- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്‌ലാന്റുമായി സഹകരിച്ച് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ആഗസ്റ്റ് 16ന് സംഘടിപ്പിച്ച ഇന്ത്യാ ഡേ പരേഡ് വന്‍ വിജയമായി. ന്യൂസിറ്റി ലൈബ്രറി പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ആരംഭിച്ച പരേഡില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഫ്‌ലോട്ടും ഉണ്ടായിരുന്നു. ചുണ്ടന്‍ വള്ളം തുഴയുന്നത് ഫ്‌ളോട്ടില്‍ അലങ്കരിച്ചിരുന്നു. അസോസിയേഷന്റെ ബാനറിനു കീഴില്‍ നിരന്നുകൊണ്ട് ഘോഷയാത്ര നയിച്ചത് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍, സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ മത്തായി പി ദാസ്, പ്രസിഡന്റ് ഇലക്‌റ്റ് ഷാജി വെട്ടം, കൌണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന അസോസിയേറ്റഡ് സെക്രട്ടറി ജോസഫ് കുരിയപ്പുറം എന്നിവരായിരുന്നു. ജോയിന്റ് സെക്രട്ടറി കൂടിയായ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍ ചെണ്ടമേളം ഘോഷയാത്രക്ക് മാറ്റു കൂട്ടി.
മഹാബലി തമ്പുരാന്റെ വേഷത്തില്‍ അലക്‌സാണ്ടര്‍ പൊടിമണ്ണിലും, മഹാത്മാ ഗാന്ധിജിയുടെ വേഷത്തില്‍ ഡോ. ഫ്രാന്‍സിസ് ക്‌ളമെന്റും പങ്കെടുത്തു. ന്യൂസിറ്റി കോര്‍ട്ട് ഹൗസിനു മുന്‍പില്‍ ഘോഷയാത്ര അവസാനിപ്പിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഐ.സി.എസ്.ആറിന്റെ ഭാരവാഹികളോടൊപ്പം ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍, ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന വിവിധ കലാ പരിപാടികളില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള പല കുട്ടികളും സജീവമായി പങ്കെടുത്തു.
Comments