കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലയിലെ സെന്റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിനു കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് അഞ്ച് ഡയാലിസിസ് മെഷിന്‍ നല്‍കും. 35 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയുടെ ആദ്യവിഹിതമായി പത്ത് ലക്ഷം രൂപ 5ന് വൈകിട്ട് 6.30ന് അബ്ബാസിയ മറീന ഹാളില്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 40ാം വാര്‍ഷികാഘോഷത്തില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുവന്തപുരം ആര്‍.സി.സി., പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാന്‍സര്‍ കെയര്‍ സെന്റര്‍, കോട്ടയം കാരുണ്യ എന്നിവയുമായി സഹകരിച്ച് അഞ്ച് വര്‍ഷമായി നടത്തിവരുന്ന കാന്‍സര്‍ ചികിത്സാ പദ്ധതിയുടെ സമാപന പ്രഖ്യാപനവും ഇന്ന് നടത്തും. അഞ്ച് വര്‍ഷത്തിനിടെ 480 രോഗികള്‍ക്കായി 60 ലക്ഷം രൂപ സഹായം നല്‍കിയിട്ടുണ്ട്. ആഘോഷ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ നാഷണല്‍ ഇവാന്‍ജലിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നേര്‍ച്ചയും നടത്തി.
മറീന ഹാളില്‍ വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, മനുഷ്യാവകാശ കമ്മീഷന്‍ ജസ്‌റിസ് ബഞ്ചമിന്‍ കോശി, കോട്ടയം മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയം മേധാവി ഇഞ്ചക്കാട്ട് ജോര്‍ജ്ജ് കോര്‍എപ്പിസ്‌കോപ്പാ, അടൂര്‍കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും.
Comments