You are Here : Home / USA News

പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗീയ ദര്‍ശനങ്ങളെ പ്രാപിപ്പാന്‍ വിശ്വാസ സമൂഹം തയ്യാറാകണം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 26, 2015 10:36 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. 33-മത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിച്ച ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും മെയ് 17 ഞായറാഴ്ച വൈകീട്ട് 5.30 നു ഹോളിസിലുള്ള ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്നു. റവ.കെ.വി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യഹോവയായ ദൈവം നല്ലവനെന്ന് രുചിച്ചറിഞ്ഞ്, വിശ്വാസത്തിലും വിശുദ്ധിയിലും ധൈര്യമായി നിന്നുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗീയ ദര്‍ശനങ്ങളെ പ്രാപിപ്പാന്‍ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ സീനിയര്‍ ശുശ്രൂഷകനും റാന്നി സെന്റര്‍ പ്രസിഡന്റുമായ പാസ്റ്റര്‍ കെ.ക.ചെറിയാന്‍ പ്രസ്താവിച്ചു. കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അനുഗ്രഹീത പ്രഭാഷകന്‍ കൂടിയായ റവ.കെ.കെ.ചെറിയാന്‍.

പാസ്റ്റര്‍മാരായ എം.എസ്. മത്തായി, ഇട്ടി ഏബ്രഹാം, ഡോ. ജോയി.പി. ഉമ്മന്‍, മോനി മാത്യൂ, ഡോ.ബാബു തോമസ്, ഡോ.മോനീസ് ജോര്‍ജ്, ബ്രദര്‍ കുഞ്ഞുമോന്‍ സാമുവേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ നയിക്കുകയും ചെയ്തു.
പി.സി.എന്‍.എ.കെ. കണ്‍വീനര്‍ റവ.ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ്, ട്രഷറാര്‍ ബ്രദര്‍ റെജി ഏബ്രഹാം തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരണങ്ങള്‍ നടത്തി. സ്റ്റേറ്റ് പ്രതിനിധികളും ഭാരവാഹികളുമായ റവ.കെ.വി.ഏബ്രഹാം, ബ്രദര്‍ അനുരാജ് രാജന്‍, ബ്രദര്‍ വില്യം ഫിലിപ്പ്, ബ്രദര്‍ ഫില്‍സണ്‍ തോമസ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. രക്ഷാമാര്‍ഗ്ഗം മിനിസ്ട്രീസ് നേതൃത്വം നല്‍കിയ ആത്മീയ ഗാനശുശ്രൂഷയും യോഗത്തില്‍ ഉണ്ടായിരുന്നു.
പി.സി.എന്‍.എ.കെ. 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പി.സി.എന്‍.എ.കെ. കണ്‍വീനര്‍ റവ.ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ്, ട്രഷറാര്‍ ബ്രദര്‍ റെജി ഏബ്രഹാം, കോര്‍ഡിനേറ്റര്‍ ബ്രദര്‍ നെബു സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീന്‍വില്‍ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടല്‍ ഹയാട്ട് റീജന്‍സിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്. പ്രസിദ്ധരായ നിരവധി ദൈവദാസി ദാസന്മാര്‍ പരിശുദ്ധാത്മ നിറവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകര്‍ മുഖ്യ പ്രാസംഗീകരായി എത്തിച്ചേരും.
ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുവാനും സമ്മേളനത്തില്‍ പങ്കെടുക്കുവാനും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.pcnakonline.org

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.