ഷിക്കാഗോ: ധന്യതയാര്‍ന്ന ദൈവനിയോഗത്തിന്റേയും വശ്യമായ വിശുദ്ധിയുടേയും പരിവേഷമായിരുന്ന വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി 12-ന് ഞായറാഴ്‌ച രാവിലെ 11 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ ഭക്‌ത്യാദരപൂര്‍വ്വം ആഘോഷിച്ചു.
തിരുകര്‍മ്മങ്ങളുടെ മുഖ്യകാര്‍മികനായിരുന്ന കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് കുര്‍ബാന മധ്യേ നടത്തിയ വചന സന്ദേശത്തില്‍ വ്യക്തികള്‍ സഭയിലായാലും സമൂഹത്തിലായാലും ചാവറയച്ചനെപ്പോലെ നിലനില്‍ക്കുന്നതും പ്രകാശിക്കുന്നതും സമൂഹനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ നേതൃത്വമാകണമെങ്കില്‍ വിശുദ്ധിയില്‍ അധിഷ്‌ഠിതമായ ആത്മീയ അടിത്തറയുള്ളവരായിരിക്കണമെന്ന് സൂചിപ്പിച്ചു.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലദീഞ്ഞ്, ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദിക്കല്‍, നേര്‍ച്ച വിതരണം എന്നിവ ആത്മീയ അനുഭവനത്തിന്റെ ഒരു ആഘോഷമാക്കി മാറ്റുവാന്‍ സഹായിച്ചു.
വിദ്യാഭ്യാസത്തിന്റെ മാറ്റ് എത്രമാത്രമുണ്ടെന്ന് തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണമുള്ള ക്രാന്തദര്‍ശിയായ അദ്ദേഹം പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു.
വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന അറിവ് സമൂഹനന്മയ്ക്കുതകുന്ന വ്യക്തിത്വമുള്ള വ്യക്തികളായി മാറണമെങ്കില്‍ ആത്മീയ അടിത്തറ ആവശ്യമാണെന്നു മനസിലാക്കി കേരളത്തില്‍ ആദ്യ തദ്ദേശ സന്യാസ സഭയായ സി.എം.ഐ സഭ സ്ഥാപിച്ചു.
വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ സഭയ്‌ക്കു മാത്രമല്ല സാമൂഹിക-വിദ്യാഭ്യാസ മണ്‌ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ആധുനിക സാക്ഷര കേരളത്തിന്റെ നിര്‍മ്മിതിയില്‍ മഹത്തായ പങ്കുവഹിച്ച വ്യക്തിയായിരുന്നു.
തിരുകര്‍മ്മങ്ങളോടനുബന്ധിച്ചുള്ള ആത്മീയ ശുശ്രൂഷകളെ ഭക്തിസാന്ദ്രമാക്കിയതിനു നേതൃത്വംകൊടുത്തത് കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, സഹ വികാരി ഫാ. റോയി മൂലേച്ചാലിലുമാണ്.
തിരുനാള്‍ ക്രമീകരണങ്ങള്‍ ഭംഗിയാക്കുന്നതിനും ആഘോഷങ്ങള്‍ മോടിയാക്കുന്നതിനും കൈക്കാരന്മാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള എന്നിവര്‍ നേതൃത്വം നല്‍കി.
ലിറ്റര്‍ജി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോണ്‍ തയ്യില്‍പീഡിക, ജോസ് കടവില്‍, ചെറിയാച്ചന്‍ കിഴക്കേഭാഗം, ബേബി മലമുണ്ടയ്‌ക്കല്‍, ലാലിച്ചന്‍ ആലുംപറമ്പില്‍, സേവി പീറ്റര്‍ എന്നിവരാണ്.
കുഞ്ഞുമോന്‍ ഇല്ലക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ മോടിയാക്കുന്നതിനും ഭക്തിസാന്ദ്രമാക്കുന്നതിനും സഹായിച്ചു.
ഫിലിപ്പ് പവ്വത്തില്‍, വിജയന്‍ കടമപ്പുഴ, ഷിബു പോളക്കുളം, സാജന്‍ തെങ്ങുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞമ്മ കടമപ്പുഴ, ആന്‍സി ചാവറ, ഏലിയാമ്മ മാണി എന്നിവര്‍ സ്‌നേഹവിരുന്ന് തയാറാക്കി.
കത്തീഡ്രല്‍ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ഏറ്റെടുത്താണ് തിരുനാള്‍ നടത്തിയത്. സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.
Comments