You are Here : Home / USA News

വിദേശത്ത് തൊഴില്‍ തേടുന്ന നഴ്സുമാര്‍ തട്ടിപ്പില്‍ കുടുങ്ങാതെ സൂക്ഷിക്കുക: ഡോ. ജോസ് കാനാട്ട്

Text Size  

Story Dated: Saturday, April 25, 2015 11:34 hrs UTC


                        
ന്യൂയോര്‍ക്ക്. വിദേശത്ത് നഴ്സിങ് ജോലികള്‍ അന്വേഷിക്കുന്ന മലയാളി നഴ്സുമാര്‍ സ്വകാര്യ ഏജെന്‍സികളുടെ വലയില്‍ കുടുങ്ങരുതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പറഞ്ഞു. വിദേശങ്ങളില്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പു നടത്തുന്ന സ്വകാര്യ കമ്പനികള്‍ ഇപ്പോഴും യഥേഷ്ടം പ്രവര്‍ത്തിക്കുന്നതായി അറിയാന്‍ കഴിയുന്നുവെന്നും, കൊച്ചിയും മുംബൈയും കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അടുത്തമാസം ഒന്നുമുതല്‍ വിദേശരാജ്യങ്ങളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമായിരിക്കെ, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് വിദേശജോലി വാഗ്ദാനം ചെയ്തു സ്വകാര്യ ഏജന്‍സികള്‍ ഇപ്പോഴും നഴ്സുമാരെ വഞ്ചിക്കുകയാണ്. കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം, വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സ്വകാര്യ ഏജന്‍ സികള്‍ക്കുള്ള സമയപരിധി ഈ മാസം മുപ്പതിന് അവസാനിക്കും. അടുത്തമാസം ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്സ് വഴി മാത്രമാവും സൌദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ നിയമനം. എന്നാല്‍, കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇപ്പോഴും നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുന്നു. 25 ലക്ഷം രൂപ വരെയാണു ജോലിക്കായി കമ്മിഷന്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍വ്യൂ കഴിഞ്ഞു നാലുദിവസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാകില്ലെന്നതിനാല്‍, നഴ്സുമാരില്‍ നിന്നു പണം തട്ടുകയാണ് ഈ ഏജന്‍സികളുടെ ലക്ഷ്യം. വിദേശത്തേക്കുള്ള റിക്രൂട്ടിങ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് എന്നാണ് അറിയുന്നത്.

നഴ്സുമാര്‍ വിദേശജോലിക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ അടുത്തമാസം മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളെ ആശ്രയിക്കണമെന്നും, അനധികൃതമായി വിദേശജോലിക്ക് ലക്ഷക്കണക്കിനു രൂപ ആവശ്യപ്പെടുന്ന ഏജന്‍സികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ തന്റേടം കാട്ടണമെന്നും ഡോ. കാനാട്ട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.