You are Here : Home / USA News

പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ആക്രമണം; വിളിച്ചിട്ടും ഫോണെടുക്കാതെ രമേശ്‌ ചെന്നിത്തല

Text Size  

Story Dated: Monday, June 15, 2015 10:13 hrs UTC

ന്യൂയോര്‍ക്ക്‌: ലൈറ്റ്‌ ഓഫ്‌ എഷ്യ ബ്രോഡ്‌കാസ്റ്റിംഗ്‌ സ്ഥാപകനും ചാനല്‍മേധാവിയുമായ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ ആക്രമണം. പരാതി പറയാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സ്വകാര്യഫോണ്‍ നമ്പറില്‍ നിരവധി തവണ വിളിച്ചെട്ടും ഫോണെടുത്തില്ലെന്നും ആക്ഷേപം. രമേശ്‌ ചെന്നിത്തല അമേരിക്കയില്‍ എത്തിയപ്പോള്‍ എന്ത്‌ ആവശ്യത്തിനും വിളിക്കാം എന്നുപറഞ്ഞു നല്‍കിയ നമ്പറില്‍ വിളിച്ചിട്ടാണ്‌ ഒരു പ്രതികരണവും ഉണ്ടാകാത്തതെന്നു പാസ്റ്റര്‍ പറയുന്നു. ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ തിരക്കുമൂലം ലഭിക്കില്ലെന്നും വേഗത്തില്‍ ലഭിക്കാന്‍ സ്വകാര്യ നമ്പറാണ്‌ നല്ലതെന്നും പറഞ്ഞാണ്‌ അമേരിക്കയിലെത്തിയ രമേശ്‌ ചെന്നിത്തല സ്വകാര്യ ഫോണ്‍ നമ്പര്‍ നല്‍കിയത്‌.

 

എന്നാല്‍, ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിടെ ജീവന്‍ അപകടത്തില്‍പ്പെടുമെന്ന സാഹചര്യത്തില്‍, വേഗത്തില്‍ സഹായം ലഭിക്കാനാണ്‌ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ രമേശ്‌ ചെന്നിത്തലയുടെ സ്വകാര്യ നമ്പറില്‍ തന്നെ വിളിച്ചത്‌. അനവധി തവണ വിളിച്ചെട്ടും ഫോണ്‍ റിംഗ്‌ ചെയ്‌ത്‌ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ സിപിഎം നേതാക്കളോട്‌ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകരെത്തി രക്ഷപെടുത്തുകയായിരുന്നു. അവരെത്തിയില്ലായിരുന്നെങ്കില്‍ തന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആകുമായിരുന്നുവെന്ന്‌ പാസ്റ്റര്‍ പറയുന്നു. അനവധി തവണവിളിച്ചെട്ടും ഒരുതവണ പോലും തിരിച്ചുവിളിക്കാനുള്ള മാന്യതപോലും രമേശ്‌ ചെന്നിത്തല കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിനാണ്‌ ആദ്യ സംഭവം. നാട്ടിലെത്തിയ പാസ്റ്റര്‍ ആറ്റിങ്ങലിനു സമീപത്തെ മണമ്പൂരിലെ ചര്‍ച്ചില്‍ പ്രാര്‍ഥന കഴിഞ്ഞ്‌ ഇറങ്ങുമ്പോഴാണ്‌ ഹിന്ദുത്വവാദികള്‍ ചര്‍ച്ച്‌ വളഞ്ഞ്‌ ആക്രമണം അഴിച്ചുവിട്ടത്‌്‌. പാസ്റ്റര്‍ക്കു നേരെയും വിശ്വാസികള്‍ക്കുനേരെയും തെറിവിളിയുമായി പാഞ്ഞടുത്ത ആക്രമികളില്‍ നിന്ന്‌ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായാണ്‌ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ രമേശ്‌ ചെന്നിത്തലയുടെ ഫോണില്‍ വിളിക്കുന്നത്‌.

 

അനവധി തവണ വിളിച്ചെട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന്‌ സിപിഎം നേതാക്കളുമായി ബന്ധപ്പെട്ടു. പിന്നീട്‌ സിപിഎം പ്രവര്‍ത്തകരെത്തി തലനാരിഴയ്‌ക്ക്‌ പാസറ്ററുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. തന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം പാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തരമന്ത്രി ഇടപെടും എന്ന പ്രതീക്ഷയിലാണ്‌ പാസ്റ്റര്‍ ചെന്നിത്തലയുടെ സ്വകാര്യ ഫോണില്‍ വിളിച്ചത്‌. അതും ആക്രമികള്‍ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന സമയത്തും. പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്തയാള്‍ എങ്ങനെ ആഭ്യന്തരമന്ത്രിയായിരിക്കാന്‍ യോഗ്യനാണെന്നാണ്‌ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ ചോദിക്കുന്നത്‌. ആക്രമണം സംബന്ധിച്ച്‌ ചര്‍ച്ചിനു സമീപത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. ചര്‍ച്ചിനും വിശ്വാസികള്‍ക്കും നേരെ ആക്രമണം ഉണ്ടായിട്ടും നടപടിയെടുക്കാത്ത പോലീസ്‌ ഹിന്ദുത്വവാദികളെ സഹായിക്കുകയാണെന്നും പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ ആരോപിച്ചു. പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ ചര്‍ച്ചില്‍ ഉണ്ടാകുമെന്നു കരുതി ആറ്റിങ്ങലിലെ ചര്‍ച്ച്‌ ജൂണ്‍ 14 ന്‌ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു. അവിടത്തെ സാധനസാമഗ്രികള്‍ അവര്‍ നശിപ്പിക്കുകയും ചെയ്‌തു.

