You are Here : Home / USA News

ആമ്പക്കാടന്‍ അവാര്‍ഡ്‌ പഴുക്കായില്‍ മത്തായി സാറിന്‌

Text Size  

Story Dated: Monday, January 27, 2014 09:09 hrs UTC

താമ്പ: ഈ വര്‍ഷത്തെ ആമ്പക്കാടന്‍ അവാര്‍ഡ്‌ കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ പഴുക്കായില്‍ മത്തായി സാറിന്‌ 2014 ജനുവരി പന്ത്രണ്ടാം തീയതി വൈകുന്നേരം കല്ലറ സെന്‍റ്‌ തോമസ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തിയ പൊതു സമ്മേളനത്തില്‍ വെച്ച്‌ സമ്മാനിച്ചു.

പ്രധാന കാര്‍ഷികവിള മത്സരയിനങ്ങളില്‍ ഒന്നായ മരച്ചീനി കൃഷിയില്‍ ഒന്നാം സ്ഥാനം പല പ്രാവശ്യം നേടുകയും ലോക റെക്കാര്‍ഡു തന്നെ സൃഷ്ടിക്കുകയും ചെയ്‌ത ആമ്പക്കാടന്‍ കപ്പയിനം കണ്ടു പിടിച്ച ആമ്പക്കാട്ടു തൊമ്മി എന്ന ഗാമീണ ശാസ്‌ത്രജ്ഞന്റെ പേരില്‍ സ്ഥാപിതമായ `ആമ്പക്കാടന്‍ റിസര്‌ച്ച്‌ ഫൌണ്ടേഷന്റെ' ആഭിമുഖ്യത്തില്‍ നല്‍കപ്പെടുന്നതാണ്‌ ഈ അവാര്‍ഡ്‌. റാണിപ്പന(ക്യൂന്‍സ്‌പാം)യില്‍ നിന്ന്‌ നീരയും(പനങ്കള്ള്‌) പാനിയും ഉല്‍പാദിപ്പിക്കുന്നതിനുള്ള ഏറ്റവും നവീനവും ഗുണമേന്മയുമുള്ള രീതി ആവിഷ്‌ക്കരിച്ച്‌ പ്രചരിപ്പിച്ചതിനാലാണ്‌ പഴുക്കായില്‍ മത്തായി സര്‍ ഈ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്‌. പ്രസ്‌തുത അവാര്‍ഡ്‌ ദാന ചടങ്ങില്‍ കല്ലറയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ കര്‍ഷകരും കാര്‍ഷികവിള പ്രേമികളുമായ പതിനായിരങ്ങള്‍ പങ്കെടുത്തു

1961ല്‍ ആമ്പക്കാടന്‍ കപ്പയിനം തൊമ്മിച്ചേട്ടന്‍ കണ്ടുപിടിച്ചത്‌ വളരെ യാദൃച്ഛികമായിട്ടായിരുന്നു. നന്മ തിരിച്ചറിയാനുള്ള പരിജ്ഞാനം മാത്രമേ തൊമ്മിച്ചേട്ടനു കൈമുതലായിട്ടുണ്ടായിരുന്നുള്ളൂ. തന്‍റെ മുന്‍പില്‍ വന്നു പെട്ട നന്മ തിരിച്ചറിയുകയും അത്‌ പാഴാക്കാതെ പരിപോഷിപ്പിക്കുകയും പൊതു സമൂഹത്തിന്‍റെ ഗുണത്തിനായി അദ്ദേഹം പങ്കുവയ്‌ക്കുകയും ചെയ്‌തു. കാര്‍ഷികവിള മത്സരങ്ങളില്‍ ചുവടൊന്നിനു 200 കിലോ വരെ വിളവുത്‌പാദിപ്പിച്ച്‌ ആമ്പക്കാടന്‍ മരച്ചീനി ലോക റെക്കാര്‍ഡിട്ടു. ആ തൊമ്മിച്ചേട്ടന്‍റെ ഓര്‍മ്മക്കായിട്ടും കാര്‍ഷിക ഗവേഷണങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കാനുമായി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ്‌ `ആമ്പക്കാടന്‍ റിസര്‌ച്ച്‌ ഫൌണ്ടേഷന്‍'.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കല്ലറക്കാരന്‍ മത്തായിസാര്‍ കായികാദ്ധ്യാപനത്തില്‍ നിന്ന്‌ വിരമിച്ചതിനുശേഷമാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. കേരളത്തിലേതിനു തുല്യമായ കാലാവസ്ഥയുള്ള ഫ്‌ലോറിഡായിലെ താമ്പായിലാണ്‌ മത്തായി സാര്‍ ഇപ്പോള്‍ വസിക്കുന്നത്‌. ഇവിടെ ധാരാളമുള്ള റാണിപ്പന ഒരു അലങ്കാര വൃക്ഷമാണ്‌. റാണിപ്പനയുടെ സമൃദ്ധമായ കുലകള്‍ കണ്ടപ്പോള്‍ മത്തായി സാറിന്‍റെ ഉള്ളില്‍ ഒരു ലഡുപൊട്ടി. അന്നു വരെ ആരും പരീക്ഷിക്കാത്ത കള്ളുത്‌പാദനം ലാക്കാക്കി പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ വളരെ ലളിതമായും ഏറ്റവും നവീനവും ഗുണമേന്മയുമുള്ള രീതികള്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ഒരു ദിവസം ഒരു പനങ്കുലയില്‍ നിന്ന്‌ സുമാര്‍ മൂന്നു നാല്‌ ലിറ്റര്‍ വരെ നീര ഉല്‌പാദിപ്പിക്കാം. ഇപ്പോള്‍ ധാരാളം മലയാളികള്‍ മത്തായി സാറിനെ അനുകരിച്ച്‌ നീരയും അതില്‍ നിന്ന്‌ പാനിയും ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്‌.

നൈസര്‍ഗ്ഗിക വാസനയും പരിശ്രമശീലവും വഴി വിലപ്പെട്ട ഗവേഷണ നേട്ടം കൈവരിച്ച്‌ സമൂഹത്തിനു സംഭാവന ചെയ്‌ത മത്തായി സാറിന്‌ ഈ പുരസ്‌ക്കാരം നല്‍കുന്നത്‌ തികച്ചും നീതിപൂര്‍വ്വകവും ഉചിതവുമാണെന്ന്‌ വളരെ ക്കാലം കേരളത്തില്‍ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥനും ഇപ്പോള്‍ അമേരിക്കയില്‍ താമസക്കാരനുമായ കടുത്തുരുത്തി ഞീഴൂര്‍ തടത്തില്‍ എബ്രഹാം അഭിപ്രായപ്പെട്ടു. ഇത്‌ പലര്‍ക്കും പ്രചോദനവും ഉത്തേജനവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്തായി സാറിന്‌ അഭിനന്ദനങ്ങള്‍! ആശംസകള്‍!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.