന്നഡി ജോസഫ്, പ്രസിഡന്റ്
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ (MAGH)
Comments