You are Here : Home / USA News

സാന്റാ അന്നയില്‍ വി.തോമാശ്ശീഹായുടെ തിരുനാളിന്‌ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 30, 2015 03:58 hrs UTC

ലോസ്‌ആഞ്ചലസ്‌: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ ദുക്‌റാന തിരുനാളിനു തുടക്കംകുറിച്ചുകൊണ്ട്‌ കൊടിയേറി. `ദുക്‌റാന' എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം `ഓര്‍മ്മ' എന്നാണ്‌. ദുക്‌റാന തിരുനാള്‍ സഭാ വിശ്വാസികള്‍ക്ക്‌ പരമ്പരാഗതമായി ലഭിച്ച ഓര്‍മ്മപ്പെടുത്തലുകളാണ്‌. ഭാരത അപ്പസ്‌തോലനായ വി. തോമാശ്ശീഹായുമായുള്ള നമ്മുടെ ബന്ധം, മാതൃസഭയിലൂടെ ഉറപ്പിക്കുവാനുള്ള അവസരംകൂടിയാണ്‌ ദുക്‌റാന തിരുനാള്‍. ജൂണ്‍ 28-ന്‌ ഞായറാഴ്‌ച രാവിലെയുള്ള ആഘോഷമായ ദിവ്യബലിയില്‍ ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനും, ഫാ. ജോസഫ്‌ മുളങ്ങാട്ടില്‍ എം.സി.ബി.സി, ഫാ. ബോബി വി.സി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം പെരുന്നാളിനു ഉയര്‍ത്തുവാനുള്ള കൊടിയും വഹിച്ചുകൊണ്ട്‌ സെന്റ്‌ സേവ്യേഴ്‌സ്‌ വാര്‍ഡ്‌ പ്രതിനിധി സൈമണ്‍ നീലങ്കാവിലും, ഹോളി ഫാമിലി പ്രതിനിധി ഫ്രാന്‍സീസ്‌ മാത്യൂസും പ്രദക്ഷിണത്തോടൊപ്പം നടന്നുനീങ്ങി. ബ. വൈദീകരോടൊപ്പം സാക്രിസ്റ്റി ജോവി തുണ്ടിയിലും അള്‍ത്താര ബാലന്മാരും, യൂക്രിസ്റ്റിക്‌ മിനിസ്റ്റര്‍മാരും കൊടിമരത്തിനു ചുറ്റിലും നിലയുറപ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട്‌ കൊടി ഉയര്‍ത്തി. തത്സമയം ജോസുകുട്ടി മംഗലശേരിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ചടങ്ങിനു മോടികൂട്ടി. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 4-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ സമൂഹബലി, മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്‌, നഗരികാണിക്കല്‍ പ്രദക്ഷിണം എന്നിവയില്‍ ഫാ. കുര്യാക്കോസ്‌ വാടാന എം.എസ്‌.ടി, ഫാ. സിജു മുടക്കോടില്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി സെബാസ്റ്റ്യന്‍ എസ്‌.വി.ഡി, ഫാ. ജോസഫ്‌ കെന്നഡി, ഫാ. ആഞ്ചലോസ്‌ സെബാസ്റ്റ്യന്‍ എന്നീ വൈദീകര്‍ സഹകാര്‍മികരായിരിക്കും. തിരുനാള്‍ പ്രദക്ഷിണത്തിനും സ്‌നേഹവിരുന്നിനും ശേഷം 8.30-ന്‌ സാന്‍തോം തീയേറ്റേഴ്‌സ്‌ അവതരിപ്പിക്കുന്ന സംഗീത നൃത്ത സാമൂഹിക നാടകം `വേര്‍പാടിന്റെ നൊമ്പരങ്ങള്‍' അരങ്ങേറും. തുടര്‍ന്ന്‌ വിവിധ വാര്‍ഡുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. ഫാ. ഇമ്മാനുവേല്‍, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, ഷാജി തോമസ്‌, ശാരി ജോസുകുട്ടി, ടോമി പുല്ലാപ്പള്ളില്‍, പാരീഷ്‌ കൗണ്‍സില്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ജയ്‌സണ്‍ ജേക്കബ്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ലോസ്‌ അഞ്ചലസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.