You are Here : Home / USA News

നോർത്തമേരിക്ക ഐപിസി ഈസ്റ്റേൺ റീജിയന് നവനേതൃത്വം റവ. ജോസഫ് വില്യംസ് പുതിയ പ്രസിഡന്റ്

Text Size  

Story Dated: Wednesday, December 27, 2017 03:52 hrs UTC

ന്യൂയോർക്ക് ∙ ഇന്ത്യ പെന്തക്കോസ്തൽ ചർച്ചിൽ ഡിസംബർ 17 നു കൂടിയ ഐപിസി ഈസ്റ്റേൺ റീജിയൻ ജനറൽ ബോഡിയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള (2018– 2020) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മീഷണറായി റവ. ഇട്ടി ഏബ്രഹാം പ്രവർത്തിച്ചു. റവ. ജോസഫ് വില്യംസ് (പ്രസിഡന്റ്), റവ. മാത്യു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), റവ. ബാബു തോമസ് (സെക്രട്ടറി), ബ്രദർ ജോൺസൻ ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ബേവൻ തോമസ് (ട്രഷറർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. മൊത്തം 39 അംഗങ്ങൾ ഉള്ള ഐപിസി ഈസ്റ്റേൺ റീജിയനിൽ 20 പാസ്റ്റേഴ്സും 19 സഹോദരന്മാരും ഉൾപ്പെടുന്നു.

സ്ഥാനം ഒഴിയുന്ന മുൻ പ്രസിഡന്റ് റവ. ഇട്ടി ഏബ്രഹാം അധ്യക്ഷത വഹിച്ച ജനറൽ ബോഡിയിൽ മുൻ സെക്രട്ടറി റവ. കെ. വി. ഏബ്രഹാം മൂന്ന് വർഷത്തെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ട്രഷറർ സാം തോമസ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ ജോയിന്റ് സെക്രട്ടറി ഉമ്മൻ എബനേസർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിക്കുകയും കൃത‍ജ്ഞത അറിയിക്കുകയും ചെയ്തു.

പുതിയ പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ട റവ. ജോസഫ് വില്യംസ് നോർത്തമേരിക്കയിലെ ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭയിലെ ഒരു സീനിയർ സഭാ ശുശ്രൂഷകനാണ്. 15–ാമത് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ കൺവീനറായി പ്രവർത്തിച്ച ഇദ്ദേഹം മൂന്നു തവണ ഐപിസി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഇപ്പോൾ ഐപിസി ജനറൽ കൗൺസിൽ ഭരണഘടനാ ഭേദഗതി കമ്മറ്റി ചെയർമാനായി പ്രവർത്തിക്കുന്നു. രണ്ട് പതിനാറ്റാണ്ടിൽ അധികമായി ഐപിസി ഈസ്റ്റേൺ റീജിയന് സമുന്നതമാകുന്ന നേതൃത്വം നല്കുന്ന ഇദ്ദേഹം 12 വർഷം റീജിയന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. റീജിയൻ പിവൈപിഎ പ്രഥമ പ്രസിഡന്റായിരുന്നു. ന്യുയോർക്ക് ഐപിസി റോക്ക് ലാന്റ് അസംബ്ലിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം ഇപ്പോൾ സഭയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം ബിരുദാനന്തര ബിരുദവും എം കോം, എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തിര‍ഞ്ഞെടുക്കപ്പെട്ട റവ. മാത്യു ഫിലിപ്പ് ന്യൂജേഴ്സി ഐപിസി ശാലേം സഭയുടെ സീനിയർ പാസ്റ്ററാണ്. ബൈബിൾ കോളജ് അധ്യാപകനായി ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഒരു അനുഗൃഹീത പ്രസംഗകനും സഭാ ശുശ്രൂഷകനുമാണ്. 15–ാം മത് ഐപിസി ഫാമിലി കോൺഫറൻസിന്റെ ലോക്കൽ കോർഡിനേറ്ററായിരുന്നു. ബാംഗ്ലൂർ സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് ക്രിസ്ത്യൻ സ്റ്റഡീസിൽ നിന്ന് എംറ്റിഎച്ച് കരസ്ഥമാക്കിയിട്ടുണ്ട്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റവ. ബാബു തോമസ് ഐപിസി ഹെബ്രോൻ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. സമർത്ഥനായ ലേഖകനായ ഇദ്ദേഹം കേരളാ പെന്തക്കോസ്തു റൈറ്റേഴ്സ് ഫോറം പ്രസിഡന്റായിരുന്നു. പ്രസിദ്ധമായ ബോസ്റ്റൺ ഗോർഡൻ കോൺവൽ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹം നല്ലൊരു പ്രസംഗകൻ കൂടിയാണ്. റീജിയൻ പിവൈപിഎയുടെ മുൻ സെക്രട്ടറിയായിരുന്നു.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ജോൺസൻ ജോർജ് ന്യുജേഴ്സി ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലിയുടെ ആരംഭകാല പ്രവർത്തകനും സജീവ അംഗവുമാണ്. സഭയുടെ മുൻ സെക്രട്ടറിയായിരുന്നു. കാൽ നൂറ്റാണ്ടായി ന്യൂജേഴ്സി മലയാളി പെന്തക്കോസ്തരുടെ ഇടയിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം ന്യുയോർക്ക് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അസോസിയേറ്റ് സൂപ്പർ വൈസിംഗ് ഓഡിറ്ററായി ജോലി ചെയ്യുന്നു. പിസിനാക്ക് ഐപിസി ഫാമിലി കോൺഫറൻസ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് ഡിഗ്രിയും (എംകോം) ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും കരസ്ഥമാക്കിയിട്ടുണ്ട്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബേവൻ തോമസ് ന്യൂയോർക്ക് പെന്റക്കോസ്തൽ അസംബ്ലിയുടെ സജീവ പ്രവർത്തകനും അംഗവുമാണ്. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ കോർപ്പറേഷനിൽ ഫിനാൻസ് ഡിറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

ഫോർഡം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം റീജിയൻ കൗൺസിലിൽ ഒരു പുതുമുഖമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.