പാസഡീന മലയാളി അസോസിയേഷന്റെ (പി.എം.എ) 22-മത് വാര്‍ഷിക ദിന പരിപാടികള്‍ നവംബര്‍ 22-ന് പാര്‍ക്ക് ഗേറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു. പി.എം.എ 2014 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വര്‍ഗീസ് പി.എം.എയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും, ഓരോ വര്‍ഷവും നാട്ടിലെ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതില്‍ പി.എം.എയുടെ കൃത്യതയെ അഭിനന്ദിക്കുകയും ചെയ്തു. ഈവര്‍ഷം കേരളത്തിലെ അഞ്ചുപേര്‍ക്ക് 400 ഡോളര്‍ വീതം ധസഹായം നല്കാന് പി.എം.എയ്ക്ക് കഴിഞ്ഞു.
പതിനഞ്ചോളം കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘ നൃത്തം, ഗാനങ്ങള്‍, കോമഡി സ്കിറ്റ്, പി.എം.എ ബോയ്സ് അവതരിപ്പിച്ച ഹാസ്യനൃത്തം, സലിം അറയ്ക്കല്‍ അവതരിപ്പിച്ച മാജിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസിനെ ആസ്വാദനത്തിന്റെ വിവിധ മേഖലകളിലേക്ക് നയിച്ചു.
സെക്രട്ടറി സലീം അറയ്ക്കല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സംഘടനയുടെ കൂട്ടായ്മ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏവരേയും അഭിനന്ദിച്ചു. വാര്‍ഷിക പിക്നിക്കില്‍ നടന്ന സ്പോര്‍ട്സ് & ഗെയിംസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏകദേശം ഇരുനൂറോളം പേര് ഈ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു. സാബു ഫിലിപ്പ് കൃതജ്ഞത പറഞ്ഞ സമ്മേളനം വിഭവസമൃദ്ധമായ ഡിന്നറോടെ പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pmatexas.org അജിത് ആന്റണി അറിയിച്ചതാണിത്.
Comments