You are Here : Home / USA News

ഉറൂബിന്റെ ജന്മശതാബ്ദി വിചാരവേദി ആഘോഷിച്ചു

Text Size  

Story Dated: Sunday, June 21, 2015 11:53 hrs UTC

വാസുദേവ്‌ പുളിക്കല്‍ വിചാരവേദി ഉറൂബിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജുണ്‍ 14, 2015- ന്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന സാഹിത്യസദസ്സില്‍?വെച്ച്‌ അദ്ദേഹത്തിന്റെ രചനകള്‍ ചര്‍ച്ച ചെയ്‌തു. ഡോ. എന്‍. പി. ഷീല `സൂര്യകാന്തി' എന്ന കവിത ചൊല്ലിക്കൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌.?ഉറൂബ്‌ മലയാള സാഹിത്യത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ആദ്യത്തെ അവാര്‍ഡ്‌ ചിത്രമായ നീലക്കുയില്‍ എന്ന സിനിമക്ക്‌ തിരക്കഥയും സംഭാഷണവും എഴുതിയ ഉറുബ്‌ സിനിമയുടെ ചരിത്രത്തില്‍ സ്‌മരിക്കപ്പെടുമെന്നും സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. `തപസ്സിന്റെ ഫലം' എന്ന ഉറൂബിന്റെ ലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട്‌ സംസാരിച്ചപ്പോള്‍ വിനോബജിയുമായി ഉറൂബിന്റെ കൂടിക്കാഴ്‌ചയും വിനോബാജിയുടെ കേരളത്തിലെ അന്നത്തെ സാഹചര്യത്തെ പറ്റിയുള്ള വീക്ഷണവും അദ്ദേഹം അനുസ്‌മരിച്ചു. കേരളത്തില്‍ ക മ്യൂ ണിസ്റ്റു ഗവണ്മെന്റ്‌ അധികാരത്തില്‍ വന്ന കാലം. ക മ്യൂ ണിസത്തിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമോ, ക മ്യൂ ണിസ്റ്റുകാര്‍ കുറച്ച്‌ തപസ്സു ചെയ്‌തു. അതിന്റെ ഫലം കിട്ടി. ഫലം കിട്ടുമ്പോള്‍ അഹന്തയുണ്ടാകരുത്‌, സ്വന്തം കാര്യത്തിന്‌ ഉപയോഗിക്കുകയുമരുത്‌. തപോഫലം സ്വന്തം കര്യത്തിനുപയോഗിച്ച ഒരു ഋഷിയുടെ ദാരുണമായ അന്ത്യത്തിന്റെ കഥ പറഞ്ഞുകൊണ്ട്‌ വിനോബാജി എഴുന്നേറ്റു. വിനോബാജിയിലൂടെ ഉറൂബ്‌ ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പറയുന്നില്ലേ. ഉറുബിന്റെ ഈ ലേഖനത്തിന്‌ ഇന്നും പ്രസക്തിയുണ്ട്‌, എഴുത്തുകാരന്‍ എഴുത്തിലൂടെ എന്നെന്നും ജീവിക്കുന്നു, ഭാഷക്ക്‌ നല്‍കിയ സംഭാവന ഉള്‍ക്കൊണ്ടുകൊണ്ട്‌ വിചാരവേദി ഉറൂബിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്‌ എന്ന്‌ സാംസി കൊടുമണ്‍ പറഞ്ഞു നിര്‍ത്തി.

