You are Here : Home / USA News

ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 19, 2015 03:18 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരമായ ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്‌സസില്‍ നിന്നുള്ള പ്രിയ ഉണ്ണികൃഷ്‌ണനെയും, മികച്ച കവിയായി ന്യൂയോര്‍ക്കില്‍ നിന്നുളള ഡോ. നന്ദകുമാര്‍ ചാണയിലിനെയും തെരഞ്ഞെടുത്തു. കഥാ രചനയില്‍ രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജു ചിറമ്മണ്ണിനും മൂന്നാം സ്ഥാനം ഫിലാഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസിനും ലഭിച്ചു. കവിതാ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം രണ്ടുപേര്‍ക്കാണ്‌. ന്യൂയോര്‍ക്കില്‍ നിന്നുളള മോന്‍സി കൊടുമണ്ണും ഫിലാഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം വെര്‍ജീനിയയില്‍ നിന്നുള്ള ഗീതാ രാജനാണ്‌. `ഇരയും പ്രതിയും' എന്ന ചെറുകഥയാണ്‌ പ്രിയ ഉണ്ണികൃഷ്‌ണനെ അവാര്‍ഡിന്‌ അര്‍ഹയാക്കിയത്‌. `ദൈവത്തിന്റെ പൊതിച്ചോറ്‌' എന്ന ചെറുകഥയ്‌ക്കാണ്‌ രാജു ചിറമ്മണ്ണിലിന്‌ രണ്ടാം സ്ഥാനം ലഭിച്ചത്‌.

 

`നിഴലിന്റെ നൊമ്പരങ്ങള്‍' എന്ന ചെറുകഥയ്‌ക്കാണ്‌ ആന്‍സി തോമസിന്‌ മൂന്നാം സ്ഥാനം ലഭിച്ചത്‌. `ദാഹം' എന്ന കവിതയ്‌ക്കാണ്‌്‌ ഡോ. നന്ദകുമാന്‍ ചാണയിലിനെ മികച്ച കവിയായി തെരഞ്ഞെടുത്തത്‌. `പീഡനഭൂമി' എന്ന കവിതയ്‌ക്കു മോന്‍സി കൊടുമണ്ണും ഇന്റര്‍നെറ്റ്‌ പ്രണയം എന്ന കവിതയ്‌ക്ക്‌ ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. ക്യാന്‍വാസ്‌ എന്ന കവിതയ്‌ക്കാണ്‌ ഗീതാ രാജന്‌ മൂന്നാം സ്ഥാനം ലഭിച്ചത്‌. അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്‌ഹിന്ദ്‌വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ സാഹിത്യമത്സരം നടത്തിയത്‌. പ്രവാസ ലോകത്തെ, പ്രത്യേകിച്ച്‌ അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യ മത്സരം സംഘടിപ്പിച്ചത്‌. മാതൃഭാഷയെ സ്‌നേഹിക്കുന്ന മലയാളി വായനക്കാരുടെ മികച്ച പിന്തുണയാണ്‌ മത്സരത്തിന്‌ ലഭിച്ചത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന്‌ എന്‍ട്രികള്‍ ലഭിച്ചു. നൂറുകണക്കിന്‌ ലഭിച്ച എന്‍ട്രികളില്‍ നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്‌ പ്രമുഖ തിരക്കഥാകൃത്ത്‌ ജോണ്‍ പോള്‍ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്‌. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്‌. മാത്യൂസ്‌, മുതിര്‍ന്നപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരായിരുന്നു മറ്റ്‌ ജൂറി അംഗങ്ങള്‍. മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപടി ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള ജോണ്‍ പോള്‍ മലയാള സിനിമയുടെ തലയെടുപ്പാണ്‌.

