You are Here : Home / USA News

ന്യൂയോര്‍ക്ക് സംസ്ഥാനം ഇന്ത്യന്‍-അമേരിക്കന്‍ ഹെരിറ്റേജ് മാസമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസ്സാക്കി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, June 01, 2015 09:48 hrs UTC

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പ്രയത്നഫലമായി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആഗസ്റ്റ് മാസം ഇന്ത്യന്‍-അമേരിക്കന്‍ ഹെരിറ്റേജ് മാസമായി പ്രഖ്യാപിക്കാനുള്ള പ്രമേയം മെയ് 28 വ്യാഴാഴ്ച ന്യൂയോര്‍ക്ക് സെനറ്റും അസംബ്ലിയും ഐക്യകണ്ഠേന പാസാക്കി. ആല്‍ബനിയില്‍ ക്യാപിറ്റോളിലെ സെനറ്റ് ഹാളിലും അസംബ്ലി ഹാളിലും നടന്ന ചടങ്ങ് വീക്ഷിക്കാന്‍ ആനി പോള്‍ അടക്കം നിരവധി ഇന്ത്യക്കാരും സന്നിഹിതരായിരുന്നു. ബഹു. അസംബ്ലിമാന്‍ കെന്‍ സെബ്രോവ്സ്കിയാണ് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി (റോക്ക്‌ലാന്റ്-വെസ്റ്റ്ചെസ്റ്റര്‍)യാണ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്.

ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചും, അമേരിക്കയില്‍ കുടിയേറിയിട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന നിരവധി സല്‍‌ക്കര്‍മ്മങ്ങളെക്കുറിച്ചും ഇരുസഭകളിലും അസംബ്ലിമാനും സെനറ്ററും ഒരു ലഘുവിവരണം നല്‍കിയത് ഹര്‍ഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിലും ഉന്നത പദവികളിലും ഇന്ത്യാക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ നാം അവരെ അംഗീകരിക്കണം. ഈ രാജ്യത്തിനുവേണ്ടി, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് സംസ്ഥാനത്തിനുവേണ്ടി, അവര്‍ ചെയ്യുന്ന നന്മകളെ നാം കണ്ടില്ലെന്നു നടിക്കരുത്. റോക്ക്‌ലാന്റില്‍ ഏറ്റവും ഉന്നത നിലയില്‍ ജീവിക്കുന്നവര്‍ ഇന്ത്യന്‍-അമേരിക്കക്കാരാണ്. ഉന്നത വിദ്യാഭ്യാസത്തില്‍ ശരാശരി അമേരിക്കക്കാര്‍ 28 ശതമാനം മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ 70 ശതമനത്തിലേറെ നേട്ടം കൊയ്യുന്നു, സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ സ്വതന്ത്രയായിട്ട് 68 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെമ്പാടും, പ്രത്യേകിച്ച് റോക്ക്‌ലാന്റ് കൗണ്ടിയില്‍, ജീവിക്കുന്ന ഇന്ത്യന്‍ വംശജരെ നാം അംഗീകരിക്കണം, ആദരിക്കണം. അതുകൊണ്ടുതന്നെ ഇന്ത്യ സ്വതന്ത്രയായ ആഗസ്റ്റ് മാസം തന്നെ ഇന്ത്യന്‍-അമേരിക്കന്‍ ഹെരിറ്റേജ് മാസമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞത് കൈയ്യടിയോടെ സ്വീകരിക്കുകയും സെനറ്റ് പാസ്സാക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്നെയായിരുന്നു അസംബ്ലിമാന്‍ കെന്‍ സെബ്രോവ്സ്‌കിയും അസംബ്ലിയില്‍ പറഞ്ഞത്. അവിടേയും പ്രമേയം പാസാക്കി. ഇത്തവണ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം റോക്ക്‌ലാന്റില്‍ ആഘോഷിക്കുമ്പോള്‍ ആ പരിപാടിയില്‍ ഞങ്ങളും ഭാഗഭാക്കായിരിക്കും എന്ന് ഇരുവരും പറഞ്ഞു. ഈ ആവശ്യത്തിനായി ആത്മാര്‍ത്ഥതയോടെ പ്രയത്നിച്ച ഡോ. ആനി പോളിനെ ഇരുസഭകളിലും പ്രത്യേകം പ്രശംസിച്ചു.

