You are Here : Home / USA News

''സാഹിത്യത്തിലെ അംഗീകൃത മാനദണ്ഡങ്ങള്‍''- കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Saturday, June 27, 2015 11:21 hrs UTC

ഹൂസ്റ്റൻ∙അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൂട്ടത്തിലും വെറും സമയംകൊല്ലികള്‍ മുതല്‍ പൈങ്കിളികളും മഞ്ഞക്കിളികളും വരെയുണ്ടെന്ന് സാഹിത്യകാരൻ പീറ്റര്‍. ജി. പൗലോസ്. സാഹിത്യത്തിന്റെ അംഗീകൃത മാനദണ്ഡങ്ങളെപ്പറ്റി കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയില്‍ പ്രസ്താവിച്ചു. എഴുത്തും സാഹിത്യവും ഉല്‍ഭവിച്ചതും തുടര്‍ന്നു പോന്നതും ചില അംഗീകൃത മാനദണ്ഡങ്ങളെ നിലനിര്‍ത്തിയാണ്. അതു പാലിക്കാത്ത രചനകള്‍ വെറും കാലികമായിരിക്കും. ഇന്ന് സാഹിത്യകുപ്പായം അണിയാന്‍ വെമ്പല്‍ കൊള്ളുന്ന പലരും അതിന് അര്‍ഹരല്ല. സമയം കൊല്ലാനായി തട്ടിക്കൂട്ടുന്ന പൈങ്കിളി മുതല്‍ മഞ്ഞക്കിളി എഴുത്തുകള്‍ക്ക് വരെ ദീര്‍ഘായുസ്സില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടെയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂണ്‍ 20നു വൈകിട്ട് ഹൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ചര്‍ച്ചാ യോഗത്തിലെ അധ്യക്ഷനായി പ്രസിദ്ധ എഴുത്തുകാരന്‍ ടി.എന്‍. സാമുവല്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സാഹിത്യകാരനോ സാഹിത്യത്തിനോ എഴുത്തുകാരനോ മാനദണ്ഡങ്ങള്‍ ഇല്ല. മാനദണ്ഡങ്ങളുടെ പേരില്‍ സാഹിത്യകാരന്റെ ചിന്താശക്തിയേയും പ്രതിഭയേയും തളച്ചിടുന്നത് ഒട്ടും ആശാസ്വമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു. വലിച്ചുവാരി എന്തും സ്വാതന്ത്യ്രത്തിന്റെ പേരിലെഴുതി സമൂഹത്തില്‍ വിഷവിത്തുകള്‍ വിതക്കരുത്. സാഹിത്യം നശിപ്പിക്കരുത്. സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി വേണം സൃഷ്ടികള്‍ രൂപപ്പെടുത്താന്‍. മനുഷ്യരുടെ വിലയേറിയ സമയം കൊല്ലാനായി ഒരു കഴമ്പും വിലയുമില്ലാത്തത് എഴുതരുത്. സാഹിത്യത്തിന്റെ പേരില്‍ സമൂഹമനസ്സുകളിലേക്ക് വെറും പൈങ്കിളികളേയും മഞ്ഞക്കിളികളേയും തുറന്നു വിടരുത്. അതുമാതിരി ഉത്തമകൃതികളുടെ രചനകള്‍ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക പോലുമരുത്. സാഹിത്യവും കൃതികളുടെ രചനകളും ഒരു കൂട്ടിലിട്ട തത്ത പോലെയും ആക്കരുതെന്ന് തുടങ്ങി വൈവിധ്യമേറിയ അഭിപ്രായങ്ങള്‍ ചര്‍ച്ചകളില്‍ മുഴങ്ങിക്കേട്ടു. എഴുത്തുകാരും ഭാഷാസ്നേഹികളുമായ മാത്യു മത്തായി, ജോസഫ് പുന്നോലി, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഏ.സി.ജോര്‍ജ്, ദേവരാജ് കുറുപ്പ്, ഡോക്ടര്‍ മാത്യു വൈരമണ്‍, ബി. ജോണ്‍ കുന്തറ, വല്‍സന്‍ മഠത്തിപറമ്പില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തി. ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന് എന്നിവര്‍ പിതൃദിനം ആഘോഷിക്കുന്ന ആ ദിവസത്തില്‍ തന്നെ എല്ലാ പിതാക്കള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.