You are Here : Home / USA News

കുടിയേറ്റക്കാര്‍ക്കും ഒബാമകെയര്‍ : പ്രവാസി മലയാളി ഫെഡറേഷന്‍ സ്വാഗതം ചെയ്യുന്നു

Text Size  

Story Dated: Tuesday, January 21, 2014 01:16 hrs UTC

 
ന്യൂയോര്‍ക്ക് : യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ഒബാമകെയര്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു പുറമേ വര്‍ക്ക് വിസയുള്ള കുടിയേറ്റക്കാര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.
 
ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പുതിയ നടപടിപ്രകാരം പ്രവാസികളായി അമേരിക്കയിലുള്ള 20 ലക്ഷത്തിലധികം ഇന്ത്യാക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ ചെലവില്‍  അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ കുടിയേറ്റക്കാര്‍ക്കും നല്‍കാനാണ് തീരുമാനം. 
 
അമേരിക്കയില്‍ താമസ്സിച്ച് ജോലി ചെയ്യുന്ന എച്-1 ബി അല്ലെങ്കില്‍ എല്‍ - 1 വിസയുള്ളവര്‍ക്കാണ് ഈ പരിരക്ഷ ലഭിക്കുക. ഒബാമകെയര്‍ പരിരക്ഷയുള്ള എല്ലാവരും തങ്ങള്‍ക്കും, ആശ്രിതര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. മിനിമം തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴയൊടുക്കേണ്ടിവരും. കുടുംബവരുമാനത്തിന്റെ ഒരു ശതമാനമായിരിക്കും പിഴ.  ഇത് 95 ഡോളറില്‍ കുറവാണെങ്കില്‍ 95 ഡോളര്‍ പിഴയായി നല്‍കണം. 2014-ലെ പിഴയാണിത്. ഓരോ വര്‍ഷവും പിഴയില്‍ വര്‍ദ്ധനവുണ്ടാകാന്‍ ഇടയുണ്ട്. വ്യക്തികള്‍ക്ക് പുറമേ വിദേശ കമ്പനികള്‍ക്കും പിഴ ബാധകമാണ്; എന്നാല്‍ അക്കാര്യം 2015 മുതല്‍ മാത്രമേ നിലവില്‍ വരികയുള്ളു. 
 
അമേരിക്കന്‍ കമ്പനികള്‍ക്ക് നേരത്തെ തന്നെ ഒബാമകെയര്‍ പരിരക്ഷയുണ്ട്. യു.എസ്സില്‍  ജോലിക്കാരുള്ളതോ ശാഖകളുള്ളതോ ആയ ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കമ്പനികള്‍ക്കും പിഴ നല്‍കേണ്ടി വരും. 
 
ഒബാമ ഭരണകൂടം കുടിയേറ്റക്കാരോടു കാണിച്ച അനുഭാവപൂര്‍വ്വമായ ഈ നടപടിയെ അനുമോദിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഉടനെ സന്ദേശം അയയ്ക്കുന്നതാണെന്ന് ഡോ. ജോസ് കാനാട്ടും, ജോസ് മാത്യു പനച്ചികലും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.