You are Here : Home / USA News

റവ. ഏബ്രഹാം ഉമ്മന്‍ അച്ചന്‌ എബനേസര്‍ ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി

Text Size  

Story Dated: Saturday, April 25, 2015 10:47 hrs UTC

സി.എസ്‌.ചാക്കോ

ന്യൂയോര്‍ക്ക്‌ : ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയില്‍ നിന്നും മൂന്നു വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ.ഏബ്രഹാം ഉമ്മനും, കുടുംബത്തിനും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്ക്‌ നേതൃത്വം നല്‍കിയ അച്ചന്‍ യോഹന്നാന്റെ സുവിശേഷം ഇരുപത്തൊന്നാം അദ്ധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങള്‍ ഉദ്ധരിച്ച്‌ വചനഘോഷണം നടത്തി. തിബെര്യാസ്‌ കടല്‍ക്കരയില്‍ വച്ച്‌ യേശു തന്റെ ശിഷ്യന്മാര്‍ക്ക്‌ മൂന്നാം പ്രാവശ്യം പ്രത്യക്ഷനാകുന്ന സംഭവം അച്ചന്‍ വിശദീകരിച്ചു. യേശുവിന്റെ മരണശേഷം, തങ്ങളുടെ പഴയ തൊഴിലായ മീന്‍പിടുത്തത്തിലേക്ക്‌ തിരികെപ്പോയ ശിഷ്യന്മാരുടെ ഒരു രാത്രിമുഴുവനായുള്ള അദ്ധ്വാനം ഒരു മീന്‍ പോലും ലഭിക്കാതെ റൂഥാവിലാക്കുകയും, നിരാശയരായ ശിഷ്യന്മാരുടെ അടുത്തേക്ക്‌ യേശു കടന്നുചെല്ലുകയും ചെയ്യുന്നു. ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി വിളിച്ചു വേര്‍തിരിച്ച ശിഷ്യന്മാര്‍ ദൈവഹിതത്തിന്‌ എതിരായ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പരാജയം സംഭവിക്കുന്നു.

 

 

