ഡിട്രോയിറ്റ്: ക്രിസ്‌തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ കേരള ക്ലബ്ബിന്‍റെ 2014-ലെ സാരഥികളെ തീരുമാനിച്ചു. ശ്രീമതി രമ്യാ അനില്‍കുമാര്‍ പ്രസിഡന്റായിട്ടുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ശ്രീമതി ബീന ചക്കുങ്കല്‍ വൈസ് പ്രസിഡന്റും, ശ്രീ സുഭാഷ് രാമചന്ദ്രന്‍ സെക്രട്ടറിയും, ശ്രീമതി ബിന്ദു പണിക്കര്‍ ജോയിന്റ് സെക്രട്ടറിയും, ശ്രീ ജയ്‌സണ്‍ ജോസ് ട്രഷററും, ശ്രീ മുരളി നായര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായി സ്ഥാനമേറ്റു.
അതിഗംഭീരമായ ക്രിസ്‌തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളില്‍ ഡിട്രോയിറ്റ് മലയാളിസമൂഹത്തിലെ അനേകം കലാകാരികളും കലാകാരന്മാരും പങ്കെടുത്തു.
വളരെ വ്യത്യസ്ഥതയോടെ അവതരിക്കപ്പെട്ട ബനവലന്‍സ് ഷോ ദൈവപുത്രന്റെ മാനവസ്‌നേഹത്തിലേയ്‌ക്കും പിന്നീട് ചില ചരിത്രസംഭവങ്ങളിലേക്കും കടന്ന് ആധുനികയുഗത്തിലെ മനുഷ്യസ്‌നേഹികളെ വരെ ചിത്രീകരിച്ച് കാണികളെ അദ്‌ഭുതസ്ഥബ്‌ദരാക്കി. ശ്രുതിലയം എന്ന വ്യത്യസ്‌തമായ സംഗീതപരിപാടിയും മറ്റനേകം കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മിഴിവേകി.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗംഭീരമായ ന്യൂ ഇയര്‍ ആഘോഷങ്ങളും നടന്നു. മുപ്പത്തിയഞ്ചില്‍പരം വര്‍ഷങ്ങളായി കേരള ക്ലബ്ബിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സീനിയര്‍ മെംബേഴ്‌സ് മുതല്‍ യുവതലമുറയിലെ ഊര്‍ജ്ജസ്വലരായ പുത്തനംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന കമ്മിറ്റി കേരള ക്ലബ്ബിനെ 2014-ല്‍ മികവുറ്റതാക്കിമാറ്റും എന്ന കാര്യത്തില്‍ സംശയമില്ല. കേരള ക്ലബ്ബിനുവേണ്ടി ബിന്ദു പണിക്കര്‍ അറിയിച്ചതാണിത്.
Comments