You are Here : Home / USA News

ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Saturday, May 16, 2015 10:23 hrs UTC

ജെയ്‌ കാലായില്‍, ചിക്കാഗോ

ന്യൂജേഴ്‌സി: മെയ്‌ 23,24 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ വെച്ചു നടത്തപ്പെടുന്ന ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂജേഴ്‌സി ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌ ആതിഥ്യത്വം വഹിക്കുന്ന 27-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്‌ വേദിയാകുന്നത്‌ ന്യൂജേഴ്‌സി ഹക്കന്‍സാക്കിലുള്ള ഫെയര്‍ലേ ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയിലെ റോത്ത്‌മാന്‍ സെന്റര്‍ അരീനയാണ്‌. അമേരിക്കയിലേയും കാനഡയിലേയും പ്രമുഖ നഗരങ്ങളിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച്‌ 13 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മെയ്‌ 23-ന്‌ ശനിയാഴ്‌ച 3 പൂളുകളിലായി നടത്തപ്പെടുന്ന ലീഗ്‌ മത്സരങ്ങളോടുകൂടി ടൂര്‍ണമെന്റിനു തിരശീല ഉയരും. ലീഗ്‌ മത്സരങ്ങളില്‍ നിന്നും നേടുന്ന പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ലീഗില്‍ നിന്നുമുള്ള മികച്ച രണ്ട്‌ ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും.

 

ഇതില്‍ നിന്നും പൂള്‍ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും, രണ്ടും സ്ഥാനത്ത്‌ എത്തിയ ടീമുകള്‍ സ്വമേധയാ സെമി ഫൈനലിന്‌ അര്‍ഹത നേടും. ശേഷിച്ച നാല്‌ ടീമുകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന രണ്ട്‌ ടീമുകളാകും സെമിഫൈനലില്‍ മാറ്റുരയ്‌ക്കുന്ന ഇതര ടീമുകള്‍. മെയ്‌ 24-ന്‌ വൈകുന്നേരം നടത്തപ്പെടുന്ന ഫൈനല്‍ മത്സരത്തോടുകൂടി 27-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തിരശീല വീഴും. ടൂര്‍ണമെന്റിലെ മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയര്‍, ബെസ്റ്റ്‌ ഡിഫന്‍സീവ്‌ പ്ലെയര്‍, ബെസ്റ്റ്‌ സെറ്റര്‍ എന്നിവരെ കണ്ടെത്തുന്നത്‌ ടീം മാനേജര്‍മാരും റഫറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്‌. അമേരിക്കയിലെ മലയാളി യുവാക്കളില്‍ കേരളത്തിലെ എക്കാലത്തേയും ഇഷ്‌ട വിനോദങ്ങളിലൊന്നായ വോളിബോളില്‍ താത്‌പര്യം വളര്‍ത്താനായി 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌.

 

കഴിഞ്ഞ 27 വര്‍ഷങ്ങളായി തുടരുന്ന ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും അതിനുള്ള തയാറെടുപ്പിനായി ഏതാണ്ട്‌ ആണ്ടുവട്ടം നടത്തുന്ന തീവ്രപരിശീലനത്തിന്റേയും ഫലമായി മലയാളികളായ ഏതാനും യുവാക്കള്‍ വോളിബോള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പ്രശസ്‌ത യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയെന്നതില്‍ ടൂര്‍ണമെന്റ്‌ കമ്മിറ്റിക്ക്‌ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്‌. ടൂര്‍ണമെന്റിലെ മുന്‍കളിക്കാരായ നാല്‍പ്പത്‌ വയസിനു മുകളിലുള്ളവര്‍ക്കായി മറ്റൊരു മത്സരവും ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തുന്നുണ്ട്‌. കേരള വോളിബോള്‍ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നേതൃത്വം നല്‍കുന്ന ടൂര്‍ണമെന്റിന്റെ നടത്തിപ്പ്‌ സംഘടനയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സിന്റെ സൂക്ഷ്‌മ നിരീക്ഷണത്തിലും, നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ്‌. അമേരിക്കന്‍ വോളിബോള്‍ അസോസിയേഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ്‌ കെ.വി.എല്‍.എന്‍.എ അതിനായി സ്വീകരിച്ചിട്ടുള്ളത്‌.

 

എട്ട്‌ അംഗങ്ങളുള്ള ബോര്‍ഡിന്റെ അധ്യക്ഷന്‍ ചിക്കാഗോയില്‍ നിന്നുള്ള ടോം കാലായില്‍ ആണ്‌. തോമസ്‌ ഫിലിപ്പ്‌, മാത്യു ചെരുവില്‍, ജെയിംസ്‌ ഇല്ലിക്കല്‍, ബാബു തീയാടിക്കല്‍, മാത്യു സക്കറിയ, ഷെരീഫ്‌ അലിയാര്‍, ഷോണ്‍ ജോസഫ്‌ എന്നിവരാണ്‌ ബോര്‍ഡിലെ ഇതര അംഗങ്ങള്‍. ജെയ്‌ കാലായില്‍, പ്രസാദ്‌ ഏബ്രഹാം എന്നിവര്‍ ലീഗ്‌ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. ജിബി തോമസ്‌ (ചെയര്‍മാന്‍), ജെംസണ്‍ കുര്യാക്കോസ്‌, മാത്യു സക്കറിയ (കോര്‍ഡിനേറ്റേഴ്‌സ്‌) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ടൂര്‍ണമെന്റിന്റെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. ന്യൂജേഴ്‌സിയിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക-സാമുദായിക സംഘടനകളുടേയും മലയാളി വ്യവസായ സംരംഭങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണമാണ്‌ സംഘാടര്‍ക്ക്‌ കരുത്തേകുന്നത്‌. ഈ മെമ്മോറിയല്‍ വീക്കെന്‍ഡ്‌ നല്ലൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞ ഈ വാര്‍ഷിക കായിക മാമാങ്കത്തിലേക്ക്‌ അമേരിക്കയിലെ എല്ലാ മലയാളി കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും ടൂര്‍ണമെന്റ്‌ കമ്മിറ്റി സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kvlna.com വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.