You are Here : Home / USA News

അന്റോണിയറ്റ് സ്റ്റീഫന് 30 വര്‍ഷം ജയില്‍ശിക്ഷ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, June 08, 2015 06:29 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബൂണ്‍ടണില്‍ 2011 ഓഗസറ്റ് 16ന്, ഭാര്യ പാക് വംശജയായ നസീഷ് നൂറാണിയെ വെടിവച്ച് കൊന്നകേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട പാക് വംശജന്‍ ബ്രൂക്‌ലിനില്‍ ജനിച്ചുവളര്‍ന്ന കാഷിഫ് പര്‍വേയ്‌സിനൊപ്പം അറസ്റ്റിലായ, കാഷിഫിന്റെ കാമുകിയും മലയാളിയുമായ അന്റോണിയറ്റ് സ്റ്റീഫന് സുപ്പീരിയര്‍ കോടതി ജഡ്ജി 30 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.

ശിക്ഷ വിധിക്കപ്പെട്ട ജൂണ്‍ അഞ്ച് വെള്ളിയാഴ്ച നസീഷിന്റെ കുടുംബത്തോട് അന്റോണിയറ്റ്, ക്ഷമാപണം നടത്തി. ''നിങ്ങളുടെ മനസിലെ വേദനയെ ഇല്ലാതാക്കുവാന്‍ എനിക്കു വാക്കുകളില്ല. എന്നാല്‍ നിങ്ങളുടെ വേദന ഞാന്‍ മനസിലാക്കുന്നില്ലന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് തെറ്റാണ്. അന്നത്തെ ആ രാത്രി മുതല്‍ ആ ഓര്‍മ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വെടിയുണ്ടയേറ്റ് വീഴുമ്പോള്‍ “'അല്ലാഹു' എന്നായിരുന്നു അവള്‍ അവസാനമായുച്ചരിച്ചത്. അതായിരുന്നു അവളുടെ അവസാന വാക്ക്.

നൂറാണിയിപ്പോള്‍ സ്വര്‍ഗത്തിലായിരിക്കുമെന്നും എന്നാല്‍ നരകമാണ് തന്നെ കാത്തിരിക്കുന്നതെന്നും മാസച്ചുസെറ്റ്‌സിലെ ബില്ലെറിക്കയില്‍ നിന്നുള്ള സ്റ്റീഫന്‍ നിറമിഴികളോടെ പറഞ്ഞു.
അന്റോണിയറ്റ് സ്റ്റീഫന്‍ സംസാരിച്ചശേഷം സുപ്പീരിയര്‍ കോടതി ജഡ്ജി റോബര്‍ട് ഗില്‍സണ്‍ അന്റോണിയറ്റിന് 30വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2013 മേയ് മാസത്തില്‍ അന്റോണിയറ്റ്, കുറ്റസമ്മതം നടത്തിയിരുന്നു. ജയില്‍ശിക്ഷ അനുഭവിച്ചശേഷം സ്റ്റീഫനെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും. സ്റ്റീഫന് അമേരിക്കന്‍ പൗരത്വമില്ല,

''കാഷിഫിനെ ഞാനൊരിക്കലും കണ്ടിരുന്നില്ലങ്കിലെന്ന് മനസ് ആഗ്രഹിച്ചുപോകുന്നു. അല്ലെങ്കില്‍ അയാള്‍ക്കെതിരെ നില്‍ക്കാനുള്ള ശക്തി എനിക്കുണ്ടാകണമായിരുന്നു. അയാള്‍ പറഞ്ഞ നുണകളെല്ലാം ഞാന്‍ വിശ്വസിച്ചുപോയി.

ഭാര്യയെ കൊലപ്പെടുത്താന്‍ അന്റോണിയറ്റ് സ്റ്റീഫനെ വാടകയ്‌ക്കെടുത്ത പര്‍വേസ്, കൊലപാതകക്കുറ്റത്തിന് 30 വര്‍ഷവും മൂന്നുവയസുള്ള കുഞ്ഞിന് മാനസികപീഡനം ഉണ്ടാക്കിയതിനു ഏഴു വര്‍ഷവും സംഭവത്തില്‍ തനിക്ക് പങ്കില്ലന്ന് കാണിക്കാന്‍ സ്വയം മുറിവേല്‍പിച്ച് നിയമപരമായ അറസ്റ്റ് വൈകിപ്പിച്ചതിന് മൂന്നു വര്‍ഷവും ശിക്ഷ അനുഭവിക്കുകയാണ്്.

