ഫീനിക്‌സ്: തിരുകുടുംബത്തിന്‍റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് സീറോ മലബാര്‍ ഇടവക ദേവാലയത്തിലെ പ്രധാന തിരുനാള്‍ ജനുവരി 10,11,12 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പുതിയ ദേവാലയത്തില്‍ വെച്ച് ആഘോഷിക്കുന്ന പ്രഥമ തിരുനാള്‍ അതീവ മോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്‌തമായി ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധ റീത്തുകളിലുള്ള ആഘോഷമായ ദിവ്യബലികള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് ഈവര്‍ഷത്തെ തിരുനാള്‍ പിരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
പത്താംതീയതി വെള്ളിയാഴ്‌ച വൈകിട്ട് 6.30-ന് കൊടി കയറുന്നതോടെ തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് മലങ്കര റീത്തിലുള്ള ആഘോഷമായ ദിവ്യബലിയും മറ്റ് തിരുകര്‍മ്മങ്ങളുമുണ്ടായിരിക്കും. പതിനൊന്നാം തീയതി ശനിയാഴ്‌ച വൈകിട്ട് 6.30-ന് ലത്തീന്‍ റീത്തില്‍ ആഘോഷമായി അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുള്ള ആത്മീയ ഒരുക്കങ്ങളും നടന്നുവരികയാണ്. തിരുനാളാഘോഷങ്ങളുടെ ഭാഗമായി ദിവ്യകാരുണ്യ പ്രദക്ഷിണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ ഏറെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍.
പന്ത്രണ്ടാം തീയതി ശനിയാഴ്‌ചയാണ് പ്രധാന തിരുനാള്‍. രാവിലെ 9.30-ന് തിരുനാള്‍ റാസ ആരംഭിക്കും. വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കും.
പള്ളിയും പരിസരങ്ങളും കമനീയമായി അലങ്കരിച്ച് തിരുനാള്‍ പൂര്‍വ്വാധികം ഭംഗിയാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇടവക ജനങ്ങള്‍. ജോഷി ജോണും കുടുംബവുമാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള അവസരമാണ് തിരുനാളെന്ന് വികാരി ഫാ. മാത്യു മുഞ്ഞനാട്ട് അറിയിച്ചു.
Comments