You are Here : Home / USA News

ഗാല്‍വെസ്റ്റണ്‍ പ്രാര്‍ത്ഥനാഗ്രൂപ്പ് ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 22, 2015 11:01 hrs UTC

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഗാല്‍വെസ്റ്റണ് അദര്‍ ഏരിയാ(Goa) പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു.
മെയ് 13ന് വൈകുന്നേരം ഏഴുമണിയ്ക്ക് തോമസ് വര്‍ഗീസിന്റെ(ഷിബു) ഭവനത്തില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായി.
ഇടവക അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പിതാക്കന്മാരുടെ ത്യാഗപൂര്‍ണമായ ജീവിതങ്ങളെ സ്മരിയ്ക്കുന്നതിനും പിന്തുടരുന്നതിനും നമുക്കു കഴിയണം. വേദപുസ്തകത്തിലെ നിരധി പിതാക്കന്മാരുടെ ധന്യമായ, അചഞ്ചലമായ വിശ്വാസജീവിതങ്ങളെ ഉദാഹരണങ്ങളായി അച്ചന്‍ അദ്ധ്യക്ഷപ്രസംഗങ്ങളില്‍ എടുത്തുകാട്ടി. ജോണ്‍ തോമസ് രാജു തടത്തില്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ചു.
തുടര്‍ന്ന് തങ്ങളുടെ പിതാക്കന്മാര്‍ക്ക് നന്ദി കരേറ്റിക്കൊണ്ട് കുട്ടികല്‍ അവതരിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. ഹന്ന, ബഞ്ചമിന്‍, ജാസ്മിന്‍, തുഷാര്‍, തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഷിബു പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി ഫാദേഴ്‌സ് ഡേയുടെ മുഖ്യപ്രഭാഷണം നടത്തി.
ശക്തമായ ദൈവവിശ്വാസവും പ്രാര്‍ത്ഥനാജീവിതവും കൈമുതലായി ഉണ്ടായിരുന്ന നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ അനുഭവിച്ച ത്യാഗവും ജീവിത വിശുദ്ധിയും നമുക്ക് നല്ല ഓര്‍മ്മകളായിരിയ്ക്കണം. അടുത്ത തലമുറകളിലേയ്ക്ക് ആ മൂല്യങ്ങള്‍ കൈമാറ്റം ചെയ്യണമെങ്കില്‍ നമ്മെതന്നെ ആത്മപരിശോധനയ്ക്കു വിധേയമാക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ പിതാക്കന്മാരെ കാണുന്നതില്‍ കൂടി സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവത്തെ ദര്‍ശിയ്ക്കുന്നതിന് കഴിയണം. പ്രതിസന്ധികളില്‍ പ്രത്യാശ തരുന്ന ദൈവത്തെ മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. ശുഭാപ്തി വിശ്വാസവും സന്തോഷവും ദൈവത്തില്‍ ദര്‍ശിയ്ക്കുന്നതിന് മക്കള്‍ക്ക് നല്ല മാര്‍ഗ്ഗദര്‍ശികളായിതീരാന്‍ പിതാക്കള്‍ക്ക് കഴിയട്ടെയെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു.
തുടര്‍ന്ന് വന്നുചേര്‍ന്ന എല്ലാ പിതാക്കന്മാര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി, കേക്ക് മുറിച്ചു.
ഇടവക കൈസ്ഥാന സമിതി അംഗം ജോണ്‍ ചാക്കോ(ജോസ് കോട്ടയം) നന്ദി പ്രകാശിപ്പിച്ചു.
മാത്യൂസ് ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനയോടെ, സമ്മേളനം അവസാനിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.