2011 ഓഗസ്റ്റ് 16ന് രാത്രി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ð നിന്ന് 20 മിനിറ്റ് ദൂരമുള്ള ബൂണ്‍ടണില്‍ð വച്ചായിരുന്നു രാജ്യത്തെയും ഇന്ത്യന്‍ സമൂഹത്തെയാകെയും നടുക്കി അന്റോണിയോ, കാമുകന്റെ ഭാര്യയെ വെടിവച്ച് കൊന്നത്. ഭാര്യാസഹോദരിയുടെ വീട്ടില്‍ð നിന്ന് രാത്രിഭക്ഷണം കഴിച്ച് കാഷിഫും(26)ഭാര്യ നസീഷ് നൂറാണിയും(27) മൂന്നുവയസുള്ള പുത്രന്‍ ഷയാനെ സ്‌ട്രോളറിലിരുത്തി പുറത്തേക്ക് നടക്കുമ്പോഴായിരുന്നു വെടിവയ്പ്. നെഞ്ചില്‍ð വെടിയേറ്റ നൂറാണി ഉടന്‍ വീണുമരിച്ചു. കാഷിഫിനും തോളിലും കൈകളിലും വെടിയേറ്റിരുന്നെങ്കിലും അത് കൊലപാതക കുറ്റത്തില്‍ðനിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നó് പിന്നീട് തെളിഞ്ഞു. ഷയാന് പരിക്കൊന്നുമുണ്ടായിരുന്നില്ല. ഇവര്‍ക്ക് പത്തുവയസുള്ള മറ്റൊരു പുത്രന്‍ കൂടിയുണ്ട്ï്.

മുസ്ലീം ഭീകരന്‍ എന്നാക്രോശിച്ച് ഒരു ആഫ്രിക്കന്‍ അമേരിക്കനും ഒരുവെള്ളക്കാരനും മറ്റൊരാളും ചേര്‍ന്നാണ് തങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്തതെന്നó് കാഷിഫ് മൊഴിനല്‍കിയതോടെയാണ് സംഭവം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് ആഫ്രിക്കക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്óഅയാള്‍ പിന്നീട് മാറ്റിപ്പറഞ്ഞത് സംശയത്തിനിടയാക്കി. വീണ്ടും ചോദ്യം ചെയ്തപ്പോള്‍, അതൊരു കൈയബദ്ധമായിരുവെന്നു മൊഴിനല്‍കി. വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേസ് കുറ്റം സമ്മതിക്കുകയായിരുന്നു.

സ്റ്റീഫന് ലഭിച്ച ജീവപര്യന്തം ശിക്ഷയെ അംഗീകരിക്കുന്നതായി പറഞ്ഞ നൂറാണിയുടെ സഹോദരന്‍ കലിം നൂറാണി സ്റ്റീഫന്റെ ക്ഷമാപണം താന്‍ അംഗീകരിക്കുന്നില്ലന്ന് പറഞ്ഞു. സ്റ്റീഫന്റെ അറ്റോര്‍ണി ഡൊളോറസ് മേന്‍, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ സ്റ്റീഫന്‍ പറഞ്ഞ രീതിയില്‍ വിവരിച്ചു. നല്ലൊരു ഇന്ത്യന്‍ കുടുംബത്തില്‍ കാത്തലിക് പശ്ചാത്തലത്തില്‍ വളര്‍ത്തപ്പെട്ട സ്റ്റീഫന് കാഷിഫിന്റെ ചതി തിരിച്ചറിയാനായില്ല. പുസ്തകങ്ങളായിരുന്നു എന്നും അവള്‍ക്ക് കൂട്ട്, ലഹരി ഒരിക്കലും രുചിച്ചിരുന്നില്ല. ബോസ്റ്റണ്‍ ആര്‍ക്കിടെക്ചറല്‍ കോളജില്‍ വച്ചാണ് കാഷിഫിനെ സ്റ്റീഫന്‍ ആദ്യം കണ്ടത്. അത് പിന്നീട് പ്രണയമായി വളര്‍ന്നു. ഭാര്യയുമായി പിരിഞ്ഞുകഴിയുകയാണന്നാണ് കാഷിഫ്, സ്റ്റീഫനെ ധരിപ്പിച്ചത്. സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച തന്റെ മൂത്ത കുട്ടിയെ ചികില്‍സിക്കാന്‍ പോലും ധിക്കാരിയായ തന്റെ ഭാര്യ അനുവദിക്കുന്നില്ലന്നും കുട്ടിയെ രക്ഷിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്നും കാഷിഫ് പറഞ്ഞു.