നാം പലപ്പോഴും നമ്മുടെ ഹിതത്തിന്‌ മുന്‍ഗണന കൊടുക്കുന്നു. എന്നാല്‍ അത്‌ പരാജയത്തിലേക്കും, നിരാശയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു. ഏദന്‍തോട്ടത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌, ദൈവകല്‌പന മറന്ന്‌ സ്വന്തം ഹിതമനുസരിച്ച്‌ ആദിമ മനുഷ്യന്‍ പ്രവര്‍ത്തിച്ചപ്പോള്‍ നിത്യമായി ഏദനില്‍ നിന്നും പുറത്താക്കപ്പെട്ടു. ദൈവത്തിന്റെ സഹായമോ, സാന്നിദ്ധ്യമോ ഇല്ലാതെ നാം എത്ര തന്നെ അദ്ധ്വാനിച്ചാലും അത്‌ വൃഥാവിലാക്കുന്നു എന്ന്‌ ഈ ശിഷ്യന്മാരുടെ അനുഭവത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാം എന്നും അച്ചന്‍ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ ദൈവസാന്നിദ്ധ്യമുണ്ടോ?.... നാം ദൈവഹിതത്തിനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്‌?? നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. യേശുവിന്റെ വാക്കുകേട്ട്‌ വലയിറക്കിയ ശിഷ്യന്മാര്‍ക്ക്‌ പെരുത്തമാന്‍ കിട്ടി. ദൈവത്തിന്റെ കരങ്ങളിലേക്ക്‌ നമ്മെ അര്‍പ്പിക്കുമ്പോള്‍, അവന്റെ ഹിതത്തിനനുസരിച്ച്‌ നാം ജീവിക്കുമ്പോള്‍, നമ്മുടെ പ്രയത്‌നങ്ങള്‍ വൃഥാവിലാവില്ല എന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന യാത്രയയപ്പ്‌ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷം അച്ചന്‍ ഇടവകക്ക്‌ കൊടുത്ത നേതൃത്വത്തെക്കുറിച്ചും, നിസ്‌തുലമായ സേവനങ്ങളെ അനുസ്‌മരിച്ചും ധാരാളം ആളുകള്‍ സംസാരിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലത്ത്‌ നടന്ന വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളിലെ അച്ചന്റെ നിറസാന്നിദ്ധ്യവും, തുറന്ന മനസ്സോടെയുള്ള സമീപനവും ഇടവക ജനങ്ങള്‍ക്ക്‌ വേറിട്ടൊരനുഭവമായിരുന്നുവെന്ന്‌, സി.എസ്‌.ചാക്കോ(ഭദ്രാസന അസംബ്ലി മെമ്പര്‍) അനുസ്‌മരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അച്ചനില്‍നിന്നും ലഭിച്ച സേവനങ്ങളേയും, നേതൃത്വത്തെയും അനുസ്‌മരിച്ചു കൊണ്ടു ഈപ്പന്‍ ജോസഫ്‌(ക്വയര്‍), രാഹുല്‍ ജോസഫ്‌(സണ്‍ഡേ സ്‌ക്കൂള്‍), ഏലിയാമ്മ ചാക്കോ(സേവികാസംഘം) ദീപ്‌തി ജോണ്‍, നിഖില്‍ ജോണ്‍, അന്നമ്മ തോമസ്‌, ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഇടവക വികാരിയായി മൂന്നുവര്‍ഷം സേവനം അനുഷ്‌ഠിച്ച അച്ചന്റേയും കുടുംബത്തിന്റേയും വൈവിദ്ധ്യമാര്‍ന്ന ഫോട്ടോകളും, വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തി മിസ്‌. നിഷാ സണ്ണി അവതരിപ്പിച്ച സ്ലൈഡ്‌ ഷോ വളരെ മനോഹരവും ആകര്‍ഷകവുമായിരുന്നതോടൊപ്പം എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുന്നതുമായിരുന്നു. അച്ചനും, കൊച്ചമ്മയും, തങ്ങളുടെ മറുപടി പ്രസംഗത്തില്‍ ഇടവകയില്‍ നിന്നും ലഭിച്ച സ്‌നേഹ വായ്‌പ്പുകള്‍ക്കും കരുതലിനും നന്ദി പറഞ്ഞു. ഇടവക വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം സ്വാഗതപ്രസംഗത്തോടൊപ്പം ആമുഖ പ്രസംഗവും നടത്തി. അച്ചന്റേയും, കൊച്ചമ്മയുടേയും, മക്കളുടേയും ഇടവകയിലെ സേവനത്തിന്‌ നന്ദികരേറ്റുകയും, പുതിയ ഇടവകയില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്ന്‌ ആശംസിക്കുകയും ചെയ്‌തു. സൂസന്‍ കുര്യന്‍(മണ്ഡലം മെമ്പര്‍) അച്ചനില്‍ നിന്നും ഇടവകക്കു ലഭിച്ച നേതൃത്വത്തിനും, റൂബിക്കൊച്ചമ്മ, സരീന്‍, സെയ്‌ന്‍ എന്നിവരില്‍ നിന്നും ഇടവക ജനങ്ങള്‍ക്കു ലഭിച്ച സ്‌നേഹക്കൂട്ടായ്‌മകള്‍ക്കും നന്ദി കരേറ്റി. കേരളത്തിലെ നാരങ്ങാനം സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ഇടവകയിലേക്ക്‌ സ്ഥലം മാറിപ്പോകുന്ന അച്ചനും, കുടുംബത്തിനും സര്‍വ്വവിധ മംഗങ്ങളും നേര്‍ന്നുകൊണ്ട്‌ ചര്‍ച്ച്‌ ക്വയര്‍ ഗാനം ആലപിച്ചു. റവ.ഏബ്രഹാം ഉമ്മനച്ചന്റെ പ്രാര്‍ത്ഥനക്കും, ആശിര്‍വാദത്തിനും ശേഷം നടന്ന സ്‌നേഹവിരുന്നോടെ വികാരനിര്‍ഭരമായ ഒരു യാത്രയയപ്പിന്‌ തിരശ്ശീല വീണു. മീറ്റിംഗിന്റെ എം.സി.യായി നിഷാ സണ്ണി പ്രവര്‍ത്തിച്ചു. ഭദ്രാസന അസംബ്ലി മെമ്പര്‍ സി.എസ്‌.ചാക്കോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.