ഉണ്ണി പി നായര്‍
വിശ്വസിക്കാവുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കേരളത്തിലെ രാഷ്ട്രീയക്കാരുടെ അഹങ്കാരത്തിന്റെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളയാള്‍- ഇടംവലം നോക്കാതെ അഴിമതിക്കെതിരേ പൊരുതുമ്പോള്‍ ഒരു സാധാരണ മലയാളിയുടെ മനസില്‍ ഉലകനായകന്റെ പരിവേഷമായിരുന്നു ജേക്കബ് തോമസിന്. രാഷ്ട്രീയ നേതാക്കളെല്ലാം തള്ളിപ്പറഞ്ഞപ്പൊഴും കേരളജനത ഈ ഐപിഎസുകാരന് കൈയടിച്ചു- പറഞ്ഞതെല്ലാം വിശ്വസിച്ചു.
ഇനി കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞത് ഒന്നു വായിക്കാം.
' ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ. ഈ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് സത്യത്തെക്കുറിച്ച് എഴുതിയതു കണ്ട് സഹതപിക്കുന്നു. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജേക്കബ് തോമസിന് അച്ചടക്കമുണ്ടെന്ന് കരുതാനാവില്ല. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോള്‍ കേസെടുക്കുന്നില്ല'.
ആര്‍ക്കുവേണ്ടിയാണ് ജേക്കബ് തോമസ് താങ്കള്‍ കള്ളത്തരം കാണിച്ച് എഫ്.ഐ.ആര്‍ താറാക്കിയത്. ആര്‍ക്കുവേണ്ടിയാണ് മുന്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ആര്‍ക്കുവേണ്ടിയാണ് മാധ്യമങ്ങളില്‍ നിറഞ്ഞാടി ഹീറോയാകാന്‍ ശ്രമിച്ചത്?
സര്‍വിസില്‍ ഇരിക്കെ ഉമ്മന്‍ ചാണ്ടിസര്‍ക്കാറിനെതിരേ തിരിഞ്ഞാണ് താങ്കള്‍ ജനശ്രദ്ധനേടുന്നത്. എന്നാല്‍ അതു പ്രതിപക്ഷത്തിന്റെ പിന്‍തുണയോടെയായിരിക്കും എന്നു ചിലരെങ്കിലും കരുതി. എന്നാല്‍ പിണറായി സര്‍ക്കാറിലും താങ്കള്‍ ഭരണപക്ഷത്തിന്റെ കണ്ണിലെ കരടായി. അതൊക്കെ ഒരുതരത്തില്‍ ജനം രാഷ്ട്രീയക്കാരന്റെ അഴിമതിക്കു കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് നിങ്ങളെ തട്ടിക്കളിക്കുന്നതെന്നു വിശ്വസിച്ചു. എന്നാല്‍ തുടരെ തുടരെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടാകുമ്പോള്‍ ഇനിയും നിങ്ങളോടൊപ്പം ചേരാന്‍ കേരള ജനങ്ങള്‍ക്കാവില്ല.
ഹൈക്കോടതി പാരാമര്‍ശങ്ങളുടെ ഒരോ വാചകത്തിനും താങ്കള്‍ക്കു മറുപടി പറയേണ്ടി വരും കേരളത്തിലെ ജനങ്ങളോട്. അല്ലെങ്കില്‍ നിങ്ങളില്‍ കള്ളമുണ്ടെന്നു ജനം വിശ്വസിക്കും. നിങ്ങള്‍ അച്ചടക്കമില്ലാത്തവനെന്നു ജനം കരുതും. നിങ്ങള്‍ അവസരവാദിയെന്നു ജനം മുദ്രകുത്തും.
വെറും ഷോ നടത്തി എത്രകാലം ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ പറ്റും. ഒന്നു ചിന്തിക്കുന്നതു നല്ലതാണ്.
Comments