You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച ആചരിക്കുന്നു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, January 23, 2014 05:41 hrs UTC

 

ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ക്രൈസ്‌തവ സമൂഹം മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ രാവിലെ പത്തുമുതല്‍ ഒരുമണിവരെ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക്‌ നിരവധി വൈദികരും, ഫെല്ലോഷിപ്‌ ഭാരവാഹികളും, വനിതാ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.

വിശ്വാസസംഹിതകളിലും, ആചാരാനുഷ്‌ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും വൈവിധ്യമുള്ള ക്രിസ്‌തീയവനിതകളുടെ ആഗോളതലത്തിലുള്ള ഒരു എക്യൂമെനിക്കല്‍ കൂട്ടായ്‌മയാണ്‌ World Day of Prayer (WDP) എന്നപേരില്‍ അറിയപ്പെടുന്നത്‌. 19ാം നൂറ്റാണ്ടില്‍ പലരാജ്യങ്ങളിലായി ചെറിയരീതിയില്‍ തുടക്കമിട്ട്‌ 1927 ല്‍ ഔദ്യോഗികമായി ആരംഭംകുറിച്ച ഈ ക്രിസ്‌തീയ വനിതാമുന്നേറ്റം ഇന്ന്‌ വളര്‍ന്ന്‌ പന്തലിച്ച്‌ ഇന്ത്യയുള്‍പ്പെടെ 172 ല്‍ പരം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ എന്ന
ക്രിസ്‌തീയവനിതകളുടെ ആഗോളപ്രസ്ഥാനത്തിന്റെ 87 ാം വാര്‍ഷികമാണ്‌ ഈ വര്‍ഷം ആചരിക്കുന്നത്‌.

വടക്കേഅമേരിക്കയിലും യു.കെ.യിലും വനിതാചരിത്രമാസമായി എല്ലാവര്‍ഷവും ആചരിക്കുന്ന മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്‌ചയാണ്‌ ആഗോളതലത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്‌. അന്നേ ദിവസം ക്രൈസ്‌തവവനിതകളുടെനേതൃത്വത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികളും, പുരുഷന്മാരും, സ്‌ത്രീകളൂം ഉള്‍പ്പെടെയുള്ള ക്രൈസ്‌തവവിശ്വാസികള്‍ പൊതുവായ ഒരു സ്ഥലത്ത്‌ ഒത്തുകൂടി സാര്‍വലൗകികസ്‌നേഹത്തിന്റേയും, സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ക്രിസ്‌തീയ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ ലോകനന്മക്കായി കൈകോര്‍ക്കുന്നു.

വനിതകള്‍ നേതൃത്വം നല്‍കി മുമ്പോട്ടു പോകുന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്‌മ വര്‍ഷത്തില്‍ ഒരു ദിവസം ആഗോളതലത്തില്‍ പൊതുവായ പ്രാര്‍ത്ഥനാ ദിനാചരണം എന്ന ആശയത്തിലൂടെ പല ജാതി, ഭാഷ, വര്‍ഗ, പ്രാദേശിക വ്യത്യാസങ്ങളുള്ള വനിതകള്‍ക്കു തമ്മില്‍ സ്‌നേഹത്തിലൂന്നിയ നല്ലൊരു കൂട്ടായ്‌മ ഉണ്ടാക്കുന്നതിനും, പരസ്‌പരം കൂടുതല്‍ അറിയുന്നതിനും, ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനും ലക്ഷ്യമിടുന്നു. അന്നേദിവസം ആദ്യത്തെ സൂര്യോദയം ദൃശ്യമാക്കുന്ന രാജ്യത്തു തുടങ്ങി അവസാനമായി സൂര്യന്‍ അസ്‌തമിക്കുന്ന രാജ്യം വരെ സൂര്യന്റെ ഗതിയനുസരിച്ചു മാറി മാറി ഒരു പ്രാര്‍ത്ഥനാചങ്ങല തീര്‍ക്കുന്നു.

വിവിധ രാജ്യങ്ങളിലുള്ള വനിതകള്‍ യേശുക്രിസ്‌തുവിലുള്ള അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും, അവരുടെ പ്രയാസങ്ങളും, പ്രതീക്ഷകളും, സന്തോഷങ്ങളും, ആവശ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുകയും, തങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍ സമൂഹനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കുകയും, മറ്റുരാജ്യക്കാരുടെ വിശ്വാസതീവ്രത ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണ്‌ പ്രാര്‍ത്ഥന എഴുതിതയാറാക്കുന്നത്‌. ഈജിപ്‌റ്റിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2014 ലെ വര്‍ഷിപ്പ്‌ സര്‍വീസിന്റെ ചിന്താവിഷയം `പാഴ്‌മലകളില്‍ നദികളും, താഴ്‌വരകളുടെ മധ്യേ ഉറവകളും, ഞാന്‍ ഉണ്ടാകും; മരുഭൂമിയെ ജലാശയവൂം വരണ്ട പ്രദേശത്തെ നീരുറവയുമാക്കും' (ഏശ 41:18, യോ 4:4-42) എന്ന ബൈബിള്‍വാക്യങ്ങളെ ആധാരമാക്കിയുള്ളതാണ്‌.

ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാസര്‍വീസുകള്‍, ക്രിസ്‌തീയ ഭക്തിഗാനശുശ്രൂഷ, മുഖ്യാതിഥിയുടെ സന്ദേശം, ഫോക്കസ്‌ രാജ്യമായ ഈജിപ്‌റ്റിനെക്കുറിച്ചുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷന്‍, ബൈബിള്‍ സ്‌കിറ്റ്‌, സ്‌നേഹവിരുന്ന്‌ എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍. ഡെലവെയര്‍ സെ. മേരിസ്‌ കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ ഫാ. മിന മിന, ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ ഐലന്‍ഡിലെ പ്രശസ്‌ത ബൈബിള്‍ പ്രഭാഷക മിസിസ്‌. ലിജി അലക്‌സ്‌ എന്നിവരാണ്‌ മുഖ്യാതിഥികള്‍.

ആഗോളപ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍, കോ ചെയര്‍മാന്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റലിജിയസ്‌ ആക്ടിവിറ്റീസ്‌ ചെയര്‍പേഴ്‌സണ്‍ റവ. ഷാജന്‍ വി. ദാനിയേല്‍, സെക്രട്ടറി ചെറിയാന്‍ കോശി, വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം, വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍മാരായ മെര്‍ളി ജോസ്‌, സൂസന്‍ വര്‍ഗീസ്‌, ലൈലാ അലക്‌സ്‌ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥന, പരസ്‌പര സഹകരണം, സമൂഹസേവനം, ആഘോഷങ്ങള്‍ എന്നിവയിലൂടെ വനിതകളുടെ നീതിയും, തുല്യതയും ഉറപ്പുവരുത്തുക എന്നുള്ള ദൗത്യമാണ്‌ വേള്‍ഡ്‌ ഡേ പ്രെയര്‍ യു.എസ്‌. എ കമ്മിറ്റി ലക്ഷ്യമിടുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. കെ. കെ. ജോണ്‍ 267 679 66853, റവ. ഷാജന്‍ വി. ദാനിയേല്‍ 215 266 8921, ചെറിയാന്‍ കോശി 201 286 9169, നിര്‍മ്മല എബ്രാഹം 302 239 7119, മെര്‍ളി ജോസ്‌ 267 307 6914, സൂസന്‍ വര്‍ഗീസ്‌ 215 673 5007.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.