 

മലയാള സിനിമയെ ആഗോള തലത്തില്‍ പ്രശ്‌സ്‌തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല. ഐ.വി.ശശി, ഭരതന്‍, പി.ജി.വിശ്വംഭരന്‍, മോഹന്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണ്‌ ജോണ്‍പോളിന്റെ കഥയ്‌ക്കും തിരക്കഥയ്‌ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്‌. സംവിധാനം, തിരക്കഥ രചന എന്നിവയില്‍ മലയാളത്തിന്റെ അഭിമാനമാണ്‌ പി.എഫ്‌. മാത്യൂസ്‌. കുട്ടിസ്രാങ്ക്‌ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ മലയാളക്കരയിലേക്ക്‌ എത്തിച്ച അദ്ദേഹത്തിന്‌ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര, സാഹിത്യമേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പി.എഫ്‌. മാത്യൂസ്‌ ഇപ്പോഴും തന്റെ സാഹിത്യസൃഷ്ടികള്‍ മലയാളികള്‍ക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജെക്കോബി ജോണ്‍പോള്‍ മാര്‍പാപ്പയുമായി അഭിമുഖം നടത്തിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്‌. പത്രപ്രവര്‍ത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തര്‍ജിമകള്‍ ഉള്‍പ്പെടെ നിരവധി പുസ്‌തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന പ്രത്യേകത കൂടിയുണ്ട്‌ ഈ മത്സരത്തിന്‌.

 

അമേരിക്കയില്‍ വളര്‍ന്നുവരുന്ന മലയാളികളായ പുതുതലമുറയ്‌ക്ക്‌ മാതൃഭാഷയുടെ അക്ഷര വെളിച്ചം പകരുക എന്ന ദൗത്യവുമായി പ്രസിദ്ധീകരണം ആരംഭിച്ച ജയ്‌ഹിന്ദ്‌വാര്‍ത്ത ആഗോള മലയാളികള്‍ക്കുവേണ്ടി വെബ്‌സൈറ്റും ആരംഭിച്ചു. ഇതിന്റെ ഉദ്‌ഘാടനവും അവാര്‍ഡ്‌ പ്രഖ്യാപന ചടങ്ങ്‌്‌ നടന്ന മെയ്‌ എട്ടിനു നടന്നു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വൈകിട്ട്‌ 6.30 നു നടന്ന ചടങ്ങിലാണ്‌ അവാര്‍ഡ്‌ പ്രഖ്യാപനം വെബ്‌സൈറ്റിന്റെ ഉദ്‌്‌ഘാടനവും നടന്നത്‌. ലോകത്തിലെ ഓരോ വാര്‍ത്താ സ്‌്‌പന്ദനങ്ങളും വായനക്കാരുടെ വിരല്‍ത്തുമ്പില്‍ അത്യാധുനിക സംവിധാനങ്ങളോടെ എത്തിക്കുന്നതാണ്‌ ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ന്യൂസ്‌ പോര്‍ട്ടല്‍. ലോകത്തിന്റെ ഏതുകോണിലുള്ള മലയാളി വായനക്കാരനും അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നു. പ്രവാസിമലയാളികള്‍ക്കായി പ്രത്യേക വിഭാഗവും ന്യൂസ്‌പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പ്രവാസിവാര്‍ത്തകളടക്കം വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എഡിറ്റോറിയല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു.

 

അമേരിക്കയിലേയും കാനഡയിലേയും എല്ലാ സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജയ്‌ഹിന്ദ്‌വാര്‍ത്താ ഡോട്ടോ കോമിന്‌ റിപ്പോര്‍ട്ടര്‍മാരുണ്ട്‌. ന്യൂയോര്‍ക്കിലാണ്‌ ന്യൂസ്‌ പോര്‍ട്ടലിന്റെ സെന്‍ട്രല്‍ ഡെസ്‌ക്‌ പ്രവര്‍ത്തിക്കുക. പ്രവാസി വാര്‍ത്തകള്‍ക്കു പ്രത്യേക പരിഗണ കൊടുക്കുന്ന ജയ്‌ഹിന്ദ്‌ വാര്‍ത്ത ഡോട്ട്‌ കോമില്‍ അമേരിക്കയ്‌ക്കും കാനഡയ്‌ക്കും പ്രത്യേകമായി മിനി സൈറ്റും ഒരുക്കിയിട്ടുണ്ട്‌. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ നിരവധി വെബ്‌സൈറ്റുകളുണ്ടെങ്കിലും ഒന്നരലക്ഷത്തോളം മലയാളികളുള്ള കാനഡയ്‌ക്കുവേണ്ടി പ്രത്യേകവിഭാഗം ആദ്യമായി ഒരുക്കുന്നത്‌ ജയ്‌ഹിന്ദ്‌വാര്‍ത്താ ഡോട്ട്‌ കോമിലാണ്‌ എന്ന പ്രത്യേകതയുമുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.