You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 21, 2015 11:47 hrs UTC

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമഥേയത്തിലുള്ള ഷിക്കാഗോയിലെ ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ ഈവര്‍ഷത്തെ തിരുനാള്‍ മോടിപിടിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ പാരീഷ്‌ കൗണ്‍സിലിന്റേയും സെന്റ്‌ ബെര്‍ത്തലോമിയ വാര്‍ഡിന്റേയും കീഴില്‍ ആഴ്‌ചകളായി പ്രവര്‍ത്തിച്ചുവരുന്നു. മോര്‍ട്ടന്‍ഗ്രോവ്‌, നൈല്‍സ്‌ എന്നീ രണ്ടു പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ഒന്നിച്ചുള്ള സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. ജൂണ്‍ 28-ന്‌ ഞായറാഴ്‌ച 11 മണിക്കുള്ള ദിവ്യബലിക്കുശേഷം തിരുനാളിനു കൊടിയേറുന്നതോടുകൂടി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ ദിവ്യബലിയര്‍പ്പിക്കുന്നതും, റവ.ഫാ. ആന്റണി തുണ്ടത്തില്‍ കുര്‍ബാനമധ്യേ വചന സന്ദേശം നല്‌കുന്നതുമാണ്‌. തുടര്‍ന്ന്‌ നടക്കുന്ന കൊടിയേറ്റത്തിനു കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

തിരുനാളിന്റെ മുന്നോടിയായി പ്രശസ്‌ത ധ്യാന പ്രസംഗകന്‍ റവ.ഫാ. ജോസഫ്‌ പാംപ്ലാനിയുടെ നേതൃത്വത്തില്‍ ജൂണ്‍ 11 മുതല്‍ 14 വരെ തീയതികളില്‍ നടത്തപ്പെട്ട കുടുംബ നവീകരണ കണ്‍വന്‍ഷനിലൂടെ ലഭിച്ച ആത്മീയ പ്രസരിപ്പും, വിശ്വാസതീക്ഷണതയും, പ്രാര്‍ത്ഥനാമഞ്‌ജരികളും കൊണ്ട്‌ മുഖരിതമായ അന്തരീക്ഷത്തില്‍ ഈ `കുടുംബവര്‍ഷത്തിലെ' ദുക്‌റാന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ ഇടവക ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ 29-നു തിങ്കളാഴ്‌ച മുതല്‍ ജൂലൈ രണ്ടാം തീയതി വ്യാഴാഴ്‌ച വരെ തീയതികളില്‍ രാവിലെ 8.30-നു കുര്‍ബാനയും, വൈകുന്നേരങ്ങളില്‍ ഏഴുമണിക്കുള്ള ദിവ്യബലിക്കുശേഷം വി. തോമാശ്ശീഹായുടെ നൊവേനയും ഉണ്ടായിരിക്കും. ഇന്ത്യയ്‌ക്കു വെളിയിലുള്ള ആദ്യത്തെ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ രൂപത രൂപീകൃതമായതിന്റേയും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സ്ഥാനമേറ്റതിന്റെ പതിന്നാലാമത്‌ വാര്‍ഷികദിനംകൂടിയായ ജൂലൈ ഒന്നാം തീയതി വൈകുന്നേരം 7 മണിക്കുള്ള ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മിത്വം വഹിക്കും.

 

ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്‌ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30-നു ആഘോഷമായ ദിവ്യബലിയില്‍ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതും കുര്‍ബാന മധ്യേ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ വചന സന്ദേശം നല്‍കുന്നതുമാണ്‌. കള്‍ച്ചറല്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ 7.30-നു ആരംഭിക്കുന്ന സീറോ മലബാര്‍ നൈറ്റില്‍ ഇടവകയിലെ കലാകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന കലാപരിപാടികള്‍ തിരുനാളിനു കൂടുതല്‍ വര്‍ണ്ണക്കൊഴുപ്പേകും. ജൂലൈ നാലാം തീയതി ശനിയാഴ്‌ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30-നുള്ള ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഷിക്കാഗോ രൂപതയുടെ മേലധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും.

 

 

 

ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ വചന സന്ദേശം നല്‍കുന്നതാണ്‌. 7.30-ന്‌ ആരംഭിക്കുന്ന തിരുനാള്‍ നൈറ്റില്‍ നൃത്തവും സംഗീതവും ഹാസ്യവും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന `കൃപാഞ്‌ജലി 2015' -ല്‍ സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡ്‌ അംഗങ്ങള്‍ക്കൊപ്പം കൊല്ലം കിഷോര്‍ (വൊഡാഫോണ്‍ കോമഡി സ്റ്റാര്‍), ഗായകരായ ജോജോ വയലില്‍, ജയരാജ്‌ നാരായണന്‍, ജസ്സി എന്നിവരും രംഗത്ത്‌ എത്തുന്നു. ജൂലൈ അഞ്ചാം തീയതി ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാന. തിരുനാളിന്റെ പ്രധാന ദിനമായ അന്നേദിവസം വൈകുന്നേരം നാലുമണിക്ക്‌ ആരംഭിക്കുന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതാണ്‌. ആറുമണിക്ക്‌ ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം കേരളത്തിലെ ദേവാലയ പ്രദക്ഷിണങ്ങളെ വെല്ലുന്ന പ്രൗഢിയില്‍ ഇവിടെ നടത്തപ്പെടുന്നു. താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ട്‌ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ സംസ്‌കാരത്തിന്റേയും ഭക്തിയുടേയും തനിമ വിളിച്ചോതുന്നു. കേരളത്തനിമയില്‍ പണിതീര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പ്‌ വണങ്ങുവാനും തിരുനാളില്‍ പങ്കെടുത്ത്‌ വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥം വഴിയായി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി നൂറുകണക്കിന്‌ വിശ്വാസികള്‍ ഇവിടെയെത്തുന്നു. മോഹന്‍ സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.