മലപ്പുറം: മന്ത്രിപ്പണിക്കുശേഷം അധ്യാപനം തുടരാന്‍ ആഗ്രഹിക്കുന്നതായി മന്ത്രി കെടി ജലീല്‍. തവനൂര്‍ മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത പുറത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല 'പൂമരം' എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. അധ്യാപകന്റെ നിയന്ത്രണ രേഖകള്‍ രാഷ്ട്രീയക്കാരനെന്ന നിലയില്‍ ലംഘിച്ചതിന് അധ്യാപകരോടും വിദ്യാര്‍ഥികളോടും മന്ത്രി പരസ്യമായി മാപ്പിരന്നു.
കോളജ് അധ്യാപകനെന്ന നിലയിലെ 12 വര്‍ഷം മറക്കാനാകാത്തതാണെന്നും മന്ത്രിപ്പണിക്കു ശേഷം കോളജിലേക്ക് മടങ്ങണമെന്നും അധ്യാപകനായി വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ജലീല്‍ പറഞ്ഞു.
അധ്യാപകനായി റിട്ടയര്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകവൃത്തിയുടെ ആകര്‍ഷണീയതയും സംതൃപ്തിയും ഒന്ന് വേറെത്തന്നെയാണ്. നിയമസഭയിലെ സംഭവത്തിന് ശേഷം ഏതൊരു വിദ്യാലയത്തിന്റെ മുറ്റത്തെത്തുമ്പോഴും അവിടുത്തെ സദസ്സിനെ അഭിമുഖീകരിക്കുമ്പോഴും വല്ലാത്തൊരു മാനസിക സംഘര്‍ഷം തന്നെ വേട്ടയാടാറുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആ കൃത്യത്തിന്റെ പേരില്‍ പിതാവില്‍ നിന്ന് ശകാരം ഏറ്റുവാങ്ങേണ്ടി വന്നതും അദ്ദേഹം ഓര്‍മിച്ചു. അടിമുതല്‍ മുടിവരെ ഒരധ്യാപകനാകാന്‍ കഴിയുന്നയാള്‍ക്കേ വിദ്യാര്‍ഥികളാല്‍ ഓര്‍മിക്കപ്പെടുന്ന ഗുരുനാഥനാകാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.
Comments