You are Here : Home / USA News

ഇന്ത്യാ മഹാരാജ്യത്തിന്‍റെ യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ പങ്കാളികളാവുക (ഫിലിപ്പ്‌ മരേട്ട്‌)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 05:56 hrs UTC

2014ല്‍ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യത്തിലേയ്‌ക്കുള്ള ഒരു തിരിച്ചു വരവായി ഇതിനെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. ജനാതിപത്യം നിലനില്‌ക്കുന്ന നമ്മുടെ രാജ്യത്ത്‌ ജനങ്ങളില്‍ ഒരാളായി നിലനിന്നുകൊണ്ടു അവരുടെ നന്മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു വ്യക്തി ആയിരിക്കണം യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ എന്ന കാര്യം നാം വിസ്‌മരിക്കരുത്‌. ഭരണപ്രതി പക്ഷം എന്ന്‌ വ്യത്യാസമില്ലാതെ നമ്മെ ഭരിച്ചു മുടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും കളങ്കമില്ലാത്ത യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെയെന്ന്‌ കാണിച്ചു കൊടുക്കുവാന്‍ ഇന്ത്യന്‍ ജനതയ്‌ക്ക്‌ ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു.

അരവിന്ദ്‌ കേജരിവാളിന്‍റെ ആം ആദ്‌മി പാര്‍ട്ടി ഇതിനു തുടക്കം കുറിച്ചു എന്ന്‌ വേണം കരുതാന്‍. കഴിഞ്ഞ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്‌ചവച്ച ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഭുരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ രൂപീകരിച്ചു, കോണ്‍ഗ്രസിന്റെ പുതിയ ടീമാണ്‌ അരവിന്ദ്‌ കേജരിവാളിന്റെ ആം ആദ്‌മി പാര്‍ട്ടി എന്നും അതുകൊണ്ടുതന്നെ ഇത്‌ മൂന്ന്‌ മാസം പിന്നിടില്ലെന്നും ബിജെപി നേതാവ്‌ നിതിന്‍ ഗഡ്‌കരി പറഞ്ഞുവെങ്കിലും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതുപോലെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി.

മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദ്ധധാരിയായ 45 വയസ്സ്‌ ഉള്ള അരവിന്ദ്‌ കേജരിവാള്‍ ഇന്‍കം ടാക്‌സ്‌ വിഭാഗത്തില്‍ ജോയിന്റ്‌ കമ്മീഷണര്‍ ആയി സേവനമനുഷ്ടിച്ചു വരവേ 1999ല്‍ സാധാരണക്കാരെ സഹായിക്കാന്‍ വേണ്ടി 'പരിവര്‍ത്തന്‍ ' എന്ന സംഘടന ആരംഭിച്ചു. വിവരാവകാശ നിയമങ്ങള്‍ പരമാവധി ജനനന്മക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ പ്രവര്‍ത്തിച്ചു. അങ്ങനെ 2006 ല്‍ 'മാഗ്‌സസെ അവാര്‍ഡ്‌ ' നേടി. കൂടാതെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2006 ല്‍ ജോലി രാജി വെച്ചു കൊണ്ട്‌ അഴിമതിക്കെതിരെ നിരന്തരം പോരാടിയ ഇദ്ദേഹം ജനലോക്‌പാല്‍ ബില്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

ആം ആദ്‌മി പാര്‌ട്ടിയുടെ കേരളത്തിലേക്കുള്ള വരവ്‌ വളരെ ലാഘവത്തോടെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്‌. ദുര്‍ബലമായികൊണ്ടിരിക്കുന്ന ഭരണപ്രതി പക്ഷ പാര്‍ട്ടികളില്‍ നിന്നും ധാരാളം പേര്‍ ആം ആദ്‌മി പാര്‍ട്ടിയിലേക്ക്‌ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനു മുന്നോടിയായി കേരളത്തിലെത്തിയ പ്രശാന്ത്‌ ഭുഷന്‍റെ  വരവ്‌ ഇതിനെ സൂചിപ്പിക്കുന്നു. ഇവിടെ ഭരണപ്രതി പക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ സേവിക്കണ്ടതിനു പകരം ജനങ്ങളില്‍ നിന്ന്‌ മാറി നില്‌ക്കുകയും സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടി നടത്തുന്ന രാഷ്ട്രീയക്കാരുടെ കോമാളിത്തരങ്ങളെ ഇനിയും നാം തിരിച്ചറിയണം.

ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി നല്ലത്‌ ചെയ്യുന്നിടത്തോളം കാലം ആം ആദ്‌മി പാര്‌ട്ടിക്ക്‌ ജനങ്ങളുടെ പിന്തുണ ലഭിക്കും എന്നതില്‍ സംശയമില്ല. ഇന്ന്‌ രാജ്യത്തിനും, സമൂഹത്തിനും ഇവരെ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളെയാണ്‌ ആവശ്യം. ഈ അവസ്ഥയില്‍ ജനങ്ങളുടെ പ്രീതിക്ക്‌ പാത്രമായ അരവിന്ദ്‌ കേജരിവാളിന്റെ ആം ആദ്‌മി പാര്‍ട്ടിക്കും, അനുയായികള്‍ക്കും ജനാതിപത്യത്തിന്‍റെ  പുതിയ അടിത്തറ ഇടുവാന്‍ സാധിക്കട്ടെ. ഇങ്ങനെ ഒരു സുവര്‍ണാവസരം എല്ലായ്‌പ്പോഴും കൈവരുന്നതല്ല എന്ന്‌ തിരിച്ചറിഞ്ഞ്‌ താങ്കളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കുക. അങ്ങനെ ഇന്ത്യ മഹാരാജ്യത്തിന്‍റെ  യഥാര്‍ത്ഥ ജനാധിപത്യത്തിലേയ്‌ക്കുള്ള പ്രയാണത്തില്‍ നമ്മളും പങ്കാളികളാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.