You are Here : Home / USA News

ഫീനിക്‌സ്‌ ഹോളിഫാമിലിയില്‍ ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Friday, June 05, 2015 11:12 hrs UTC

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളിഫാമിലി സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളില്‍ നിന്നും വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇടവകാംഗങ്ങള്‍ ഒരുക്കിയ ബിരുദദാന ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. ഉത്തമ കത്തോലിക്കാ വിശ്വാസത്തില്‍ ജീവിച്ചുകൊണ്ട്‌ വിശ്വാസ പരിശീലനം സമര്‍പ്പണ ബോധത്തോടെ പൂര്‍ത്തിയാക്കിയ ആന്‍ഡ്രിയ ആല്‍ബര്‍ട്ട്‌, എഡ്വിന്‍ ജോസ്‌, പ്രണവ്‌ കൊല്ലംപറമ്പില്‍ എന്നിവരെ അനുമോദിച്ച്‌ സംസാരിച്ച പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു മക്കളുടെ വിശ്വാസ ജീവിതത്തിന്‌ പ്രത്യേക പ്രാധാന്യം കൊടുത്ത മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളില്‍ നിന്നും വിശ്വാസ പരിശീലനത്തില്‍ ഗ്രാജ്വേഷന്‍ നേടുന്ന ആദ്യ ബാച്ചാണിത്‌. ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. '

 

സുവിശേഷ പ്രഘോഷണമെന്ന ഗൗരവമായ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അംഗീകാരപത്രമാണ്‌ ഗ്രാജ്വേഷന്‍ കരസ്ഥമാക്കിയതിലൂടെ വിശ്വാസപരിശീലനാര്‍ത്ഥികള്‍ക്ക്‌ കൈവന്നിരിക്കുന്നതെന്ന്‌ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ പറഞ്ഞു. ഉന്നത സ്‌കോളര്‍ഷിപ്പുകളോടെ അമേരിക്കയിലെ പ്രശ്‌സതമായ യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠത്തിന്‌ മക്കള്‍ക്ക്‌ അവസരം ലഭിച്ചത്‌ ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്ന്‌ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. മക്കളുടെ നല്ല ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഇടവകാംഗങ്ങളോട്‌ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. ജോളി തോമസ്‌, ജൂഡി റോയി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. എഡ്വിന്‍ ജോസ്‌ ചടങ്ങിനെത്തിയവര്‍ക്ക്‌ നന്ദി പറഞ്ഞു. പുതിയ ബിരുദധാരികളെ വിന്‍സെന്റ്‌ ഡി. പോള്‍ പ്രവര്‍ത്തകരും മാതൃവേദി പ്രവര്‍ത്തകരും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങുകള്‍ക്കുശേഷം കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ക്കൊപ്പം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മാത്യു ജോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.