You are Here : Home / USA News

ഇന്ത്യക്കാരുടെ ഗവേഷക സംഘടന എയ്‌റിയോ ആഗോള തലത്തിലേക്ക്

Text Size  

Story Dated: Wednesday, May 20, 2015 07:36 hrs UTC

ഡോ. ജോര്‍ജ് എം. കാക്കനാട്ട്‌

 

ന്യൂജേഴ്‌സി: ഇന്ത്യക്കാരായ യുവ ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിവിധ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട 'എയ്‌റിയോ' (അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ആഗോള തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംഘടനയ്ക്ക് നാഷണല്‍, ഇന്റര്‍നാഷണല്‍, ഗ്ലോബല്‍ എന്നിങ്ങനെ ചാപ്റ്ററുകള്‍ രൂപവല്‍ക്കരിച്ചതായി സംഘടനയുടെ സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ ഗ്ലാബല്‍ പ്രസിഡന്റുമായ, ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അറിയിച്ചു. ന്യൂജേഴ്‌സി വെസ്റ്റ്‌വുഡില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു.

 

 

ഗ്ലോബല്‍ പ്രസിഡന്റ്-ഡോ. ജോസഫ് മാര്‍ തോമസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാര്‍-ഡോ. അജയ് കുമാര്‍ പോഡാര്‍ (യു.എസ്.എ), ഡോ. വര്‍ക്കി ആറ്റുപുറം (കേരളം), ഡോ. ബിജു ചിറ്റുപറമ്പന്‍ (കര്‍ണാടക), ഡോ. ആന്‍ഡ്രൂ പാപ്പച്ചന്‍. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍-ഡോ. കെ.ഇ വേലായുധന്‍, ഗ്ലോബല്‍ ട്രഷറര്‍-ഡോ. വീണാ വിജയനാഥന്‍. എയ്‌റിയോയുടെ അമേരിക്കന്‍ ഭാരവാഹികള്‍: പ്രസിഡന്റ്-ഡോ. ജോര്‍ജ് കെ. ജയിംസ്, വൈസ് പ്രസിഡന്റ്-ഡോ. കെ.വി. വേലായുധന്‍, സെക്രട്ടറി ജനറല്‍-ഡോ. ജോര്‍ജ് എം കാക്കനാട്ട്, സെക്രട്ടറി-ഡോ. അജയ് കുമാര്‍ പോഡാര്‍, ട്രഷറര്‍-ഡോ. വീണാ വിജയനാഥന്‍. സംഘടനയുടെ മുന്‍ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ തോമസ് എയ്‌റിയോ യു.എസ്.എയുടെ പേട്രണ്‍ ആയിരിക്കും. ന്യൂസ് ലെറ്ററിന്റെ ചാര്‍ജ് ഡോ.കെ.വി. വേലായുധനാണ്.

 

 

ജനറല്‍ ബോഡി യോഗം ബൈലോയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ചുമതലപ്പെടുത്തി. സീടണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എജ്യുകേഷന്‍ മാനേജ്‌മെന്റില്‍ പി.എച്ച്.ഡി നേടിയ ഡോ. ബിജു ചിറ്റുപറമ്പനും ജര്‍മനിയിലെ ബാര്‍ഡന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സിലും കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലും ഡോക്ടറേറ്റ് നേടിയ ഡോ. അജയ് കുമാര്‍ പോഡാറിനും തങ്ങളുടെ അക്കാദമിക് രംഗത്തെ നേട്ടങ്ങള്‍ മാനിച്ച് ഡോ. ജോസഫ് മാര്‍ തോമസ് അവാര്‍ഡ് നല്‍കി. അന്താരാഷ്ട്ര തലത്തില്‍ ഗവേഷണത്തെ പരിപോഷിപ്പിക്കുന്നതിനും പ്രത്യേകിച്ച് യുവ ഇന്ത്യന്‍ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2007ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് എയ്‌റിയോ. നാട്ടില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും എത്തിച്ചേര്‍ന്നിട്ടുള്ള ഗവേഷകര്‍ക്ക് വിവിധ യൂണിവേഴ്‌സിറ്റികളില്‍ അവസരങ്ങള്‍ കണ്ടെത്തി കൊടുക്കുകയും അത്യാവശ്യമുള്ളവര്‍ക്ക് ചെറിയ സാമ്പത്തിക സഹായം ചെയ്തു കൊടുക്കുകയും ഗവേഷണം വഴി അവര്‍ നേടിയിട്ടുള്ള പുതിയ അറിവുകള്‍ സമൂഹ നന്മയ്ക്ക് ഉതകത്തക്ക രീതിയില്‍ അത് എല്ലാവരിലും എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ സുപ്രധാന ലക്ഷ്യമെന്ന് ഡോ. ജോസഫ് മാര്‍ തോമസ് വിശദീകരിച്ചു, വിദേശ യൂണിവേഴ്‌സിറ്റികളിലുള്ള അവസരങ്ങള്‍ നേടിയെടുക്കുവാന്‍ ഗവേഷകരെ സജ്ജരാക്കുക എന്ന ലക്ഷ്യം കൂടുതല്‍ സാര്‍ത്ഥകമാക്കാന്‍ എയ്‌റിയോയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ അറിവുകളെ സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിക്കുന്നതാണ്. ഡോ. ജോസഫ് മാര്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ഡോ. അജയ് കുമാര്‍ പോഡാര്‍ ആണ് സ്വാഗതം ആശംസിച്ചത്. ഡോ. കെ.വി. വേലായുധന്‍ 2014ലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. വീണാ വിജയനാഥന്‍ കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും ജനറല്‍ ബോഡി പാസാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.