You are Here : Home / USA News

31-മത് മാര്‍ത്തോമ്മാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, June 11, 2015 10:58 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം 2015 ജൂലൈ 2 മുതല്‍ 5 വരെയുള്ള തീയതികളില്‍ നടത്തുന്ന 31-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
 
ന്യൂയോര്‍ക്കില്‍ നിന്നും വളരെയടുത്തുള്ള സ്റ്റാംപ്‌ഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടല്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. കണക്ടിക്കട്ടിലെ വളരെ മനോഹരമായ ഈ ഹോട്ടല്‍ സമുച്ചയത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് ഒരേസമയം ഇരുന്ന് വീക്ഷിയ്ക്കാവുന്ന ബാങ്ക്വിറ്റ് ഹോളും, വിവിധ കോണ്‍ഫറന്‍സ് ഹാളുകളും, ജിംനേഷ്യം, സ്വിമ്മിംഗ്പൂള്‍, ഗെയിംസ് ആന്റ് റിക്രിയേഷന്‍ സെന്ററും, ഭക്ഷണശാലയായ ഗാര്‍ഡന്‍ പവിലിയനും ഉള്‍പ്പെടുന്ന വിശാലമായ സൗകര്യങ്ങളാണുള്ളത്. ഫാമിലി കോണ്‍ഫറന്‍സിനോട് ചേര്‍ന്ന് ജൂലൈ 1-ാം തീയതി ന്യൂയോര്‍ക്ക് സിറ്റി ബസ് ടൂറും ക്രമീകരിച്ചിട്ടുണ്ട്.
 
 
മാര്‍ത്തോമ്മാസഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ പൂര്‍ണ്ണസമയ സാന്നിദ്ധ്യവും നേതൃത്വവും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ലഭിയ്ക്കുന്നു.
 
മുഖ്യ ക്ലാസുകള്‍ക്ക് പ്രശസ്ത വേദപണ്ഡിതന്‍ റവ.ഡോ.ഷാം.പി.തോമസ് അച്ചനും, വിവിധ ട്രാക്ക് ഗ്രൂപ്പുകളുടെ വേദപഠനത്തിനും, വിഷയാവതരണങ്ങള്‍ക്കും വൈദിക-ആത്മായ നേതാക്കളും നേതൃത്വം നല്‍കുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ പ്രോഗ്രാമുകളും ക്രമീകരിച്ചിരിയ്ക്കുന്നു. കോണ്‍ഫറന്‍സിന്റെ മുഖ്യചിന്തവിഷയമായ 'കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൗത്യം-മാനവികതയുടെ പ്രത്യാശ', അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍, വേദപഠനം, സ്റ്റേജ് അവതരണങ്ങള്‍, സാമൂഹ്യ വിഷയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ ഇവ കോണ്‍ഫറന്‍സിന്റെ പ്രത്യേകതളാണ്.
 
 
മാര്‍ത്തോമ്മാ സഭയുടെ അമേരിക്ക, കാനഡാ യൂറോപ്പ് ഇടവകളില്‍ നിന്നും ധാരാളം കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ കണ്‍വീനര്‍ റവ.ഷിബു മാത്യു അറിയിച്ചു. ഏകദേശം 300 കുടുംബങ്ങള്‍ സംബന്ധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വൈദീക കുടുംബസംഗമവും ഭദ്രാസന അസംബ്ലിയും ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.
അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായമായ പങ്ക് വഹിച്ചിട്ടുള്ള ഫാമിലി കോണ്‍ഫറന്‍സിന്റെ 31-മത് കൂടിവരവിന് ആതിഥ്യമരുളുന്നത്, നോര്‍ത്ത് ഈസ്റ്റ് റീജിയനിലുള്ള 9 ഇടവകകളുടെ സംയുക്ത കമ്മറ്റിയായ ആര്‍എസി യാണ്. ഭദ്രാസന എപ്പിസ്‌ക്കോപ്പാ അഭിവദ്ധ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി പ്രസിഡന്റും, ഭദ്രാസന സെക്രട്ടറി റവ.ബിനോയി ജെ.തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ.ഷിബു മാത്യു(ജനറല്‍ കണ്‍വീനര്‍), സാമുവേല്‍ കെ. ശാമുവേല്‍(കോണ്‍ഫറന്‍സ് സെക്രട്ടറി), തമ്പി കുര്യന്‍(കോണ്‍ഫറന്‍സ് ട്രഷറര്‍) എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും, വിവിധ ഇടവകകളിലെ വികാരിമാരും അത്മായരും അടങ്ങിയ 30 അംഗ ജനറല്‍ കമ്മറ്റിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഫിനാന്‍സ് ആന്റ് സുവനീര്‍ കമ്മറ്റിയുടെ ചുമതലയില്‍ കോണ്‍ഫറന്‍സ് സുവനീറിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിയ്ക്കുന്നു.
മാര്‍ത്തോമ്മാ സഭാംഗങ്ങളുടെ ഈ കൂടിവരവ് അര്‍ത്ഥപൂര്‍ണമായ ക്ലാസുകളിലൂടെയും, ചര്‍ച്ചകളിലൂടെയും സഭയുടെ ദൗത്യാവിഷ്‌ക്കാരത്തിനും, പൊതുസമൂഹത്തിന്റെ നന്മയ്ക്കും കാരണമാകും എന്നതില്‍ സംശയമില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.