You are Here : Home / USA News

ജോസച്ചന്‍ സപ്തതിയുടെ നിറവില്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, May 25, 2015 11:56 hrs UTC

'ജോസച്ചന്‍' എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ മനസില്‍ ആദ്യം എത്തുക; ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരിയായി സേവനം ചെയ്തുവരുന്ന ഫാ.ജോസ് കണ്ടത്തിക്കുടിയെ തന്നെയായിരിക്കും. കാരണം, അമേരിക്കയിലുള്ള സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി. 1995 ല്‍ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി, 1995 ല്‍ സീറോ മലബാര്‍ ബിഷപ്പ് സിനഡ് ജോസച്ചനെ ചിക്കാഗൊയിലേക്ക് അയച്ചതു മുതല്‍, അച്ചന്‍ കടന്നു ചെല്ലാത്ത സ്ഥലങ്ങളും, സമൂഹങ്ങളും, പരിചയപ്പെടാത്ത വ്യക്തികളും ചുരുക്കം. മെയ് 31-ാം തീയ്യതി ശനിയാഴ്ച നടക്കുന്ന ജോസച്ചന്റെ സപ്തതി ആഘോഷങ്ങളില്‍ ഇടവക സമൂഹത്തിനോടൊപ്പം, അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള അച്ചന്റെ സൗഹൃദകൂട്ടായ്മയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ടത്തിക്കുടി കുഞ്ഞുലോണിന്റേയും, ത്രേസ്യാകുട്ടിയുടേയും സീമന്ത പുത്രനായി 1945 മെയ് 30-ാം തീയ്യതി ജനിച്ച ജോസ് കണ്ടത്തിക്കുടിക്ക് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വൈദികനാകാനുള്ള ദൈവവിളിയുണ്ടാകുന്നത്. മനസിലെ ആഗ്രഹം, ഇടവക വികാരി ആയിരുന്ന ഫാ.എബ്രഹാം പടയാറ്റില്‍ അച്ചനോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് എബ്രഹാം അച്ചന്റെ നിര്‍ലോഭമായ പ്രോത്സാഹവും ഉണ്ടായി. വീട്ടുകാര്‍ക്കും സന്തോഷം. അങ്ങനെ പത്താം ക്ലാസിനു ശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് വടവാതുര്‍ മേജര്‍ സെമിനാരി, അവിടെ നിന്നും റോമില്‍ ഉപരിപഠനം.
1971 മാര്‍ച്ച് 27-ാം തീയ്യതി, വത്തിക്കാനില്‍ വച്ച് കര്‍ദ്ദിനാള്‍ ആഗ്നെലോ റോസ്സില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 1973 ല്‍ നാട്ടില്‍ തിരിച്ചെത്തി, തലശ്ശേരി രൂപതയില്‍ സേവനം അനുഷ്ഠിച്ചു.
ആദ്യം മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരി ആയി, പിന്നീട് മാനന്തവാടി സെന്റ് ജോസഫ് പ്രസ്സിന്റെ മാനേജരായും, മാനന്തവാടി രൂപതയുടെ ചാന്‍സലര്‍ ആയും ജോസച്ചന്‍. സേവനം അനുഷ്ഠിച്ചു. കൂടാതെ തുങ്കുഴി പിതാവിന്റെ സെക്രട്ടറി ആയും, രൂപതയടെ സണ്‍ഡേ സ്‌ക്കൂള്‍ ഡയറക്ടറായും, ഫാമിലി അപ്പസ്‌തൊലേമിന്റെ ഡയറക്ടറായും, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടറായും അച്ചന്‍ പ്രവര്‍ത്തിച്ചു. സീറോ മബാര്‍ സഭയുടെ സെന്ററല്‍ ലിറ്റര്‍ജി കമ്മറ്റിയുടെ സെക്രട്ടറി ആയും സേവനം ചെയ്യുന്നതിനുള്ള ഭാഗ്യവും ജോസച്ചന് ലഭിച്ചു. