ഡാലസ് . ആര്‍ച്ച് ബിഷപ്പ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്താ, ഡിസംബര്‍ 14-ാം തിയതി ഞായറാഴ്ച ഡാലസ് സെന്റ് തോമസ് ക്നാനായ യാക്കോബായ പളളിയില്‍ വെച്ച് രണ്ട് ശെമ്മാശന്മാരെ പൌരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തുന്നു.
1997 മുതല്‍ കോറൂയോ ആയും 2013 പൂര്‍ണ്ണ ശെമ്മാശന് ആയും പട്ടം നല്കപ്പെട്ട എഴുമായില്‍ എബി കുറിയാക്കോസ് എബ്രഹാം ശെമ്മാശനും 2005 ല്‍ കോറൂയോ ആയും 2013 ല്‍ പൂര്‍ണ്ണ ശെമ്മാശന് ആയും പട്ടം നല്കപ്പെട്ട ചരിവുപറമ്പില്‍ എബ്രഹാം സഖറിയാ (ജെക്കു സഖറിയ) ശെമ്മാശനും ആണ് വൈദിക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍. ഡിസംബര്‍ 14 ഞായറാഴ്ച രാവിലെ 9ന് ഇടവക മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്ബാനായിലും പട്ടംകൊട ശുശ്രൂഷയിലും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു ചേരുന്ന വൈദിക ശ്രേഷ്ഠരും, വിശ്വാസികളും പങ്കു ചേരുന്നതായിരിക്കും.
ശുശ്രൂഷാനന്തരം കൂടുന്ന സമ്മേളനത്തില്‍, ഈ മാസം എട്ടാം തിയതി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം ലഭിച്ച സില്‍വാനോസ് തിരുമേനിക്കും വൈദികര്‍ക്കും അനുമോദന ആശംസകള്‍ നല്കപ്പെടുന്നതാണ്. പൊതു സമ്മേളനത്തില്‍ വൈദികശ്രേഷ്ഠരും ഇടവക പ്രതിനിധികളും സംസാരിക്കുന്നതാണ്. സമ്മേളനത്തിനോടനുബന്ധിച്ച് 2015 ജൂലൈയില്‍ നടത്തപ്പെടുന്ന ക്നാനായ ഫാമിലി കണ്‍വന്‍ഷന്‍െറ കിക്കോഫ് ചടങ്ങുകള്‍ അഭിവന്ദ്യ തിരുമേനി നിര്‍വ്വഹിക്കുന്നതാണ്. തദനന്തരം സ്നേഹ വിരുന്ന് നടത്തപ്പെടുന്നതാണ്. ഇടവക വികാരി ഫാ. എം. എസ്. ചെറിയാന് കോര്‍ എപ്പിസ്കോപ്പാ മൂഴിയില്‍ അറിയിച്ചതാണിത്.
Comments