You are Here : Home / USA News

വിശുദ്ധ അന്തോനീസിന്റെ ആറാം വാര്‍ഷിക തിരുന്നാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 18, 2015 07:26 hrs UTC

ഹ്യൂസ്റ്റണ്‍: ഹ്യുസ്റ്റനിലെ പസദേനായിലെയും സമീപപ്രദേശങ്ങളിലെയും ഇന്ത്യന്‍ സമൂഹം പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ആറാം വാര്‍ഷിക തിരുന്നാള്‍ 2015, ജൂണ്‍ 6 ന്‌ പരമ്പരാഗത വിശ്വാസ നിറവില്‍ ഭക്ത്യാദരപൂര്‍വം സെന്‍റ്‌ ഫ്രാന്‍സിസ്‌ കബ്രിനി കത്തോലിക്ക ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ഒന്‍പതു ദിനം നീണ്ടുനിന്ന പ്രത്യേക നോവേന പ്രാര്‍ത്ഥനാ മുന്നൊരുക്കം ഉണ്ടായിരുന്നു. ജൂണ്‍ ആറിനു ബഹുമാനപ്പെട്ട ഫാ. ഫ്രാങ്ക്‌ ഫാബിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുന്നാള്‍ ദിവ്യബലിയില്‍ ഫാ. ചാക്കോ പുതുമയില്‍, ഫാ . ബെന്നി തടത്തില്‍കുന്നേല്‍, ഫാ. വര്‍ഗ്ഗീസ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധനോടുള്ള നവനാള്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ ഫാ. ചാക്കോ പുതുമയില്‍ നേതൃത്വം നല്‍കി. ശ്രീമതി ഷൈനി റസ്റ്റത്തം, ശ്രീ സേവ്യര്‍ മത്തായി, ശ്രീമതി ഷീജ ബിജോയ്‌, ശ്രീമതി മിനി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം സമൂഹത്തെ ആത്മീയ ഉണര്‍വിലേക്ക്‌ നയിച്ചു.

 

ഹ്യുസ്റ്റനിലെ സെന്റ്‌ ഫ്രാന്‍സിസ്‌ കബ്രിനി കത്തോലിക്കാ ദേവാലയത്തില്‍ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുന്നാളും നവനാള്‍ പ്രാര്‍ത്ഥനകളും മലയാളി സമൂഹത്തിന്‌ നടത്തുന്നതിനുള്ള അനുവാദം നല്‍കിയ ഫാ. ഫ്രാങ്ക്‌ ഫാബിനെ ഫാ. ചാക്കോ പുതുമയില്‍ തന്റെ പ്രസംഗത്തില്‍ നന്ദിയോടെ സ്‌മരിച്ചു. തന്റെ കുടുംബത്തിന്‌ വിശുദ്ധന്‍ വഴി ലഭിച്ച പ്രത്യേക അനുഗ്രഹങ്ങളെ സ്‌മരിച്ചുകൊണ്ട്‌ തിരുന്നാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത ശ്രീ എബ്രഹാം മാത്യു തിരുന്നാളില്‍ പങ്കെടുത്ത എല്ലാ ഫാദേഴ്‌സിനും സിസ്റ്റര്‍ കരോളിനയ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞു. ഈ ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിനോടുള്ള നൊവേനയ്‌ക്ക്‌ തുടക്കം കുറിക്കുകയും അത്‌ നടത്തിച്ചു കൊണ്ടുപോകുന്നതിലേക്കായി കഠിനാധ്വാനം ചെയ്‌ത്‌ പരലോകവാസം പുല്‍കിയ ശ്രീ രാജു പുളികീലിനെ പ്രത്യേകം സ്‌മരിച്ചു.

 

തിരുന്നാള്‍ ദിവ്യബലിയ്‌ക്കും നൊവേനയ്‌ക്കും ശേഷം ഫാദര്‍ ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രദക്ഷിണത്തിന്‌ ഫാദര്‍ വര്‍ഗീസ്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ കൈകളിലേന്തി. ദേവാലയം ചുറ്റി നടന്ന വിശ്വാസ പ്രദക്ഷിണത്തിന്‌ ഇടവക ജനങ്ങള്‍ കത്തിച്ച മെഴുകുതിരികള്‍ കൈയ്യിലേന്തി വിശ്വാസപൂര്‍വ്വം പങ്കുചേര്‍ന്നു.തുടര്‍ന്ന്‌ `റിവര്‍ സ്‌റ്റോണ്‍' ബാന്റിന്റെ നേതൃത്വത്തില്‍ നടത്തപെട്ട പരമ്പരാഗത ചെണ്ടമേളം പ്രദക്ഷിണത്തിന്‌ ഇന്ത്യന്‍ തനിമ നല്‍കി. പ്രദക്ഷിണത്തിന്‌ ശേഷം ഫ്രാന്‍സിസ്‌കാ ഹാളില്‍ ഒരുക്കിയുരുന്ന സ്‌നേഹവിരുന്നില്‍ എല്ലാ വിശ്വാസികളും പങ്ക്‌ ചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.