നൂറാണിക്ക് കാമുകനുമായുണ്ടായ ബന്ധത്തിലുണ്ടായ കുട്ടിയാണതെന്നും എന്നാല്‍ കുട്ടിയെ രക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായി കരുതുന്നുവെന്നും പറഞ്ഞ് സ്റ്റീഫന്റെ മനസിലയാള്‍ ഇടം കണ്ടെത്തി. മറ്റൊരാളുടെ കുഞ്ഞിനെ ചികില്‍സിക്കാന്‍ ഇത്രയേറെ ത്യാഗം സഹിക്കുന്ന കാഷിഫിനോടുള്ള മമത സ്റ്റീഫനില്‍ ഏറിവന്നു. ''എന്റെ കുട്ടി മരിക്കാന്‍ പോകുന്നു, എനിക്കവനെ രക്ഷിച്ചേ തീരൂ'' എന്ന കാഷിഫിന്റെ മനംതുറക്കലിലാണ് ക്രൂരയായ നൂറാണിയെ കൊല്ലാനുള്ള പദ്ധതിയില്‍ കാഷിഫിന്റെ നിര്‍ദേശപ്രകാരം സ്റ്റീഫന്‍ പങ്കാളിയായത്. നൂറാണിയെ ഇല്ലാതാക്കിയാല്‍ മാത്രമേ കുട്ടികളുടെ കസ്റ്റഡി പര്‍വേസിന് ലഭിച്ച് കുട്ടിക്ക് ചികില്‍സ സാധ്യമാവൂ എന്നും കരുതിയതായും കുട്ടിയുടെ ചികില്‍സയ്ക്ക് താന്‍ 12000 ഡോളര്‍ നല്‍കിയതായും അന്റോണിയറ്റ് സ്റ്റീഫന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് അങ്ങനെയൊരു അസുഖമേ ബാധിച്ചിട്ടില്ലന്നാണ് കുട്ടിയെ പരിശോധിക്കുന്ന പീഡിയാട്രീഷന്‍ പറഞ്ഞത്.

''മേന്‍ പറഞ്ഞതില്‍ കുറെയൊക്കെ ശരിയായിരിക്കാം, പക്ഷേ അതൊന്നും സ്റ്റീഫന്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം ഇല്ലാതാക്കുന്നില്ലന്ന്.''മോറിസ്‌കൗണ്ടി അസി. പ്രോസിക്യൂട്ടര്‍ മാത്യു ട്രോയാനോ പറഞ്ഞു,
കൊലപാതകം ആസൂത്രണം ചെയ്ത് പര്‍വേസും അന്റോണിയറ്റും നടത്തിയ ടെക്സ്റ്റ്‌മെസേജുകളും കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ഇരുവരും ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോയും കുറ്റത്തിന്റെ കാഠിന്യമേറ്റി.

അന്റോണിയറ്റിന്റെ പിതാവ് തമിഴ് വംശജനായ ഡോക്ടറാണ്. നേഴ്‌സായ അമ്മ മലയാളിയും. ആര്‍കിടെക്ചറില്‍ ബിരുദമെടുത്ത് വന്ന് കേംബ്രിഡ്ജിലെ ബെസ്റ്റ്‌ ബൈയില്‍ ജോലിചെയ്യവേ അന്റോണിയറ്റ് കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ വാര്‍ത്ത മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഇന്ത്യന്‍സമൂഹത്തെയാകെ ഞെട്ടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.