You are Here : Home / USA News

ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ ട്രോഫി: കൈരളി ലയണ്‍സ്‌ ചിക്കാഗോ ജേതാക്കള്‍

Text Size  

Story Dated: Monday, June 01, 2015 09:58 hrs UTC

ജയ്‌ കാലായില്‍

 

ന്യൂജേഴ്‌സി: കേരളാ വോളിബോള്‍ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡിനോടനുബന്ധിച്ച്‌ ന്യൂജേഴ്‌സിയിലെ ഡിക്കന്‍സണ്‍ യൂണിവേഴ്‌സിറ്റി റോത്ത്‌മാന്‍ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ വെച്ച്‌ നടത്തപ്പെട്ട 27-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൈരളി ലയണ്‍സ്‌ ചിക്കാഗോ ജേതാക്കളായി. അത്യധികം ആവേശകരമായ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ബഫല്ലോ സോള്‍ജിയേഴ്‌സ്‌ ടീമിനെ കീഴടക്കിയാണ്‌ ചിക്കാഗോ ടീം ചാമ്പ്യന്‍ഷിപ്പ്‌ നിലനിര്‍ത്തിയത്‌. ഇടിമുഴക്കം സൃഷ്‌ടിച്ച സ്‌മാഷുകളും, സമര്‍ത്ഥമായ പ്ലെയിസ്‌മെന്റുകളും ശക്തമായ പ്രതിരോധവും ഉള്‍പ്പെടുന്ന ചിക്കാഗോയുടെ കോരിത്തരിപ്പിച്ച പ്രകടനത്തിനു മുന്നില്‍ പിടിച്ചുനില്‌ക്കാനുള്ള ബഫല്ലോയുടെ ശ്രമങ്ങള്‍ നിഷ്‌ഫലമാകുകയായിരുന്നു.

 

സ്‌കോര്‍ 25-19, 25-19, 25-22. മേയ്‌ 23,24 തീയതികളില്‍ നടത്തപ്പെട്ട ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചത്‌ ന്യൂജേഴ്‌സിയിലെ ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌ ടീമാണ്‌. 3 പൂളുകളിലായി നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ 13 ടീമുകള്‍ പങ്കെടുത്തു. പൂള്‍ മത്സരങ്ങളില്‍ നേടിയ ഉയര്‍ന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌, ടാമ്പാ ടൈഗേഴ്‌സ്‌ എന്നീ ടീമുകള്‍ നേരിട്ട്‌ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ വിജയത്തിലൂടെ ബഫല്ലോ ചിക്കാഗോ ടീമുകളും സെമിഫൈനലിനുള്ള അര്‍ഹത നേടി. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ ഒടുവില്‍ ഡിട്രോയിറ്റ്‌ ഈഗിള്‍സിനെ പരാജയപ്പെടുത്തി ബഫല്ലോയും, ടാമ്പാ ടൈഗേഴ്‌സിനെ തോല്‍പിച്ച്‌ ചിക്കാഗോയും ഫൈനലില്‍ പ്രവേശിച്ചു.

 

