You are Here : Home / Editorial

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, May 26, 2017 11:13 hrs UTC

വിവിധ മേഖലകളില്‍ അര്‍പ്പണ ബോധത്തോടു കൂടി ജീവിതകാലം മുഴുവന്‍ തനതായ സംഭാവന നല്‍കിയവര്‍ക്കു നല്‍കുന്ന ഒരു ബഹുമതിയാണ് 'Life Time Achievement Award' അവാര്‍ഡു നല്‍കുന്ന സംഘടനയ്ക്കും, സ്വീകരിയ്ക്കുന്ന വ്യക്തിക്കും അതിനു യോഗ്യതയില്ലെന്നു തോന്നിയാല്‍, അതിനു മുട്ടനാടിന്റെ കഴുത്തിലെ മുലയുടെ വിലയേ ഉള്ളൂ. പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെങ്കിലും വെറുതെ ഞാത്തിയിട്ടു കൊണ്ടു നടക്കാം. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പലരും കൂടി ഏറിയതു കൊണ്ടു പുഴു അരിച്ചും, ചിതലരിച്ചും മണ്ണോടു മണ്ണു ചേര്‍ന്നു. അവശേഷിക്കുന്ന ചിലര്‍ വാതം, കഫം, പിത്തം, മുതലയായവയുടെ അസന്തുലിതാവസ്ഥ കാരണം കൈകാല്‍ കഴപ്പ്, കാഴ്ചക്കുറവ്, നടുവുവേദന, നാഡിക്ഷയം, ഏകാന്തത, നൈരാശ്യം തുടങ്ങിയ ചില വാര്‍ദ്ധക്യകാല അവശതകളുമായി ശിഷ്ടായുസ് തള്ളി നീക്കുകയാണ്.

 

 

 

 

ഇക്കൂട്ടത്തില്‍ പെട്ട ആരെങ്കിലും ഏതെങ്കിലും മേഖലയില്‍ വല്ല നക്കാപിച്ച ഇടപാടും നടത്തിയിട്ടുണ്ടെങ്കില്‍, അവരെ തിരഞ്ഞു പിടിച്ചു ഒന്നു ആശ്വസിപ്പിക്കുവാന്‍ വേണ്ടിയാണോ, ഈ ആ ജീവാനാന്ത അവാര്‍ഡ് ഈ അടുത്ത കാലത്തായി മലയാളി സംഘടനകള്‍ എടുത്തു വീശുന്നത് എന്നെനിക്കു സന്ദേഹമുണ്ട്. ഷഷ്ഠിപൂര്‍ത്തിയ്ക്കു പൊന്നാട, സപ്തദിക്കു പൊന്നാട, ശതാബ്ദിക്കു പൊന്നാട-അങ്ങിനെ ആടകളുടെ ഒരു വിളയാട്ടവും നടക്കുന്നുണ്ട്. ഇതിനു പ്രത്യേകിച്ച് കോളിഫിക്കേഷന്‍സ് ഒന്നും വേണ്ടാ. വയസ്സറിയിച്ചാല്‍ മതി. പള്ളിക്കാരു ബാക്കി കാര്യം ഏറ്റെടുത്തു കൊള്ളും. അവാര്‍ഡു കമ്മറ്റിക്കാരുടെ സ്വന്തക്കാരേയും ബന്ധക്കാരേയും ഈ ആ ജീവനനാന്ത ത്തില്‍ തിരുകി കയറ്റുന്നുണ്ട്. ഒരു പ്രത്യേക വ്യക്തിക്ക് ഒരു സംഘടന 'ആയുഷ്‌ക്കാല' അവാര്‍ഡ് നല്‍കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. ഈ സംഘടന കുളമാക്കുവാന്‍ താങ്കള്‍ ഒളിഞ്ഞും തെളിഞ്ഞും കഴിവുള്ളതെല്ലാം ചെയ്തു കഴിഞ്ഞു.

 

 

 

 

 

ഇനി ഇവിടെ നടക്കുന്ന പരിപാടികള്‍ അലങ്കോലപ്പെടുത്തുവാന്‍ ഇങ്ങോട്ട് എഴുന്നെള്ളരുത്. ഇനിയുള്ള കാലം താങ്കളെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്ന തിരിച്ചറിവു കൊണ്ടാണ് ഈ ഒരു 'ആയുഷ്‌ക്കാല ബഹുമതി' തന്ന് ഒരു കോണില്‍ ഒതുക്കുന്നത്. കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ക്കാണു സാധാരണ ഈ 'ആജീവനന്ത' അവാര്‍ഡ് നല്‍കുന്നത്. അതായത് ഈ അവാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ ഈ ദുനിയാവില്‍ നിന്നും മറ്റൊരു അവാര്‍ഡും കിട്ടുകയില്ല. അക്കരക്കു പോകുവാന്‍ റെഡി ആയിക്കൊള്ളണം എന്നു meaning. ചുക്കു ഏതോ, ചുണ്ണാമ്പ് ഏതാ എന്നു തിരിച്ചറിയാതെ ഈ അവാര്‍ഡ് സ്വീകരിച്ചവര്‍ക്കെല്ലാം എന്റെ അനുശോചനം. ഭാവിയില്‍ ഇതിനു വേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവര്‍ കരുതലോടെ ഒഴിഞ്ഞു മാറിയാല്‍ അവരും അവരുടെ കുടുംബവും രക്ഷപ്പെടും. ആമീന്‍' (കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന പഴഞ്ചൊല്ലാണോ ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്നൊരു സംശയം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.