You are Here : Home / USA News

ഋതുഭേദങ്ങളിലൂടെ ജഗദീഷുമൊത്ത്‌....കളേഴ്‌സ്‌ ഓഫ്‌ റിഥം

Text Size  

Story Dated: Sunday, May 31, 2015 11:11 hrs UTC

കലാവിരുന്നുകള്‍ വെറും തട്ടിക്കൂട്ടുകളും, കൊലാവിരുന്നുകളും ആയി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ തികച്ചും അര്‍ത്ഥപൂര്‍ണ്ണമായതും അനുഗ്രഹീത കലാകാരന്മാരുടെ കലാവിരുതുകള്‍ കൃത്യമായി പ്രേക്ഷകരിലേക്ക്‌ എത്തിക്കുക എന്ന ദൗത്യവുമായി ഹില്‍ ട്യൂണ്‍സിന്റെ (Hill Tunes ) മറ്റൊരു മികച്ച സ്റ്റേജ്‌ഷോ ഈവരുന്ന സെപ്‌റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളില്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നു.

2008-ല്‍ ലോഹിതദാസ്‌ ഷോ, 2009-ല്‍ നെടുമുടി വേണു, കെ.പി.എ.സി ലളിത, ജയരാജ്‌ വാര്യര്‍ തുടങ്ങിയവരെ അണിനിരത്തി മറ്റൊരു ഷോ തുടങ്ങി ചെറുതും വലുതുമായ നിരവധി കലാവിരുന്നുകള്‍ സംഘടിപ്പിച്ചിട്ടുള്ള ഹില്‍ ട്യൂണ്‍സിന്റെ വ്യത്യസ്‌തമായ ഒരു പ്രമേയമാണ്‌ കളേഴ്‌സ്‌ ഓഫ്‌ റിഥം.

പ്രശസ്‌ത ഡോക്യൂമെന്റേറിയനും, സിനിമാ സംവിധായനകനുമായ വിനോദ്‌ മങ്കര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ഷോയില്‍ പ്രകൃതിയും സ്‌ത്രീയും ഒന്നാണെന്ന കാഴ്‌ചപ്പാടില്‍ സ്‌ത്രീയുടെ യാത്ര എന്നത്‌ പ്രകൃതിയുടെ പരിവര്‍ത്തനങ്ങളായ ഋതുക്കളിലൂടെ അവതരിപ്പിക്കുന്നു. വസന്തം, ശിശിരം, വര്‍ഷം, ഹേമന്തം തുടങ്ങിയ ഋതുക്കളിലൂടെ സ്‌ത്രീയുടെ വ്യത്യസ്‌ത വികാരങ്ങളായ പ്രണയം, വിരഹം, ശൃംഗാരം, കോപം, വിഷാദം തുടങ്ങിയവ സ്റ്റേജില്‍ അവതരിപ്പിക്കുന്നു.

മികച്ച കലാകാരനായ ജഗദീഷിന്റെ ഹാസ്യറോളുകള്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഈ കലാകാരന്റെ വ്യത്യസ്‌തയുള്ള ഒരു ഭാവപകര്‍ച്ച ഈ സ്റ്റേജ്‌ ഷോയിലൂടെ ദര്‍ശിക്കാനാകും. ജഗദീഷ്‌ നയിക്കുന്ന ഈ കലാവിരുന്നില്‍ പ്രമുഖ അഭിനേത്രി രചനാ നാരായണന്‍കുട്ടി, ജയരാജ്‌ വാര്യര്‍, താളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കരുണാ മൂര്‍ത്തി, സംഗീതജ്ഞന്‍ രമേഷ്‌ നാരായണന്‍ തുടങ്ങി പതിനാറോളം കലാകാരന്മാരുടെ താള,ലയ,വാദ്യ, സംഗീത,നൃത്തങ്ങളുടെ ഒരു സമന്വയമാണ്‌ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മനോജ്‌ 469 364 4933 എന്ന നമ്പരില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.