ചിക്കാഗോയുടെ അഭിമാനവും, അമേരിക്കന്‍ വോളിബോളിനു തന്നെ പ്രതീക്ഷയുമായ സനല്‍ തോമസ്‌ ടൂര്‍ണമെന്റിലെ മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയറായി (എം.വി.പി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം.വി.പിയോടൊപ്പം ടൂര്‍ണമെന്റിലെ മികച്ച സെറ്റര്‍ പദവിയും സനലിനു തന്നെ ലഭിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഒഫന്‍സീവ്‌ പ്ലെയറായി ബഫല്ലോയുടെ ജോര്‍ജ്‌ മുണ്ടച്ചിറ തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട മത്സരത്തില്‍ ചിക്കാഗോയും, 40 വയസ്സിനു മേലുള്ളവര്‍ക്കുള്ള മത്സരത്തില്‍ ന്യൂയോര്‍ക്ക്‌ ട്രൈസ്റ്റേറ്റ്‌ ടീമും വിജയികളായി. വോളിബോള്‍ പ്രേമികളുടെ വലിയൊരു പങ്കാളിത്തം ടൂര്‍ണമെന്റിലുടനീളം പ്രകടമായിരുന്നു. ആര്‍ത്ത്‌ വിളിച്ച്‌ അവര്‍ നല്‍കിയ പ്രോത്സാഹനം കളിക്കാര്‍ക്ക്‌ ആവേശം പകരുകയും, മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പുളവാക്കുന്നതുമായിരുന്നു. ജിബി തോമസ്‌ (ചെയര്‍മാന്‍), ടി.എസ്‌. ചാക്കോ (പേട്രന്‍), ജെംസണ്‍ കുര്യാക്കോസ്‌ (കോര്‍ഡിനേറ്റര്‍), മാത്യു സക്കറിയ (മാനേജര്‍) എന്നിവര്‍ അടങ്ങിയ സമര്‍ത്ഥമായ നേതൃത്വമാണ്‌ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്‌. ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളുടേയും, സമൂഹത്തിന്റേയും ഉറച്ച പിന്തുണയും അവര്‍ക്ക്‌ ലഭിച്ചു. ചിക്കാഗോയില്‍ നിന്നുള്ള ടോം കാലായില്‍ പ്രസിഡന്റായുള്ള കെ.വി.എല്‍.എന്‍.എ ഡയറക്‌ടര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ അനുസരണമായാണ്‌ ടൂര്‍ണമെന്റിന്റെ നടത്തിപ്പ്‌. അടുത്തവര്‍ഷത്തെ ടൂര്‍ണമെന്റ്‌ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തപ്പെടും. ടീം അംഗങ്ങള്‍ ചിക്കാഗോ- റിന്റു ഫിലിപ്പ്‌ (ക്യാപ്‌റ്റന്‍), മെറിന്‍ മാഗലശേരി (വൈസ്‌ ക്യാപ്‌റ്റന്‍), സനല്‍ തോമസ്‌, ടോണി ജോര്‍ജ്‌, നെതിന്‍ തോമസ്‌, ഷോണ്‍ കദളിമറ്റം, അലക്‌സ്‌ കാലായില്‍, ടോം ജോസഫ്‌ ഈരോരിക്കല്‍, പോള്‍ എടാട്ട്‌, ലെറിന്‍ മാത്യു, ടോണി സംഗേരാ, മാക്‌സ്‌ തച്ചേട്ട്‌, സീല്‍ സൈമണ്‍ (ടീം അംഗങ്ങള്‍). സിബി കദളിമറ്റം, സാജന്‍ തോമസ്‌, പ്രൈസ്‌ തോമസ്‌, ജയ്‌ കാലായില്‍ (പരിശീലകര്‍), ടോം കാലായില്‍ (മാനേജര്‍). ബഫല്ലോ- ജോര്‍ജ്‌ മുണ്ടച്ചിറ (ക്യാപ്‌റ്റന്‍), സെനോ ജോസഫ്‌, ജോണ്‍ മാത്യു, അരുണ്‍ തോമസ്‌, അലോഷ്‌ അലക്‌സ്‌, സജിന്‍ തോമസ്‌, സുനു കോശി, ജോതിഷ്‌ ജേക്കബ്‌, ജിജി ജോര്‍ജ്‌, ജോജോ കുര്യന്‍, ചാള്‍സ്‌ മാത്യു, ജിമ്മി തോമസ്‌ (ടീം അംഗങ്ങള്‍), ടോമി തോമസ്‌ (മാനേജര്‍), സിജോ ജോസഫ്‌, ജോസഫ്‌ ഫ്രാന്‍സീസ്‌ (പരിശീലകര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.