You are Here : Home / USA News

ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്‌.എ. ആദരിക്കുന്നു

Text Size  

Story Dated: Wednesday, April 29, 2015 10:17 hrs UTC

പ്രവാസി വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തി വിജയം കൈവരിച്ച ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്‌.എ. ആദരിക്കുന്നു

- യു.എ. നസീര്‍, ന്യൂയോര്‍ക്ക്‌

 

ന്യൂയോര്‍ക്ക്‌: പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി സുപ്രീം കോടതിയില്‍ നിന്ന്‌ അനുകൂല വിധി സമ്പാദിച്ച, ആഗോള മലയാളികള്‍ക്ക്‌ അഭിമാനമായ ഡോ. ഷംഷീര്‍ പി. വയലിലിന്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ.) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി ആദരിക്കുന്നു. യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌ (യു.എ.ഇ.) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ്‌. ഹെല്‍ത്ത്‌ കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണ്‌ ഡോ. ഷംഷീര്‍. യു.എ.ഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത്‌ കെയര്‍ സിസ്റ്റം സ്ഥാപിച്ച്‌ ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്‌ക്കര്‍മ്മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ്റ്‌ ക്യാന്‍സറിനെക്കുറിച്ച്‌ അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ്‌ ബുക്ക്‌സ്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ അദ്ദേഹത്തിന്റെ പേര്‌ ആലേഖനം ചെയ്‌തിട്ടുണ്ട്‌.

 

ആരോഗ്യമനുഷ്യാവകാശജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരമായി നിരവധി പുരസ്‌ക്കാരങ്ങള്‍ യു.എ.ഇ. ഭരണാധികാരികളില്‍ നിന്നും, ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എ. യൂസഫ്‌ അലിയുടെ മരുമകനാണ്‌ ഡോ. ഷംഷീര്‍. ഡോ. ഷംഷീറിന്റെ പ്രവര്‍ത്തന മേഖലകളിലെ നൈപുണ്യം കണക്കിലെടുത്ത്‌ ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ക്ഷണിതാവായിട്ടാണ്‌ അദ്ദേഹം ന്യൂയോര്‍ക്കിലെത്തുന്നത്‌. മെയ്‌ 3 തിയ്യതി ഞായറാഴ്‌ച വൈകീട്ട്‌ 7 മണിക്ക്‌ യോങ്കേഴ്‌സിലുള്ള ഇന്‍ഡോഅമേരിക്കന്‍ യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (54 യോങ്കേഴ്‌സ്‌ ടെറസ്‌, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10704) വെച്ചാണ്‌ ഡോ. ഷംഷീറിന്‌ സ്വീകരണം നല്‍കുന്നത്‌. തദവസരത്തില്‍ പ്രവാസി വോട്ടവകാശത്തെക്കുറിച്ചും, അദ്ദേഹം നേരിട്ട നിയമയുദ്ധത്തെക്കുറിച്ചും ചര്‍ച്ച നടത്തുന്നതാണ്‌.

 

അദ്ദേഹത്തോടൊപ്പം സുപ്രീം കോടതി അഭിഭാഷകനും, വോട്ടവകാശത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയ ഹാരിസ്‌ ബീരാനും പങ്കെടുക്കുന്നതാണ്‌. പ്രവാസികളുടെ മൗലികാവകാശങ്ങളെക്കുറിച്ചും, പ്രവാസികള്‍ ഇന്ത്യാ ഗവണ്മെന്റില്‍ നിന്ന്‌ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും അന്നേ ദിവസം വിശദീകരിക്കുന്നതാണ്‌. ചടങ്ങില്‍ ജെ.എഫ്‌.എ. ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു പ്രധാന പ്രാസംഗികനായിരിക്കും. കൂടാതെ, ജോര്‍ജ്‌ എബ്രഹാം (ചെയര്‍മാന്‍, ഐ.എന്‍.ഒ.സി.), ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ (പ്രസിഡന്റ്‌, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌/ജെ.എഫ്‌.എ. ബോര്‍ഡ്‌ മെംബര്‍), എം.കെ. മാത്യൂസ്‌ (വൈസ്‌ ചെയര്‍മാന്‍, ജെ.എഫ്‌.എ.), ഗോപിനാഥ്‌ കുറുപ്പ്‌ (ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌റ്റര്‍ ജെ.എഫ്‌.എ./പ്രസിഡന്റ്‌, അയ്യപ്പ സേവാ സംഘം) എന്നിവരും പങ്കെടുക്കും. വിവിധ സാമൂഹ്യസാംസ്‌ക്കാരികമത സംഘടനാ നേതാക്കളും ഈ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവരും ബന്ധപ്പെടുക:

തോമസ്‌ കൂവള്ളൂര്‍ 914 409 5772

. ഡോ. ഷംഷീര്‍ വയലിലിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക: http://www.drshamsheer.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.