ഗാര്‍ലന്‍ഡ് . ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന ഗ്രീന്‍കാര്‍ഡ് കൈവശമുളളവരും അമേരിക്കന്‍ പൌരത്വമുളളവരും തങ്ങളുടെ പേരിലുളള വിദേശ നിക്ഷേപങ്ങളുടെ കൃത്യമായ കണക്കുകള്‍ അമേരിക്കയില്‍ എല്ലാ വര്‍ഷവും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതോടൊപ്പം പ്രത്യേകം തയ്യാറാക്കിയിട്ടുളള ഫോറത്തില്‍ എഴുതി സമര്‍പ്പിക്കേണ്ടതാണെന്നു ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ സാമൂഹ്യ പ്രവര്‍ത്തകനും അറിയപ്പെടുന്ന സിപിഎക്കാരനുമായ ഹരിപിളള പറഞ്ഞു.
2013 ലെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയമായതിനാല്‍ സാധാരണ ജനങ്ങളെ ഇതിനെക്കുറിച്ചു ബോധവത്ക്കരിക്കുന്നതിനായി ഡാലസ് കേരള അസോസിയേഷന്‍ ജനുവരി 19 ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ച ടാക്സ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഹരിപിളള.
വിദ്യാഭ്യാസം തുടരുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കായി അവരുടെ പേഴ്സണല്‍ അക്കൌണ്ടുകളില്‍ മാതാപിതാക്കള്‍ക്ക് 14,000 ഡോളര്‍ വീതം (ഒന്നിച്ചു ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ ആകെ 28,000) ഗിഫ്റ്റായി നിക്ഷേപിക്കാവുന്നതാണെന്നും ഈ തുക ഗിഫ്റ്റ് ടാക്സില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐആര്‍എസില്‍ സമര്‍പ്പിക്കുന്ന ടാക്സ് റിട്ടേണില്‍ കൃത്രിമം നടത്തുന്നതു ഗുരുതരമായ കുറ്റമാണെന്നും ഏതെങ്കിലും അവസരത്തില്‍ ഓഡിറ്റിനു വിധേയമാക്കുകയും സാമ്പത്തിക ഇടപാടുകളും, അക്കൌണ്ടുകളും ചേര്‍ത്തിട്ടില്ലാ എന്ന് കണ്ടുപിടിക്കുകയും ചെയ്താല്‍ വലിയ ഫൈനും, ജയില്‍ ശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹരിപിളള ഓര്‍മ്മിപ്പിച്ചു. ഐആര്‍എസിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും യാതൊരു കാരണവശാലും ഐആര്‍എസ് ഫോണിലൂടെ ഫൈന്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയില്ലെന്നും ഹരിപിളള പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതവും സെക്രട്ടറി റോയി കൊടുവത്ത് നന്ദിയും പറഞ്ഞു.
Comments