You are Here : Home / USA News

സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധി കൈമാറി

Text Size  

Story Dated: Saturday, May 09, 2015 09:25 hrs UTC

ഹൂസ്റ്റണ്‍: നേപ്പാളിനെ ഉഴുതുമറിച്ച വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച്‌ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ സമാഹരിച്ച ദുരിതാശ്വാസ നിധി, സഹജീവി സ്‌നേഹികളായ ഒട്ടനവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച്‌ കൈമാറി. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ സ്റ്റാഫോര്‍ഡിലുള്ള കോര്‍പ്പറേറ്റ്‌ ഓഫീസില്‍ വച്ച്‌ മെയ്‌ ഏഴാം തീയതി വൈകുന്നേരം നടന്ന ചടങ്ങില്‍ നേപ്പാളി അസോസിയേഷന്‍ ഓഫ്‌ ഹൂസ്റ്റണ്‍ സെക്രട്ടറി വിഷ്‌ണു നേപ്പാളിന്‌ ചേമ്പറിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജിജി ഓലിക്കനാണ്‌ തുക നല്‍കിയത്‌. സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ ഈ ദുരിതാശ്വാസ നിധി ശേഖരണ തീവ്രയജ്ഞ പരിപാടിയില്‍ ഭാഗഭാക്കുകളായി ചേംബര്‍ പ്രസിഡന്റ്‌ ഡോ. ജോര്‍ജ്‌ എം കാക്കനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫോര്‍ഡ്‌ സിറ്റി കോണ്‍സല്‍ മാന്‍ കെന്‍ മാത്യു, വോയ്‌സ്‌ ഓഫ്‌ ഏഷ്യ ചീഫ്‌ എഡിറ്റര്‍ കോശി തോമസ്‌, പ്രമുഖ ചലച്ചിത്ര നടന്‍ ബാബു ആന്റണി, ഫോമയെ പ്രതിനിധീകരിച്ച്‌ ശശിധരന്‍ നായര്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ കോരന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നേപ്പാളിനെ കണ്ണീര്‍ കടലാക്കിയ ഭൂകമ്പത്തോടെ ഈ പ്രദേശം ഏതാണ്ട്‌ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌.

 

പിഞ്ചു കുഞ്ഞുങ്ങളടക്കം ഏഴായിരത്തോളം പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറുകയും ചെയ്‌തിരിക്കുന്നു. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ തെരുവോരങ്ങളിലും രക്ഷാകേന്ദ്രങ്ങളിലുമാണ്‌ കഴിയുന്നത്‌. ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ടവരുടെ വിലാപങ്ങള്‍ ശ്‌മശാനഭൂമി പോലെയായ നേപ്പാളില്‍ ഇനിയും ശമിച്ചിട്ടില്ല. എല്ലാ ലോക രാജ്യങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി സഹായം ചൊരിഞ്ഞു കൊടുക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി ചേംബര്‍ നേപ്പാള്‍ ദുരിതാശ്വാസ നിധി സ്വരൂപിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറിയിരിക്കുന്നതെന്ന്‌ ഇവന്റ്‌സ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ കോളാച്ചേരില്‍ പറഞ്ഞു. ``നേപ്പാളിനെ പഴയ നിരയിലേക്ക്‌ മാറ്റിയെടുക്കുന്നതിന്‌ അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിലപ്പെട്ട സഹായ സഹകരണങ്ങള്‍ ഇനിയും ആവശ്യമാണ്‌. അവിടുത്തെ സ്ഥിതിഗതികള്‍ തീര്‍ത്തും മോശമാണെന്ന്‌ നമുക്കറിയാമല്ലോ. തളര്‍ന്നു പോയ നേപ്പാളിന്റെ ദുരന്ത കാഴ്‌ചകള്‍ ടെലിവിഷനിലൂടെ നിത്യവും ലോകം കാണുന്നുണ്ട്‌. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഞങ്ങളെ സഹായിക്കുന്നുമുണ്ട്‌.

 

 

വളരെ പെട്ടെന്ന്‌ ഇത്തരത്തിലൊരു സഹായ ധനം സ്വരൂപിച്ച്‌ നല്‍കിയ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഭാരവാഹികളെയും ഓരോ അംഗങ്ങളെയുമെല്ലാം നേപ്പാളി അസോസിയേഷന്‍ ഓഫ്‌ ഹൂസ്റ്റണ്‍ കൃതജ്ഞതയോടെ സ്‌മരിക്കുകയാണ്‌. ഈ തുക വളരെ വേഗത്തില്‍ തന്നെ നേപ്പാളില്‍ എത്തിക്കുകയും ചെയ്യും''. അസ്സോസിയേഷന്‍ സെക്രട്ടറി വിഷ്‌ണു നേപ്പാള്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച്‌ നടന്‍ ബാബു ആന്റണിയെ ചേംബര്‍ പ്രതിനിധി സണ്ണി കാരിക്കല്‍ ഹൂസ്റ്റണിലേക്ക്‌ പ്രത്യേകം സ്വാഗതം ചെയ്‌തു. വിവിധ രാജ്യങ്ങളില്‍ മാര്‍ഷല്‍ ആര്‍ട്‌സ്‌ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണിലും സ്‌കൂള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ്‌ ബാബു ആന്റണി എത്തിയത്‌. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ബാബു ആന്റണി തന്റെ പിന്തുണയും അറിയിച്ചു. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ സെക്രട്ടറി ജോര്‍ജ്‌ ഈപ്പന്‍ സ്വാഗതവും ബേബി മണക്കുന്നേല്‍ നന്ദിയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.