 

ഒപ്പം, അവിടെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന്‌ വിശ്വാസികളെയും മറ്റ്‌ പാസ്റ്റര്‍മാരെയും ഇവര്‍ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ സ്ഥലത്ത്‌ എത്തിയ പോലീസ്‌ ഉദ്യോഗസ്ഥരും ഹിന്ദുത്വവാദികള്‍ക്കൊപ്പം ചേര്‍ന്ന്‌ മോശമായാണ്‌ പെരുമാറിയത്‌. ഈ സമയം അമേരിക്കയിലായിരുന്ന പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌ 'ഏത്‌ ആവശ്യത്തിനും ഏപ്പോള്‍ വേണമെങ്കിലും വിളിച്ചോളു' എന്ന്‌ പറഞ്ഞു രമേശ്‌ ചെന്നിത്തല നല്‍കിയ സ്വകാര്യ നമ്പറില്‍ വീണ്ടും അനവധി തവണ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ചിഡ്‌ ഓഫ്‌ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കേരളം പോലുള്ള സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ആഭ്യന്തരമന്ത്രി ഇത്തരത്തിലാണ്‌ പെരുമാറുന്നതെങ്കില്‍ സാധാരണക്കാരന്‌ എങ്ങനെ നീതി ലഭിക്കുമെന്നും പാസ്റ്റര്‍ ചോദിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി സഭയ്‌ക്കും സഭയിലെ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആറ്റിങ്ങല്‍ പ്രദേശത്ത്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്‌. സംസ്ഥാനത്ത്‌ സ്വതന്ത്രമായി പ്രാര്‍ഥന നടത്താന്‍ അനുവദിക്കാത്ത ഹിന്ദുത്വവര്‍ഗീയ വാദികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന്‌ പാസ്റ്റര്‍ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്‌്‌ പറയുന്നു. ഒപ്പം തന്നെ, തന്റെ ജീവന്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍പ്പോലും വിളിച്ചെട്ട്‌ ഫോണ്‍ എടുക്കാത്ത ആഭ്യന്തരമന്ത്രിയുടെ നടപടിയേയും രൂക്ഷമായാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌. അമേരിക്കയിലെത്തുമ്പോള്‍ എന്തുസഹായവും ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു പോകുന്നവരില്‍ മിക്കവും നാട്ടിലെത്തിയാല്‍ തിരിഞ്ഞുനോക്കാത്തനിന്‌ ഉദാഹരണമാണ്‌ രമേശ്‌ ചെന്നിത്തലയുടെ നടപടി. അമേരിക്കയിലെത്തുമ്പോള്‍ പ്രവാസികളെ പറ്റിക്കാനായി പലതും പറഞ്ഞുപോകുന്ന രാഷ്ട്രീയക്കാരനാണ്‌ രമേശ്‌ ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ അപകടത്തില്‍പ്പെടുമ്പോഴല്ലാതെ ഏതു സമയത്താണ്‌ ഒരാളുടെ സഹായം തേടേണ്ടതെന്നും പാസ്റ്റര്‍ ചോദിക്കുന്നു. ഇത്തരക്കാരെ ഇനിയെങ്കിലും പ്രവാസികള്‍ മനസിലാക്കണം. അമേരിക്കയിലെത്തുമ്പോള്‍ പറയുന്നതൊന്നും നാട്ടിലെത്തുമ്പോള്‍ അവര്‍ ഓര്‍ക്കുക പോലുമുണ്ടാകില്ലെന്നതിന്റെ തെളിവാണ്‌ തന്റെ സംഭവമെന്നും അദ്ദേഹം പറയുന്നു. 1978 മുതല്‍ അമേരിക്കയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനുനേരെയുണ്ടായ ആക്രമണത്തിലും ആഭ്യന്തരമന്ത്രിയുടെ നടപടിയിലും പ്രവാസലോകം ഒന്നടങ്കം പ്രതിഷേധത്തിലാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.