കേരള ജനതയെ നിശ്ചലമാക്കി സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നഗരങ്ങളിലും തിരുവനന്തപുരം ജില്ലയിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നതുകൊണ്ട് അത്ര കാര്യമായ ബുദ്ധിമുട്ടില്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥിതി പരിതാപകരമാണ്.
നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം അവസാനിപ്പിക്കാത്ത ബസുടമകളുടെ നടപടി അങ്ങേയറ്റം ക്രൂരവും സര്‍ക്കാറിനോടുള്ള വെല്ലുവിളിയും ആണ്. പെര്‍മിറ്റ് നല്‍കുമ്പോള്‍ അവര്‍ ഒപ്പിട്ടുനല്‍കുന്ന കരാറിന്റെ നഗ്നമായ ലംഘനവുമാണ്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കാത്തതാണ് ബസ് ഉടമകളുടെ ഇപ്പോഴത്തെ പ്രശ്‌നം.
ബസ് ഉടമകളുടെ ധാര്‍ഷ്ട്യം കേരളസര്‍ക്കാര്‍ വച്ചു പൊറുപ്പിക്കരുത്. അര ബസ് ഉള്ളവനും ഒരു ബസ് ഉള്ളവനും ഒക്കെയാണ് നേതൃനിരയില്‍ ഇരുന്ന് കേരളത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്നത്. ബസ് നിരക്ക് ഒരു രൂപ കൂട്ടിയത് ഓര്‍ഡിനറി ബസുകള്‍ക്ക് ആശ്വാസമായ തീരുമാനം ആണെന്നിരിക്കെ ഇവര്‍ കുഴലൂതുന്നത് അന്യസംസ്ഥാന ബസ് ലോബിക്ക് വേണ്ടിയാണ്. കേരളത്തില്‍ ഓടുന്ന ദീര്‍ഘദൂര ബസുകളില്‍ 90 ശതമാനവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുതലാളിമാരുടേതാണ്. തങ്ങളുടെ നാട്ടില്‍ ബസോടിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കിയാണ് അവര്‍ കേരളത്തില്‍ ഇത്തരം അരനേതാക്കളെ മുന്‍നിര്‍ത്തി ചൂഷണം ചെയ്യുന്നത്.
സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് പരിതാപകരമാണ്. ബസുകള്‍ പിടിച്ചെടുക്കാനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിക്കണം. പിടിച്ചെടുത്ത ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കട്ടേ
ബസ് നിരക്ക് വര്‍ധിപ്പിച്ച തമിഴ്‌നാട്ടില്‍ കഴിഞ്ഞ മാസം ജനങ്ങള്‍ നേരിട്ട് തെരുവിലിറങ്ങി. ബസുകള്‍ തടഞ്ഞിട്ട അവര്‍ക്കുമുന്നില്‍ സര്‍ക്കാറിനും രക്ഷയില്ലാതായി. ചാര്‍ജ് വര്‍ധന പിന്‍വലിച്ചു.
കെഎസ്ആര്‍ടിസിക്ക് ഇതു കൊയ്ത്തുകാലമാണ്. ഒരു ദിവസത്തെ ശരാശരി വരുമാനം 7 കോടിയിലധികമാണ്. അതായത് 3 കോടി രൂപയോളം ദിവസം കൂടുതല്‍ . കൂടുതല്‍ സ്വകാര്യബസുകള്‍ പിടിച്ചെടുത്ത് ഓടിച്ചാല്‍ പെന്‍ഷന്‍ കൊടുക്കാനുള്ള പണമെങ്കിലും കിട്ടും. അതിനു മാനേജ്‌മെന്റ് തയാറായാല്‍ നല്ലത്.
Comments