You are Here : Home / USA News

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 02:42 hrs UTC

 

ഷിക്കാഗോ: മലങ്കരസഭയില്‍ സമാധാനം പുനസ്ഥാപിക്കുവാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന്‌ 1932-ല്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ തിരുമനസിലെ 82-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌, സെന്റ്‌ മേരീസ്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകകള്‍ സംയുക്തമായി 2014 ഫെബ്രുവരി 15,16 (ശനി, ഞായര്‍) തീയതികളില്‍, വാക്യുഗനില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ വെച്ച്‌, ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസിന്റെ പ്രധാന കാര്‍മികത്വത്തിലും, വന്ദ്യ സക്കറിയ കോര്‍ എപ്പിസ്‌കോപ്പ തേലപ്പിള്ളില്‍, റവ.ഫാ. തോമസ്‌ കറുകപ്പടി, റവ.ഫാ. മാത്യു കുരുത്തലയ്‌ക്കല്‍, റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌, റവ.ഫാ. പുന്നൂസ്‌ ചാലുവേലില്‍ എന്നീ വൈദീക ശ്രേഷ്‌ഠരുടെ സഹകാര്‍മികത്വത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഫെബ്രുവരി ഒമ്പതാം തീയതി ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വാക്യുഗനിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടെ പെരുന്നാളിന്‌ തുടക്കംകുറിക്കും.

പരിശുദ്ധ പിതാവിന്റെ കബറിടം കാല്‍നടയായി വന്ന്‌ സന്ദര്‍ശിച്ച്‌ സായൂജ്യമടയുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ തീര്‍ത്ഥയാത്രയെ അനുസ്‌മരിക്കത്തക്കവിധം ഫെബ്രുവരി 15-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വാക്യുഗനിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ സുറിയാനി പള്ളിയുടെ (Lewis & Glenfora Junction) സമീപത്തു നിന്നും വിശ്വാസികള്‍ ഒരുമിച്ചുകൂടി പരിശുദ്ധ ബാവായുടെ ഛായാചിത്രവും പാത്രിയര്‍ക്കാ പതാകയും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്ര 6 മണിക്ക്‌ വാക്യുഗനിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ ചേരുമ്പോള്‍ വികാരി റവ.ഫാ. തോമസ്‌ മേപ്പുറത്തും, അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയും ചേര്‍ന്ന്‌ തീര്‍ത്ഥയാത്രയെ സ്വീകരിക്കും.

ധൂപ്ര പ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. സന്ധ്യാപ്രാര്‍ത്ഥനാനന്തരം അഭിവന്ദ്യ തിരുമനസിന്റെ അനുഗ്രഹ പ്രഭാഷണം ഉണ്ടായിരിക്കും. ആശീര്‍വാദത്തിനുശേഷം ഭക്ഷണത്തോടുകൂടി ശനിയാഴ്‌ചത്തെ പരിപാടികള്‍ അവസാനിക്കും.

ഫെബ്രുവരി 16-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 10.15-ന്‌ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാനയും പരിശുദ്ധ ബാവായുടെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനാനന്തരം നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ ഈവര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്‌ചകളോടെ പരിശുദ്ധ ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ ബഹുമാന്യരായ വൈദീക ശ്രേഷ്‌ഠര്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌- ജോസഫ്‌ ഇടിക്കുള അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.