മുന്‍ മന്ത്രി കെ.എം. മാണിയുടെ ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ അക്രമസംഭവത്തില്‍ പങ്കാളിയായത് തെറ്റായിപ്പോയെന്ന കുറ്റസമ്മതവുമായി മന്ത്രി കെ.ടി. ജലീല്‍. സ്പീക്കറുടെ വേദി തകര്‍ത്തതടക്കമുള്ള സംഭവത്തില്‍ അധ്യാപകനായ താന്‍ പങ്കെടുത്തതില്‍ അധ്യാപകസമൂഹത്തോടും വിദ്യാര്‍ഥികളോടും ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പുറത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അധ്യാപകനല്ലാത്ത ജനപ്രതിനിധിക്ക് സമരമുറയുടെ ഏതറ്റം വരെയും പോകാം. അതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ, അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാത്തിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതില്‍ തികഞ്ഞ കുറ്റബോധമുണ്ട്. അതിന്റെ പേരില്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും ക്ഷമാപണം നടത്തുന്നു- ജലീല്‍ പറഞ്ഞു.
2015 മാര്‍ച്ച് 13നു അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിച്ചതാണ് ലോകം മുഴുവന്‍ മലയാളിക്ക് നാണക്കേടുണ്ടാക്കിയത്.
അന്ന് പ്രതിപക്ഷ എം.എല്‍.എ.മാരായിരുന്ന ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
സ്പീക്കറെ തടയുകയും സ്പീക്കറുടെ കസേര എടുത്തു താഴേക്കിടുകയും ഡയസിലെ കമ്പ്യൂട്ടര്‍ തകര്‍ക്കുകയും ഇരിപ്പിടങ്ങളിലെ മൈക്കുകള്‍ കേടാക്കുകയും ശ്രവണസഹായികള്‍ നശിപ്പിക്കുകയും ചെയ്തു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടിയത്. അന്ന് അതിക്രമത്തിനു മുന്‍പില്‍ ഉണ്ടായിരുന്നയാളാണ് ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്ന് അക്രമം കാട്ടിയവരില്‍ ശിവന്‍കുട്ടി, കെ. അജിത്ത്, കുഞ്ഞഹമ്മദ് എന്നിവര്‍ ഇത്തവണ നിയമസഭയിലെത്തിയതുമില്ല.
ഇതു സംബന്ധിച്ച് ക്രൈംബാഞ്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ആറു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്തു.
മന്ത്രി ജലീല്‍ കേരളസമൂഹത്തോട് മാപ്പ് അപേക്ഷിച്ചെങ്കിലും മറ്റുള്ളവര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ല.
Comments