 

റോക്ക്‌ലാന്റില്‍ നിന്ന് ഡോ. ആനി പോളിനോടൊപ്പം ഭര്‍ത്താവ് അഗസ്റ്റി പോള്‍, ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് വര്‍ഗീസ് ഉലഹന്നാന്‍, മത്തായി പി. ദാസ്, ടോം നൈനാന്‍, ഫൊക്കാനയെ പ്രതിനിധീകരിച്ച് പോള്‍ കറുകപ്പിള്ളില്‍, ലീലാ മാരേട്ട്, ഇന്ത്യാ കള്‍ച്ചറല്‍ സോസൈറ്റി ഓഫ് റോക്ക്‌ലാന്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അജയ്‌വീര്‍, പി.ആര്‍.ഒ. ചാരുകൃഷന്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷനെ (ആല്‍ബനി) പ്രതിനിധീകരിച്ച് സെക്രട്ടറി മിലന്‍ അജയ്, മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ്ജ് ജോസഫ് (ഇന്ത്യാ അബ്രോഡ്/ഇ-മലയാളി), മൊയ്തീന്‍ പുത്തന്‍‌ചിറ (മലയാളം ഡെയ്‌ലി ന്യൂസ്) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ/മീഡിയകളുടെ പേരുകള്‍ അസംബ്ലിയിലും സെനറ്റിലും അനൗണ്‍സ് ചെയ്തു. കൂടാതെ, ഡോ. ആനി പോളിന്റെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണകളും നല്‍കി പ്രോത്സാഹിപ്പിച്ച മറ്റു സംഘടനകളുടെ പേരുകളും അസംബ്ലിയിലും സെനറ്റിലും അനൗണ്‍സ് ചെയ്തു: നോര്‍ക്ക, ഫോമ, ജീവന്‍ ജ്യോതി സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ്, ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ (ന്യൂയോര്‍ക്ക്), ഇന്‍ഡോ-അമേരിക്കന്‍ ചെംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയാണ് ആ സംഘടനകള്‍. ജോലി ദിവസം ആയതുകൊണ്ടാണ് പലര്‍ക്കും വരാന്‍ പറ്റാതിരുന്നതെന്ന് ആനി പറഞ്ഞു. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് സെനറ്റര്‍ കെന്‍ സെബ്രോവ്‌സ്‌കിയുടെ അസിസ്റ്റന്റ് ക്രിസ് ബ്രെസ്‌നന്‍ എല്ലാവരേയും ക്യാപിറ്റോളിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റി നടന്നു കാണിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അസംബ്ലിമാനും സെനറ്ററും എല്ലാവരേയും പരിചയപ്പടുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇന്ത്യന്‍ വംശജരെ അംഗീകരിക്കപ്പെടുകയും, ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രശസ്തി അമേരിക്കയിലുടനീളം പ്രചരിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസം ആചരിക്കാനും പ്രയത്നിക്കുന്ന ഡോ. ആനി പോളിനെ എല്ലാവരും പ്രശംസിച്ചു. പ്രശംസകള്‍ ചൊരിയുമ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ ഒരു പുഞ്ചിരിയാണ് ഡോ. ആനി സമ്മാനിച്ചത്. എല്ലാ രാജ്യക്കാരും അവരുടേതായ പൈതൃകം കാത്തുസൂക്ഷിച്ച് എല്ലാ വര്‍ഷവും അത് ആഘോഷിക്കുമ്പോള്‍ നാം ഇന്ത്യക്കാര്‍ക്ക് മാത്രം എന്തുകൊണ്ട് അങ്ങനെ ഒരു മാസം ഇല്ല എന്ന ചിന്തയാണ് ഡോ. ആനിയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. 'എന്റെ ഒരു സ്വപ്നമായിരുന്നു ഇത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍....നാളെ മറ്റൊരു സംസ്ഥാനത്ത്...അങ്ങനെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ആഗസ്റ്റ് മാസത്തില്‍ എല്ലാ ഇന്ത്യക്കാരും ഒരുമയോടെ ഇന്ത്യയുടെ പൈതൃക മാസം ആഘോഷിക്കുന്നത് കാണുകയാണ് തന്റെ ലക്ഷ്യം', ഡോ. ആനി പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580, 845-623-8549. aneypaul@yahoo.com

https://www.youtube.com/watch?v=C_PicQJpuv8

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.