ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ടോമി അംബേനാട്ട് പ്രസിഡന്റായുള്ള പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് 5.30-ന് എലൈറ്റ് കേറ്ററിംഗ് ഒരുക്കിയ സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കണിയാലി ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ ക്രിസ്തുമസ് -പുതുവത്സര സന്ദേശം നല്കി. ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിജി. സി. മാണി ആയിരുന്നു പൊതുയോഗത്തിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചത്. വൈസ് പ്രസിഡന്റ് ജെസി റിന്‍സി സ്വാഗതവും, ജോയിന്റ് സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു. പൊതുയോഗത്തിനുശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്തുമസ് കരോളോടെ കലാപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ഷിക്കാഗോയിലെ പ്രസിദ്ധ ഡാന്‍സ് കോറിയോഗ്രാഫര്‍ ജിനു വര്‍ഗീസ്, സൂര്യ (ഡാന്‍സ് അക്കാഡമി), ചിന്നു തോട്ടം (ശിങ്കാരി സ്കൂള്‍ ഓഫ് റിഥം), ജനകീ രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ കോറിയോഗ്രാഫി നിര്‍വഹിച്ച ഡാന്‍സ് പരിപാടികള്‍ അങ്ങേയറ്റം നിലവാരം പുലര്‍ത്തി. ഷിക്കാഗോയിലെ പ്രസിദ്ധ ഗായകരുടെ സംഗീതവിരുന്നുകള്‍ കലാപരിപാടികള്‍ക്ക് കൊഴുപ്പേകി. ജൂബി വള്ളിക്കളം, ഫിയോന മോഹന്‍ എന്നിവര്‍ കലാപരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചു. അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഒന്നടങ്കം വിവിധ കമ്മിറ്റികളായി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. നിലവാരമുള്ള കലാപരിപാടികള്‍, ചിന്തോന്മുഖമായ ക്രിസ്തുമസ്- പുതുവത്സര സന്ദേശം, സമയാധിഷ്ഠിത രുചികരമായ സ്നേഹവിരുന്ന് എന്നിവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണോജ്വലമായി മാറി.
Comments