JOSE PINTO STEPHEN
ന്യൂജേഴ്സി: 2014-ലെ ഇവാഞ്ചലിന് മെനന്‍ഡസ് ട്രെയില്‍ ബ്ലെയിസര്‍ അവാര്‍ഡ് വിതരണ ചടങ്ങ് ന്യൂജേഴ്സിയിലെ സെന്റ് പീറ്റേഴ്സ് കോളജില്‍ അരങ്ങേറി. യു.എന്‍ സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ അവര്‍ഡ്.
ന്യൂജേഴ്സിയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളില്‍ നിന്ന് തെരഞ്ഞെടുത്ത ആറ് വനിതാരത്നങ്ങളെ അംഗീകരിച്ചുകൊണ്ട് അവാര്‍ഡ് നല്‍കുകയായിരുന്നു ഈ ചടങ്ങിന്റെ പ്രാഥമിക ലക്ഷ്യം.
ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഇവാഞ്ചലിന് മെനന്‍ഡസ് വളരെ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കി അമേരിക്കയിലെ ഉന്നതരുടെ ഇടയില്‍ അവരെ ബഹുമാനിതരാക്കി. അങ്ങനെയുള്ള ഒരു മാതാവിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് പറഞ്ഞു.
ലോറന് ബ്രന്നന്‍, ഡാനിയേല്ല ഗ്ലെറ്റോ, എമി മാന്‍സു, ഐഡ മാര്‍ഷല്‍, ജനറ്റ് മിനോ, കാതലിന് ആഷി എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.
അംബാസിഡര്‍ സാമന്താ പവര്‍ ആയിരുന്നു മുഖ്യപ്രഭാഷക. അയര്‍ലന്‍ഡില്‍ നിന്നും വളരെ ചെറുപ്രായത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ സാമന്താ പവറിന്റെ ജീവിതത്തിലും മുഖ്യപ്രചോദനം നല്‍കിയത് അവരുടെ അമ്മയായിരുന്നുവെന്ന് പ്രസംഗത്തിനിടയില്‍ സാമന്താ പവര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയില്‍ അമേരിക്കയുടെ അംബാസിഡറായി സേവനം ചെയ്യുന്ന സാമന്ത പ്രസിഡന്റ് ഒബാമയുടെ ക്യാബിനറ്റംഗം കൂടിയാണ്.
മുന്‍ അംബാസിഡര്‍ മെറില്‍ ഫ്രാങ്ക് ആയിരുന്നു എം.സി. അഞ്ചാമത് ലോക വനിതാ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ പ്രതിനിധിയായിരുന്ന മെറില്‍ ഫ്രാഘ്ത് ഐക്യരാഷ്ട്ര സഭയുടെ വനിതാ കമ്മീഷനിലും അംഗമായിരുന്നു.
ഈ സമ്മേളനത്തില്‍ ജിബി തോമസിന്റെ നേതൃത്വത്തില്‍ ഒരുസംഘം മലയാളികള്‍ പങ്കെടുത്തു. അവരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
ജിബി തോമസ്, സ്വപ്ന രാജേഷ്, ഷീല ശ്രീകുമാര്‍, സജി പോള്‍, സണ്ണി വാലിയപ്ലാക്കല്, സോബിന്‍ ചാക്കോ (കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി).
തോമസ് കൂവള്ളൂര്‍, കുര്യാക്കോസ് കറുകപ്പിള്ളി, രവീന്ദ്രന് നാരായണന് (ജസ്റ്റീസ് ഫോര്‍ ഓള്), ബോബി തോമസ്, ഹരികുമാര്‍ രാജന് (കേരള സമാജം ഓഫ് ന്യൂജേഴ്സി), ഫ്രീന്ലാന്റ്സ് ജേര്‍ണലിസ്റ്റ് ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Comments