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും പള്ളികള്‍ സ്ഥാപിക്കുവാന്‍ ജോസച്ചന് സാധിച്ചു. തമിഴ്‌നാട്ടില്‍ നിന്നാണ്, സീറോ മലബാര്‍ സിനഡിന്റെ ആവശ്യപ്രകാരം ജോസച്ചന്‍ 1995 ല്‍ ചിക്കോഗയില്‍ എത്തുന്നത്. ചിക്കാഗോ പള്ളി രൂപീകരണത്തിന് നേതൃത്വം നല്‍കിയ ജോസച്ചന്‍, 1999-ല്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടികെറ്റ് ഉള്‍പ്പെടെ 'ട്രൈസ്റ്റേറ്റിന്റെ' മിഷന്‍ ഡയറക്ടറായി എത്തി. ജോസച്ചന്റെ ശ്രമഫലമായി ന്യൂജേഴ്‌സിയിലെ മില്‍ഫോര്‍ഡിലും, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ഓറഞ്ച്ബര്‍ഗിലും, സ്പ്രിംഗ് വാലിയിലും പള്ളികള്‍ സ്ഥാപിച്ചു. തുടര്‍ന്ന് 2002 മാര്‍ച്ച് 24-ാം തീയതി ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയവും അച്ചന്റെ ശ്രമഫലമായി സ്ഥാപിച്ചു. അന്നു മുതല്‍ ഈ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു വരുന്നു. ന്യൂയോര്‍ക്കില്‍ സേവനം അനുഷ്ഠിച്ചുകൊണ്ട്, ബോസ്റ്റണിലും, കണക്ടിക്കെട്ടിലും മിഷനുകള്‍ തുടങ്ങുവാനും ജോസച്ചന്റെ ശ്രമഫലമായി സാധിച്ചു. ഇക്കാലയളവില്‍ വൃക്ക രോഗം അച്ചന് കലശലായി. തുടര്‍ച്ചയായി ഡയാലിസുകള്‍ നടത്തി. 2009 മാര്‍ച്ചില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തു. 2013 ആയപ്പോഴേക്കും ആ കിഡ്‌നിയുടെ പ്രവര്‍ത്തനവും പൂര്‍ണ്ണമായും നിലച്ചു. വീണ്ടും ഡയാലിസിസ് തുടര്‍ന്നു. ഭാഗ്യവശാല്‍ 2014 ഒക്ടബോറില്‍ മറ്റൊരു കിഡ്‌നിക്കൂടി അച്ചന് ലഭിച്ചു. ഇപ്പോള്‍ ആ കിഡ്‌നിയുടെ പ്രവര്‍ത്തനം മെച്ചമായി വരുന്നു, അപ്പോഴേക്കും ശ്വാസകോശം സംബന്ധമായ അസുഖങ്ങള്‍ അച്ചനെ വേട്ടയാടിത്തുടങ്ങി. രോഗങ്ങള്‍ ഒരിക്കലും ജോസച്ചനെ കീഴ്‌പ്പെടുത്തിയിട്ടില്ല, മറിച്ച് ഉറച്ച ആത്മവിശ്വാസം കൊണ്ടും, ദൈവത്തില്‍ പൂര്‍ണ്ണമായ അര്‍പ്പണത്താലും, എല്ലാ രോഗങ്ങളേയും അതിജീവിച്ചുകൊണ്ട് ജോസച്ചന്‍ സപ്തതിയിലേക്ക് നടന്നു കയറുന്നു.
ദൈവപരിപാലനയുടെ തണലില്‍ നാളിതുവരെ കാത്തുസംരക്ഷിച്ചതിന് ഒരുപാട് നന്ദിയോടെ .... ജോസച്ചന് ഇടവക സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ സപ്തതിയുടെ മംഗളാശംസകള്‍.

 

    Comments

    Garvasees Edakkunnath July 22, 2015 09:44
    Hearty congratulations Josacha...God bless you

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.