You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ആദി ശങ്കര യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നോമിനേഷനുകള്‍ ക്ഷണിക്കുന്നു

Text Size  

Story Dated: Saturday, May 16, 2015 10:21 hrs UTC

രഞ്‌ജിത്ത്‌ നായര്‍

 

ഡാലസ്‌: ഡാലസില്‍ ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച അഞ്ചു യുവ പ്രതിഭകളെ ആദരിക്കുന്നു .യു എസ്‌ എ ,കാനഡ ,മെക്‌സിക്കൊ എന്നീ രാജ്യങ്ങളില്‍ ജീവിക്കുന്ന 20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള മലയാളി ഹിന്ദുക്കളില്‍ നിന്നാണ്‌ ഇവരെ തിരഞ്ഞെടുക്കുന്നത്‌ .കേരളത്തില്‍ നിന്നും വര്‍ഷങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ്‌ പ്രൊഫഷണലുകളായി ഓരോ വര്‍ഷവും എത്തുന്നത്‌ .അവരോടൊപ്പം നേരത്തെ വന്നവരുടെ പുതിയ തലമുറയില്‍ പെട്ടവര്‍ അമേരിക്കന്‍ മുഖ്യ ധാരയില്‍ ഇഴുകി ചേരുന്നതിനോപ്പം അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ അസാമാന്യമായ കഴിവ്‌ തെളിയിക്കുകയും ചെയ്യുന്നു .

 

ഇതോടെ ,തങ്ങളുടെ പ്രവര്‍ത്തന പന്ഥാവില്‍ മുഴുകുമ്പോഴും സാംസ്‌ക്കാരികവും ആത്മീയവും ആയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന യുവാക്കളെ തിരിച്ചറിയാനും അവരെ അംഗീകരിക്കാനും ഉള്ള വേദിയാവുകയാണ്‌ കെ എച്‌ എന്‍ എ കണ്‍വന്‍ഷന്‍ .ഇവരെ മാതൃകയാക്കുന്നതിലൂടെ പൈതൃകമായി കിട്ടുന്ന അറിവുകളും മൂല്യങ്ങളും അമേരിക്കയിലെ പുതിയ തലമുറയ്‌ക്ക്‌ അനുഭവവേദ്യമാകേണ്ട തിന്റെ പ്രാധാന്യം ഒന്ന്‌ കൂടി ഉയര്‍ത്തി പ്പിടിക്കുവാന്‍ കെ എച്ച്‌ എന്‍ എ ക്ക്‌ ആകുമെന്ന്‌ സംഘടനാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു . അദ്വൈതസിദ്ധാന്തം ആവിഷ്‌കരിച്ച്‌ ഭാരതീയ തത്ത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവായ ആദി ശങ്കരാചാര്യരുടെ പേരില്‍ ആണ്‌ ഈ അവാര്‍ഡ്‌ . 

 

ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളായിരുന്നു അദ്ദേഹം. ദൈവശാസ്‌ത്രജ്ഞനുമായിരുന്നു. കേരളത്തിലെ കാലടിക്കടുത്തുള്ള കൈപ്പിള്ളി മനയില്‍ ജനിച്ച അദ്ദേഹം പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട്‌ അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന്‍ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന്‌ ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്‌. ബിരുദ ,ബിരുദാനന്തര വിദ്യാര്‍ഥികള്‍ ,വിവിധ മേഖലകളിലെ വിദഗ്‌ദ്ധരായ പ്രഫഷനലുകള്‍ ,കായിക പ്രതിഭകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌ . സ്വന്തമായോ മറ്റുള്ളവരുടെ നാമനിര്‍ദേശാനുസരണമായോ അപേക്ഷകള്‍ സ്വീകരിക്കും .അപേക്ഷകര്‍ കണ്‍വന്‍ഷനില്‍ റെജിസ്റ്റര്‍ ചെയ്‌തിരിക്കണം .അപേക്ഷാ ഫോമുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി എന്‍ നായര്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കാണുന്ന ഇ മെയിലില്‍ ബന്ധപ്പെടുക

 

Email: awards@namaha.org Website: www.namaha.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.