ഡ്രെക്സല്‍ ഹില്‍ (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ക്ലേര്‍ജി കോണ്‍ഫറന്‍സ് ഡ്രെക്സല്‍ ഹില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ സെപ്റ്റംബര്‍ 25 ന് (വ്യാഴം) മുതല്‍ 27 (ശനി) വരെ നടന്നു.
സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ, ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ്, നിരണം ഭദ്രാസന അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ക്ലേര്‍ജി അസോസിയേഷന് സെക്രട്ടറി ഫാ. ഫിലിപ്പ് ടി. ഏബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ് എന്നിവര്‍ നേതൃത്വം നല്കി.
യാമപ്രാര്ഥനകളാലും ആത്മീയപ്രഭാഷണങ്ങളാലും ധ്യാനയോഗങ്ങളാലും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ത്രിദിന കോണ്‍ഫറന്‍സില്‍ ദദ്രാസനത്തിലെ വൈദികര്‍ സംബന്ധിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ, സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രപോലീത്ത, ഫാ. പൗലോസ് ടി. പീറ്റര്‍, ഫാ. പോള്‍ ചെറിയാന്, ഫാ. വിജയ് തോമസ് തുടങ്ങിയവര്‍ ആത്മീയപ്രഭാഷണങ്ങള്‍ നയിച്ചു.
ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി അലുംമിനി അസോസിയേഷന് മീറ്റിംഗ്, ബസ്ക്യാമ്മ ഫെലോഷിപ്പ് മീറ്റിംഗ് എന്നിവയും നടന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ ലോംഗ് വുഡ് ഗാര്‍ഡനില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. വൈദികര്‍ക്കും ബസ്ക്യാമ്മന്മാര്ക്കുമായി കുമ്പസാരത്തിനും ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് കോണ്‍ഫറന്‍സ് സമാപിച്ചത്. സെന്റ് ജോണ്‍സ് ഇടവക വികാരി സിബി വര്‍ഗീസ്, സെക്രട്ടറി നൈനാന് ജെ. പൂവത്തൂര്‍, ട്രസ്റ്റി തോമസ് തൊമ്മന് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments