You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, June 04, 2015 10:23 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് ഫാമിലി& യൂത്ത് കോണ്‍ഫറന്‍സ് ജൂലായ് 15 മുതല്‍ 18 വരെ നടത്തുന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, യാമ പ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമം, എത്രയും വിജയകരമായി നടത്തുന്നതിനുള്ള അവസാനഘട്ടപ്രവര്‍ത്തനങ്ങളിലാണ് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍. നിരന്തര പ്രാര്‍ത്ഥനയും, വിശ്വാസ സതീഷ്ണതയും മുഖമുദ്രയായി, തികഞ്ഞ ആത്മീയ നിറവില്‍ നടത്തപ്പെടുന്ന ഈ കൂട്ടായ്മയുടെ അവസാന ദിവസമായ ശനിയാഴ്ച ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും, ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടേയും, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും, വന്ദ്യ വൈദീകരുടേയും സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്ന വി. ബലിയര്‍പ്പണത്തിന് വേണ്ടതായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോര്‍ഡിനേറ്റര്‍ റവ.ഡോ. ഗീവര്‍ഗീസ് ജേക്കബ്, ചാലിശ്ശേരി അറിയിച്ചു.

 

 

കൊടി, വര്‍ണ്ണക്കുട, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ താളകൊഴുപ്പോടെ, പരിശുദ്ധസഭയോടും, അന്ത്യോഖ്യാ സിംഹാസനത്തോടുമുള്ള കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച്, പാത്രിയര്‍ക്കാ പതാകയ്ക്ക് പിന്നിലായി, കേരളീയ തനിമ വിളിച്ചറിയിക്കും വിധത്തിലുള്ള, വേഷവിധാനങ്ങളുമായി വിശ്വാസികള്‍ അണിനിരന്നുകൊണ്ട്, നടത്തപ്പെടുന്ന വര്‍ണ്ണശമ്പളമായ ഘോഷയാത്ര, കുടുംബമേളക്ക് കൊഴുപ്പേകും. ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ വെരി.റവ.സാബു തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിലയിരുത്തി വരുന്നു. കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കും ആവശ്യമായ എല്ലാവിധസുരക്ഷാ നടപടികളും ക്രമീകരിച്ചുവരുന്നതായി സുരക്ഷ കമ്മറ്റിയുടെ ചുമതലയുള്ള കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ ചെറിയാന്‍ വെങ്കിടത്ത് അറിയിച്ചു. ഭദ്രാസന ജനങ്ങളുടെ ആത്മീയ കൂട്ടായ്മയോടൊപ്പം കലാകായിക തലങ്ങളുടെ ഉന്നമനവും, മാനസീക ഉല്ലാസവും മുന്നില്‍കണ്ട് നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളും ക്രമീകരിച്ചു വരുന്നതായി കള്‍ച്ചറല്‍ പ്രോഗ്രാം കമ്മറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.ജോര്‍ജ് പൈലി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.