മയാമി: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ഡേവി സ്‌ക്വയറില്‍ ഇന്ത്യയുടെ അറുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആചരിച്ചു.
ജനുവരി 26-ന് വൈകുന്നേരം 4 മണിക്ക് ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ് അസീസ്സി നടയിലിന്റെ അധ്യക്ഷതയില്‍ കൂടിയ റിപ്പബ്ലിക് ദിന സംഗമത്തില്‍ ഐ.എന്‍.ഒ.സി റീജിയണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി, കേരള സമാജം പ്രസിഡന്റ് ജോയി ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും, ഭാഷകളും, ജീവിതരീതികളും, ആചാരാനുഷ്‌ഠാനങ്ങളും വച്ചു പുലര്‍ത്തുന്ന ശതകോടി ജനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയും, ആ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്ന് ദേശീയ കാഴ്‌ചപ്പാടോടുകൂടി ഇന്ത്യയെ നയിച്ച ക്രാന്തദര്‍ശികളായ നേതാക്കന്മാരുടെ ഇച്ഛാശക്തിയുമാണ് ആറര പതിറ്റാണ്ടുകൊണ്ട് ഇന്ത്യയെ ഇന്ന് വികസ്വര രാജ്യങ്ങളുടെ മുമ്പന്തിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതെന്ന് അഭിമാനപൂര്‍വ്വം ഓര്‍ക്കേണ്ട ദിനമാണ് ഓരോ ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമെന്ന് ആശംസാപ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.
രാജി ജോമിയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ച് പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കുഞ്ഞമ്മ കോശി സ്വാഗതവും, സജി സക്കറിയാസ് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ പങ്കുവെച്ചു.
Comments