കൊച്ചി: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ മയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലവ് ആന്‍ഡ് അക്‌സപ്‌റ്റന്‍സ് (AMALA) എന്ന ജീവകാരുണ്യ സംഘടന കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും, സ്ഥാപനങ്ങളേയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷംതോറും നല്‍കുന്ന അവാര്‍ഡ്‌് കോട്ടയം പാമ്പാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസഭവന് ലഭിച്ചു. ഇരുപത്തി അയ്യായാരത്തിഒന്ന് (25,001) രൂപയും പ്രശസ്‌തപത്രവും അടങ്ങുന്ന അവാര്‍ഡ് 2013 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്‌തു.
ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അമല സാമൂഹ്യസംസൃഷ്‌ടി പുരസ്‌കാരങ്ങള്‍ക്കായി കോഴിക്കോട് ജില്ലയില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്ന ട്രോമാ കെയര്‍ വാളന്റീയറായ മഠത്തില്‍ അബ്‌ദുള്‍ അസീസ് (കോഴിക്കോട്), നാലു ചക്ര വാഹനങ്ങള്‍ കാലുകളുടെ സഹായമില്ലാതെ ഓടിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്‌ത ബിജു വര്‍ഗീസ് (പത്തനംതിട്ട), സ്വയം വൃക്ക ദാനം ചെയ്‌തുകൊണ്ട് 650-ല്‍ അധികം വൃക്കമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വഴികാട്ടിയും, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സാരഥിയുമായ ഉമാ പ്രേമന്‍ (തൃശൂര്‍) എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.
ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായിരുന്നു. റവ.ഫാ.ഡോ. ആന്റണി കരിയില്‍ സി.എം.ഐ (രാജഗിരി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍) മുഖ്യപ്രഭാഷണവും, റവ.ഫാ. അലക്‌സാണ്ടര്‍ പൈകട സി.എം.ഐ (ചീഫ് എഡിറ്റര്‍ രാഷ്‌ട്രദീപിക) അനുഗ്രഹ പ്രഭാഷണവും, എ.വി ജോര്‍ജ് (വൈസ് ചാന്‍സലര്‍, എം.ജി സര്‍വ്വകലാശാല), മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ (ചെയര്‍മാന്‍, റബ്‌കോ), മുരുകന്‍ എസ് തെരുവോരം (എറണാകുളം) എന്നിവര്‍ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് അവാര്‍ഡിന് അര്‍ഹരായ ജോസഫ് മാത്യു (ആശ്വാസഭവന്‍, പാമ്പാടി), ഉമാ പ്രേമന്‍ (തൃശൂര്‍), മഠത്തില്‍ അബ്‌ദുള്‍ അസീസ് (കോഴിക്കോട്), ബിജു വര്‍ഗീസ് (പത്തനംതിട്ട) എന്നിവര്‍ മറുപടി പ്രസംഗവും നടത്തി. രാജഗിരി ഔട്ട് റീച്ചിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോഷി വര്‍ഗീസ് നന്ദിയും, അമല ജനറല്‍ സെക്രട്ടറി അസീസി നടയില്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ എം.പി ആന്റണി ആമുഖ പ്രസംഗവും നടത്തി.
Comments