You are Here : Home / USA News

സ്വാമിയച്ചന്‌ ന്യൂജേഴ്‌സി സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ ഊഷ്‌മള സ്വീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 22, 2015 10:27 hrs UTC

ന്യൂജേഴ്‌സി: കാവി മുണ്ടും, കാവി ഷാളും ധരിച്ച്‌ നഗ്നപാദനായി അമേരിക്കന്‍ സന്ദര്‍ശനത്തിനു എത്തിച്ചേര്‍ന്ന കര്‍മ്മലീത്താ വൈദീകന്‍ സ്വാമി സദാനന്ദയ്‌ക്ക്‌ ന്യൂജേഴ്‌സി സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫെറൈയ്‌ന്‍ ചര്‍ച്ചില്‍ വികാരിയും, ഇടവക ചുമതലക്കാരും, വിശ്വാസികളും ചേര്‍ന്ന്‌ ഊഷ്‌മള വരവേല്‍പ്‌ നല്‍കി. `ഹാര്‍ട്ട്‌ ഓഫ്‌ മര്‍ഡര്‍' എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന്‌ റെയ്‌ലോ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്റഗ്രല്‍ ഡവലപ്‌മെന്റ്‌ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുടെ ക്ഷണമനുസരിച്ച്‌ ഒരു മാസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വാമി സദാനന്ദ. ഏപ്രില്‍ 19-ന്‌ ശനിയാഴ്‌ച രാവിലെ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ എത്തിച്ചേര്‍ന്ന സ്വാമിയച്ചനെ വികാരി ഫാ. തോമസ്‌ കടുപ്പള്ളില്‍, ട്രസ്റ്റിമാരായ തോമസ്‌ ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്‌, മിനേഷ്‌ ജോസഫ്‌, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

 

സാധാരണ വൈദീകരില്‍ നിന്നും വ്യത്യസ്‌തനായി നീട്ടിവളര്‍ത്തിയ തലമുടിയും, നരച്ചുവെളുത്ത താടിയും , കാവിമുണ്ടും ഷാളും ധരിച്ച്‌ തികച്ചും സന്യാസജീവിതം നയിക്കുന്ന സപ്‌തതി ആഘോഷിച്ച വന്ദ്യ വൈദീകനെ ഒരുനോക്കു കാണുന്നതിനും, കരസ്‌പര്‍ശം ലഭിക്കുന്നതിനുമായി എത്തിച്ചേര്‍ന്നവര്‍ക്ക്‌, അച്ചന്റെ അധരങ്ങളിലൂടെ ഒഴുകിയെത്തിയ സ്‌നേഹവചസ്സുകള്‍ ശരീരത്തിനും മനസിനും കുളിര്‍മ പകര്‍ന്നു. മധ്യപ്രദേശിലെ നരസിംഗപ്പൂര്‍ എന്ന ഗ്രാമത്തില്‍ മൂന്നു ഹെക്‌ടര്‍ ഭൂമിയില്‍ പതിമൂന്നു ചെറിയ കുടിലുകളുള്ള ആശ്രമത്തില്‍ താമസിച്ചുകൊണ്ട്‌ ക്രിസ്‌തുദേവന്റെ സാരോപദേശങ്ങള്‍ മര്‍ദ്ദിതരും നിരാലംബരുമായ ഗ്രാമീണ ജനതയില്‍ എത്തിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരികയാണ്‌ ഫാ. മൈക്കിള്‍ പുറാട്ടുകര എന്നപേരില്‍ തൃശൂര്‍ ജില്ലയില്‍ അറിയപ്പെട്ടിരുന്ന, പിന്നീട്‌ സ്വാമി സദാനന്ദ എന്ന പേര്‌ സ്വീകരിച്ച സ്വാമിയച്ചന്‍. ചടങ്ങില്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു.

 

സ്വാമിയച്ചന്റെ സന്തതസഹചാരിയും സി.എം.ഐ വൈദീകനുമായ പീറ്റര്‍ അക്കനത്ത്‌ പൂര്‍വ്വകാല സ്‌മരണകള്‍ പുതുക്കി അച്ചനെ സദസിനു പരിചയപ്പെടുത്തി. കഠിനമായ തീച്ചുളയുടെ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നപ്പോള്‍ വലകരം പിടിച്ചു ധീരതയോടെ മുന്നേറാന്‍ കരുത്തു നല്‍കിയത്‌ ഈശോയുടെ സാമീപ്യമായിരുന്നുവെന്ന്‌ അച്ചന്‍ വീശദീകരിച്ചു. തുടര്‍ന്ന്‌ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്‌ എടുത്തു. അധ്യാപകന്‍ ജോര്‍ജ്‌ ചെറിയാന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.