നാടകരംഗത്ത്‌ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന, അമേരിക്കന്‍ നാടകങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി ഫെലോഷിപ്പില്‍ ഇവിടെ എത്തിയ പ്രൊഫ. ചന്ദ്രദാസിന്റെ സാന്നിധ്യംകൊണ്ട്‌ സദസ്സ്‌ ധന്യമായി. മലയാള നാടകത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായ പ്രൊഫ. ചന്ദ്രദാസിനെ സന്തോഷ്‌ പാല പരിചയപ്പെടുത്തി. ജീവിതത്തിന്റെ നല്ലൊരു ഭാഗം നാടകപ്രസ്ഥാനത്തിനു വേണ്ടി മാറ്റി വെച്ച പ്രൊഫ. ചന്ദ്രദാസ്‌ നാടകത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കിട്ടു. അദ്ദേഹം അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ അമേരിക്കന്‍ നാടവേദി, പുതിയ സാങ്കേതിക ശാസ്‌ത്രം, നാടകം എങ്ങനെയാണ്‌ ഓരോ സാഹചര്യത്തില്‍ സമരസപ്പെടുന്നത്‌, ശാസ്‌ത്രവും നാടകവും സമൂഹവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, കേരളത്തില്‍ നാടകരംഗത്ത്‌ വന്ന മാറ്റങ്ങള്‍, അഭിനയത്തിലും അവതരണത്തിലും പുതുമയില്ലാത്തതുകൊണ്ട്‌ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക്‌ സംഭവിച്ച പരാജയം, പരീക്ഷണ നാടകങ്ങള്‍ ജനങ്ങള്‍ക്ക്‌ സ്വീകാര്യമാകുന്നത്‌ അങ്ങനെ അദ്ദേഹം പറഞ്ഞ ഒത്തിരി കാര്യങ്ങള്‍ നാടകത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ സഹായകമായി.
വാസുദേവ്‌ പുളിക്കലിന്റെ അവതരണത്തോടെ ഉറുബ്‌ സാഹിത്യ ചര്‍ച്ച ആരംഭിച്ചു. കുഞ്ഞിനൊരു കുപ്പായം എന്ന ചെറുകഥയും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളും അവലോകനം ചെയ്‌തു കൊണ്ട്‌ മനുഷ്യമനസ്സുകളുടെ ഊഷ്‌മള വികാരങ്ങള്‍ സത്യസന്ധതയോടെ കഥകളില്‍ അവതരിപ്പിച്ച ഉറൂബ്‌ കണ്ട മനുഷ്യഹൃദയങ്ങളുടെ സുന്ദരരൂപം ഇന്നത്തെ സാഹിത്യകാരന്മാര്‍ കാണുന്നുണ്ടോ എന്ന്‌ വാസുദേവ്‌ സംശയം പ്രകടിപ്പിച്ചു. നോവല്‍ പ്രസ്ഥാനത്തിന്റെ വിഭിന്ന വശങ്ങലിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട്‌ ഡോ. ജോയ്‌ റ്റി. കുഞ്ഞാപ്പു പ്രസംഗം ആരംഭിച്ചു. പുതിയ കഥ ആരു പറയുന്നോ അതാണ്‌ പുതിയ നോവല്‍. നോവലിലെ ദാര്‍ശനിക സന്ദേശം മാത്രമാണ്‌ വായനക്കാരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്‌. ഉറുബിന്റെ നോവലുകള്‍ സ്‌മരിക്കപ്പെടുന്നതിന്റെ കാരണവും അതു തന്നെ. വ്യത്യസ്‌തമായ കഥകള്‍ പറഞ്ഞ ഉറൂബിനെ സ്വാതന്ത്ര്യസമരം സ്വാധീനിച്ചിട്ടുണ്ട്‌. പുന്നപ്ര വയലാര്‍ വരെ അദ്ദേഹത്തിന്റെ അറിവിന്റെ ഭാഗമായി പ്രതിഫലിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ തീഷ്‌ണതയുടെ ഊര്‍ജ്ജം കാലഘട്ടവുമായി ഇഴചേര്‍ത്തിരിക്കുന്നതും ചരിത്ര പശ്ചാത്തലവും ഉറൂബിന്റെ നോവലുകള്‍ക്ക്‌ പ്രത്യേക മാനം നല്‌കുന്നു എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രയോഗ പ്രത്യേകതയുള്ള എഴുത്തുകാരനാണ്‌ ഉറൂബ്‌, അദ്ദേഹത്തിന്റെ ഉമ്മാച്ചുവിലെ മാപ്പിള ഭാഷാപ്രയോഗം അസൂയാര്‍ഹമാണ്‌ എന്ന്‌ ഡോ. എന്‍. പി. ഷീല അഭിപ്രായപ്പെട്ടു. പല ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതാണ്‌ ഉറൂബിന്റെ കഥാപാത്രങ്ങള്‍. സാഹിത്യത്തെ സത്യസന്ധതയോടെ സമീപിച്ച എഴുത്തുകാരനായിരുന്നു ഉറൂബ്‌. ധര്‍മ്മപുത്രര്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ഉറൂബ്‌ ആ പേര്‌ അന്വര്‍ത്ഥമാക്കിയിട്ടുണ്ട്‌. ഇത്‌ ഞാനാണല്ലൊ എന്ന്‌ വായനക്കാര്‍ക്ക്‌ തോന്നിപ്പിക്കും വണ്ണം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ചാതുര്യം ഉറുബിനുണ്ടായിരുന്നു എന്ന്‌ ഡോ. ഷീല വ്യക്തമാക്കി. സാഹിത്യ സദസ്സിന്റെ മറ്റൊരു പ്രത്യേകത അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഗുരു എന്ന്‌ വിശേഷിപ്പിക്കാവുന്ന
ന്യൂയോര്‍ക്കിനോട്‌ വിട പറഞ്ഞ്‌ ഏറെ വര്‍ഷങ്ങളായി കാലിഫോര്‍ണിയായില്‍ താമസമാക്കിയ ജോയന്‍ കുമരകത്തിന്റെ സാന്നിധ്യമായിരുന്നു. സാഹിത്യത്തെ പറ്റി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പങ്കു വച്ചുകൊണ്ടുള്ള സംഭാഷണം പതിവു പോലെ സരസമായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളില്‍ മനസ്സുറപ്പിച്ച എഴുത്തുകാരനായിരുന്നു ഉറുബ്‌, സാഹിത്യത്തില്‍ മത്സരം വന്നതോടെ ലക്ഷ്യത്തിന്‌ മാറ്റം വന്നു, പഴയകാല രചനകള്‍ ആറിത്തണത്ത ആവിഷ്‌ക്കരണമായി ആധുനികര്‍ കാണുമ്പോഴും ഉറൂബിന്റേത്‌ ഉല്‍കൃഷ്ട സാഹിത്യ രചനകളായി നിലനില്‍ക്കുന്നു എന്ന്‌ ജോണ്‍ വേറ്റം പറഞ്ഞു. ഉറുബ്‌ ജീവിച്ചിരുന്ന കാലഘട്ടം മലയാള സാഹിത്യത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു, മലയാള സിനിമയുടെ വഴിത്തിരിവ്‌ സൃഷ്ടിച്ചത്‌ ഉറൂബാണ്‌, 1950 കളിലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്‌ത്താലത്തില്‍ എഴുതിയ നോവലുകള്‍ സാഹിത്യത്തിന്‌ ഒരു മുതല്‍ കൂട്ടാണെന്ന്‌ പി. റ്റി. പൗലോസ്‌ അഭിപ്രായപ്പെട്ടു. കഥ ഒന്നും തന്നെ ഇല്ലാത്ത കഥയെഴുത്തുകാര്‍ക്ക്‌ കഥ എങ്ങനെയാണ്‌ എഴുതേണ്ടതെന്ന്‌ ഉറൂബിന്റെ കഥകള്‍ വായിച്ചു പഠിക്കുന്നത്‌ ഫലപ്രദമാകുമെന്നും ഏതു സാധരണക്കാരനും വായിച്ചാല്‍ മനസ്സിലാക്കാവുന്ന ദുരൂഹതകള്‍ ഇല്ലാത്ത സരള ലളിതമായ രീതിയിലാണ്‌ ഉറൂബ്‌ തന്റെ കഥാപാടവം വ്യക്തമക്കുന്നത്‌ എന്നും വെറും ഭാര്യ, മാംസവും ചേതനയും എന്നീ കഥകള്‍ അവലോകനം ചെയ്‌തു കൊണ്ട്‌ ഡോ. നന്ദകുമാര്‍ ചാണയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.